ടൂറിന്റെ അഞ്ചാം ദിവസം ഞാൻ ഉച്ചയ്ക്ക് ഉദരപൂജ കഴിഞ്ഞ് ഹോട്ടലിന്റെ ലോബിയിൽ ഇരവിഴുങ്ങിയ പെരുമ്പാമ്പ് പോലെ ക്ഷീണിതനായി ഇരിക്കുകയായിരുന്നു.
വെജ്, നോൺവെജ് എല്ലാംകൂടി ഒരുമിച്ച് വിഴുങ്ങിയതിന്റെ ക്ഷീണം തീർക്കാൻ ഞാൻ ടീ ടേബിളിൽ കിടന്ന കാർലോസ് ടൂർസ്ന്റെ ബ്രോഷർ വെറുതെ മറിച്ചുനോക്കിക്കൊണ്ടിരുന്നു.
ഇടയ്ക്ക് വെറുതെ ഒന്ന് തലയുയർത്തിനോക്കിയതാണ്.
കുറച്ചുമാറി അപ്പുറത്തെ സോഫയിലിരുന്ന് കുട്ടിനിക്കറിട്ട രണ്ട് സ്പാനിഷ് തടിയൻമാർ എന്നെ ശ്രദ്ധിച്ചുകൊണ്ട് എന്തോ കുശുകുശുക്കുന്നതാണ് ഞാൻ കണ്ടത്.
എന്റെ കണ്ണും അവരുടെ കണ്ണുകളും തമ്മിൽ കൂട്ടിമുട്ടിയപ്പോൾ പെട്ടെന്ന് ഒന്നുമറിയാത്തപോലെ അവർ നോട്ടം പിൻവലിച്ചു.
അതിൽ അസ്വഭവാകിത ഒന്നും തോന്നാതെ ഞാൻ വീണ്ടും കാർലോസ് ടൂർസ്ന്റെ ഡോൾഫിൻ വാച്ചിങ്ങിനെക്കുറിച്ച് അൽപ്പം വായിച്ചിട്ട് വീണ്ടും വെറുതെ തല ചെരിച്ചു ഡാവിൽ അവന്മാരെ ഒളികണ്ണിട്ടു നോക്കി. അപ്പോൾ അവർ വീണ്ടും എന്നെ നോക്കി കുശുകുശുക്കുന്നതാണ് കണ്ടത്.
ഇപ്പോൾ അൽപ്പം പേടി, ട്രൈയിനേർസ് ഇട്ടിരുന്ന എന്റെ കാലിന്റെ അടിയിൽ കൂടി കുറേശ്ശേ അരിച്ചരിച്ചു മേൽപ്പോട്ട് കേറാൻ തുടങ്ങി. കൊഴുത്ത സ്പാനിഷ് കാളക്കുട്ടന്മാരെപ്പോലെ ദേഹംമുഴുവൻ മസിലുകൾ വാരിയണിഞ്ഞ ഇവന്മാർ എന്നെ തട്ടിക്കൊണ്ടു പോകാനോ മറ്റോ പ്ലാനിടുകയായിരിക്കുമോ?അതിലൊരുത്തന്റെ സ്പാനിഷ് മോഡൽ ഇടി താങ്ങാൻ എന്റെ ശരീരം തീരെ പോരാ.
പതിനഞ്ചു പൗണ്ടിനു വാങ്ങിയ ഒരുവരയൻഷർട്ടും ഇരുപതു പൗണ്ടിന്റെ നിക്കറും ഇട്ടിരിക്കുന്ന എന്നെക്കണ്ടാൽ ഒരു പൈസക്കാരൻ ആണെന്ന് ഈ മണ്ടന്മാർക്ക് തോന്നാൻ ഓരോയൊരു കാരണമേയുള്ളു.
പത്തു പൗണ്ടിനു ലണ്ടൻ വഴിയോര കച്ചവടക്കാരനോട് വാങ്ങി കയ്യിൽ കെട്ടിയിരിക്കുന്ന ഗോൾഡൻ നിറമുള്ള പാളുപളാ തിളങ്ങുന്ന മുട്ടൻ ഡ്യൂപ്ലിക്കേറ്റ് വാച്ച്.
ആ ഒരു ഐറ്റം കണ്ട് എന്തോ വിലകൂടിയ വാച്ച് ആണെന്ന് വിചാരിച്ച് ഞാൻ ലക്ഷ്മി മിറ്റലോ, അംബാനിയുടെയോ, ടാറ്റയുടെയോ കുടുംബക്കാരനോ ആണെന്ന് ഈ തടിയൻമാർ തെറ്റിധരിച്ചിരിക്കുകയാണ്. ഒരു വിദേശ രാജ്യത്ത് വച്ച് കൊട്ടേഷൻ ടീം നമ്മളെ പൊക്കണം എന്ന് വച്ചാൽ കോഴിക്കുഞ്ഞിനെ പരുന്ത് കൊണ്ടുപോകുന്നപോലെയേ ഉള്ളു.
ഒരിക്കൽ നമ്മളെ നോട്ടമിട്ടുകഴിഞ്ഞാൽ പിന്നെ കൊട്ടേഷൻ ടീമിൽ നിന്നും രക്ഷപെടുക വലിയ ബുദ്ധിമുട്ടാണ് എന്ന് ഇതുപോലത്തെ തീം ഉള്ള ഇംഗ്ലീഷ് പടങ്ങൾ ധാരാളം കണ്ടിട്ടുള്ള എനിക്കറിയാം.
ഇപ്പൊ എന്താണ് ചെയ്യേണ്ടത്?
അവന്മാരുടെ അടുത്തുചെന്ന് ഒരു “ഹോല” പറഞ്ഞിട്ട് കയ്യിലെ പേഴ്സ് തുറന്നുകാണിച്ചു അതിൽ ഇരിക്കുന്ന വെറും നാൽപ്പത്തിയഞ്ച് യൂറോ കാണിച്ചിട്ട് അറിയാവുന്ന ഇംഗ്ലീഷിൽ “നിങ്ങൾ എന്നെ തെറ്റിദ്ധരിച്ചിരിക്കുകയാണ്, ഞാൻ നിങ്ങൾ ഉദ്ദേശിക്കുന്ന ആളല്ല, ഇതേ.. ഇത്രേയുള്ളൂ എന്റെ കയ്യിൽ”
എന്ന് പറഞ്ഞാലോ?
എന്ത് ചെയ്യണം എന്നോർത്ത് ഞാൻ വിയർത്തു.
മിന്നുന്ന ഈ പന്നവാച്ച് മേടിച്ചു ഷോ കാണിക്കാൻ തോന്നിയ നിമിഷത്തെ പഴിച്ച് ചിന്താക്കുഴപ്പത്തിലായി വിഷമിച്ചിരിക്കുമ്പോൾ ആ തടിയന്മാർ എഴുന്നേറ്റ് എന്റെ അടുത്തേയ്ക്ക് വരുന്നുതാണ് കണ്ടത്.
ഹോട്ടൽ റിസപ്ഷനിൽ റിപ്പോർട്ട് ചെയ്താലോ എന്ന് വിചാരിച്ചു ഞാൻ തലഉയർത്തി അങ്ങോട്ട് പോകാനായി എഴുന്നേൽക്കാൻ തുടങ്ങിയപ്പോഴേയ്ക്കും അവന്മാർ എന്റെ അടുത്ത് ഇതാ എത്തിക്കഴിഞ്ഞു.
“ഓല” എന്നും പറഞ്ഞുകൊണ്ട് ഒരുത്തൻ എന്റെ നേരെ ഷേക്ക് ഹാൻഡ് തരാൻ കൈ നീട്ടി. കയ്യിൽ പിടിച്ചിട്ട് വലിച്ചു നിലത്തിട്ടു മുതുകത്തു ചവിട്ടാനാകുമോ പ്ലാൻ ?
ഹോട്ടൽ റിസപ്ഷനിൽ അല്ലേ, പേടിക്കാതെ കൈകൊടുക്കാമായിരിക്കും, അവന്മാരെ തല്ക്കാലം പിണക്കണ്ട എന്ന് കരുതി ഞാൻ ഉള്ളിൽ തുളുമ്പിയ പേടി ഒതുക്കി അവർക്ക് കൈകൊടുക്കുമ്പോൾ എന്റെ കൈ വിറച്ചത് അവർക്ക് പിടികിട്ടിയോ എന്തോ?
“യു ഇന്ത്യ?” വട്ടമുഖവും ഉരുണ്ട കണ്ണുകളും ഉള്ള കൂട്ടത്തിലെ കുള്ളൻ ലോഹ്യം ഭാവിച്ചുകൊണ്ട് എന്നോട് ഒരു ചോദ്യം.
“ഐ…നോ ഇന്ത്യ, ബട്ട് ഐ ആം ഫ്രം ഇന്ത്യ.” ഞാൻ നേര് പറയാതിരുന്നിട്ട് കാര്യമില്ലല്ലോ.
ഉടനെ അടുത്ത ചോദ്യം വന്നു.
വെയർ ഇന്ത്യ, കുർള?
ഞാൻ പറഞ്ഞു “നോട്ട് കുർള, കേരള.” എന്റെ ഈ ഉത്തരം കേട്ടപ്പോൾ അവന്മാര് തമ്മിൽ മുഖത്തോട് മുഖം നോക്കി, നമ്മൾ വിചാരിച്ചതുതന്നെ എന്ന അർത്ഥത്തിൽ തലയാട്ടി.
അപ്പോൾ രണ്ടാമത്തെയാൾ മൂക്കുനീണ്ട് കവിളൊട്ടിയന്റെ ഊഴമായി. അവൻ എന്നോട് ചോദിച്ചു.
“ങ്ഹാ.. കേരള…കറക്ടറ്റോ. യു, വിഴിഞ്ചം പോർട്ട്, ഷിപ്പ്, ഷിപ്പ്?”
അയ്യോ, യെസ്, യു നോ വിഴിഞ്ഞം?
ഐ കാൻഡ് ബിലീവ്!
ഈയിടെ തുടങ്ങിയ വിഴിഞ്ഞം പോർട്ട് നെക്കുറിച്ച് Tenerife ൽ ഉള്ള സ്പാനിഷ് ഗുണ്ടകൾ എങ്ങനെയറിഞ്ഞു? ഞാൻ അതിശയിച്ചു!
ഹോ, ഗുണ്ടകളുടെ രാജ്യന്തര നെറ്റ്‌വർക്ക് അപാരം തന്നെ.
അല്ല, എന്താണ് ഇവന്മാരുടെ ഉദ്ദേശം?
എന്നെ കിഡ്നാപ്പ് ചെയ്ത് വിഴിഞ്ഞം വഴി കഞ്ചാവ് കാരിയർ ആക്കാനായിരിക്കുമോ? അതോ ഇവിടുന്ന് മയക്കുമരുന്ന് അങ്ങോട്ട് തന്നുവിടാനാവുമോ, രണ്ടായാലും കൊഴയും.
എന്നാൽപ്പിന്നെ ഇവന്മാർക്ക് കോഴിക്കോട്ടെയ്ക്ക് പത്തുകിലോ സ്വർണ്ണം തന്നുവിട്ടൂകൂടെ? അതാണേൽ എത്രയോ പേര് ഒരു കുഴപ്പവും കൂടാതെ നിത്യേന ചെയ്യുന്നു?
ദൈവമേ, ഏത് നേരത്താണ് ഇവിടെ റീസെപ്ഷനിൽ വന്നിരിക്കാൻ എനിക്ക് തോന്നിയത്. ഒന്നുപറഞ്ഞു രണ്ടാമത് തോക്കെടുക്കുമോ, അതോ കത്തിയൂരുമോ? ഇതിൽ ആരായിരിക്കും അത് ചെയ്യുക?
ഒരു സെക്കൻഡിൽ നൂറുതരം ദുർവികാരങ്ങൾ എന്റെ മനസ്സിൽകൂടി കോലം തുള്ളുകയാണ്. എന്തു പറയണം?
അപ്പോൾ എന്റെ മറുപടി കാത്തിരുന്ന ഉണ്ടക്കണ്ണൻ പറയുകയാണ്, യു നോ മൈ “കുആൻണ്ടോ”
വിഴിഞ്ചം ഷിപ്പ് കമിംഗ്, ലാസ്റ്റ് മന്ത്.
എന്ത്? കുന്ത്രാണ്ടമോ?
ഞാൻ ശാന്തത അഭിനയിച്ചുകൊണ്ട് ചോദിച്ചു. വാട്ട് കുന്ത്രാണ്ടം?
ഒന്നാമത് എനിക്ക് ഇവന്മാരുടെ പിടിയിൽ നിന്നും രക്ഷപെടാൻ എന്റെ അടുത്ത നീക്കം എന്തായിരിക്കണം എന്ന് പിടികിട്ടുന്നില്ല ആന്നേരമാ അവന്റെ ഒരു കുന്ത്രാണ്ടം.
എന്നാലും എനിക്ക് ഇപ്പോൾ ദുർമുഖം കാണിക്കാൻ പറ്റില്ല, അത് അപകടമാണ്. ഇവിടെ, നമ്മുടെ മോദിജി പറയുമ്പോലെ ഇവിടെ നയതന്ത്രം കൊണ്ടല്ലാതെ രക്ഷയില്ല.
അപ്പോൾ നീണ്ടമൂക്കൻ ഗുണ്ട അവിടെ ഇടപെട്ടു.
നോ കുന്ത്രാണ്ടം “കുആൻണ്ടോ” യു നോ… ഇംഗ്ലീഷ്, മൈ വൈഫ് ബ്രദർ.
ഓ. അതുശരി, ഉണ്ടക്കണ്ണന്റെ അളിയൻ വിഴിഞ്ഞത്ത് ഈയിടെ ഒരു ഷിപ്പിൽ വന്നിട്ടുണ്ടെന്നാണ് ഇവൻ പറയുന്നത്.
അതിനു ഞാൻ എന്ത് വേണം?
ഞാൻ ഓർത്തു.
അന്നേരം ഉണ്ടെടാ വീണ്ടും ഉണ്ടക്കണ്ണൻ ഗുണ്ട പോക്കറ്റിൽ നിന്നും മുഴുത്ത പരിപ്പുവട സൈസിൽ ഉള്ള ഒരു ഉണ്ടക്കല്ല് എടുത്ത് എന്നേ കാണിച്ചുകൊണ്ട് പറയുവാ,
സീ, റോക്കാ, റോക്കാ?
ഇതെന്തുവാ, കല്ല്.
ഇവൻ അതുകൊണ്ട് എന്റെ തലക്കിട്ട് ഇടിക്കാനുള്ള പരിപാടി ആയിരിക്കുമോ?
എന്തായാലും ധൈര്യം വിടാൻ പാടില്ല. പേടിച്ചു എന്ന് കണ്ടാൽ അവന്മാരുടെ വീര്യം കൂടും. എങ്ങാനും ഉപദ്രവിച്ചാൽ ഉറക്കെ കാറുക അപ്പോൾ റിസപ്ഷൻ സ്റ്റാഫ് ഇടപെടും.
രക്ഷപെടാം.
ഇനി റിസപ്ഷനിൽ ഉള്ളവരുംകൂടി ഒത്തു കൊണ്ടാകുമോ ഈ കളി?
ഞാൻ ഇല്ലാത്തധൈര്യം വാരിപ്പിടിച്ചു മറുപടി പറഞ്ഞു.
“ദിസ് ഐ നോ, റോക്ക്…കല്ല്. അല്ലെങ്കിൽ നിങ്ങൾ പറഞ്ഞ റോക്കാ.”
എന്റെ ഈ മറുപടി കേട്ടപ്പോൾ അവർക്ക് എന്തോ ഒരുത്സാഹക്കൂടുതൽ പോലെ.
യു നോ, ഐ ഹേർഡ് വിഴിഞ്ചം സ്പീക്കിങ്, നീഡ്, സോ മുച്ചോ റോക്ക്
ഫോർ, പോർട്ട്.
ഹിയർ, വീ സോ മുച്ചോ റോക്കോ.
കേരള, റോക്കോ എക്സ്പോർട്ട്.
വീ ആൻഡ് യു കമ്പനി റോക്കോ എക്സ്പോർട്ട് കുർള?
അതുശരി. അപ്പോ അതാണ് കാര്യം. വെറുതെ പേടിപ്പിച്ചുകളഞ്ഞല്ലോ പഹയന്മാര്.
വിഴിഞ്ഞം പോർട്ടിനു ധാരാളം കല്ലിന്റെ ആവശ്യം ഉണ്ടെന്ന് അവിടെ ആരോ പറഞ്ഞത് കേട്ടുകൊണ്ട് വന്നിരിക്കുവാ.
ഇവിടെ Tenerife കാര് കല്ല് കൊണ്ട് പൊറുതിമുട്ടുകയാണല്ലോ.
ഇവിടെ ആർക്കും വേണ്ടാത്ത റോക്കാ (rock) കേരളത്തിൽ വിഴിഞ്ഞത്തോട്ട് എക്സ്പോർട്ട് ചെയ്തു യൂറോ ഉണ്ടാക്കാൻ ഇവർക്ക് ഒരു കൂട്ടു കച്ചവടക്കാരനെ വേണം.
എന്റെ ശ്വാസം നേരെ വീണു.
ഞാൻ പറഞ്ഞു.
എന്റെ പൊന്ന് അമീഗോസ് (സൂർത്തുക്കളെ),
ഞാൻ ഒരു പാവം, എനിക്ക് ഇതൊന്നും പറ്റില്ല.
നിങ്ങൾ നിങ്ങളുടെ “കു ആൻണ്ടോ” യോട് പറയൂ.
വിഴിഞ്ഞത്തു ഷിപ്പിൽ ഇനിയും പോകുമ്പോൾ രണ്ടു ദിവസം ലീവ് എടുത്തു കൊച്ചിക്കോ മലബാറിനോ പോകുക.
അവിടെ തപ്പിയാൽ നിങ്ങൾക്ക് ഇതിന് പറ്റിയ ആളെക്കിട്ടും
കേട്ടോ .
അഡിയോസ്…
എന്നാൽ പിന്നെ ഞാൻ അങ്ങോട്ട്……
MD🐎പ്പുറം.



