നെടുമങ്ങാട് വേങ്കവിള കുശർകോട് നീന്തൽ പരിശീലന കേന്ദ്രത്തിലെ കുളത്തിൽ രണ്ട് ആൺകുട്ടികൾ മുങ്ങി മരിച്ചു. 14, 13 വയസ്സുള്ളവരാണ് മരിച്ചത്. കുശർകോട് സ്വദേശികളായ ആരോമൽ (13), ഷിനിൽ (14) എന്നിവരാണ് മരിച്ചത്. നീന്തൽ പരിശീലനം നടത്തുന്ന കുളത്തിന്റെ മതിൽ ചാടികടന്നാണ് കുട്ടികൾ അകത്തുകടന്നത്. ഏഴ് കുട്ടികളാണ് സംഘത്തിലുണ്ടായിരുന്നതെന്നാണ് വിവരം. മൃതദേഹങ്ങൾ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ് .
ഈ പഞ്ചായത്ത് കുളം നീന്തൽ പരിശീലനത്തിന് വേണ്ടി ഉപയോഗിക്കുന്നതാണ്. അനുമതിയില്ലാതെയാണ് കുട്ടികൾ ഇറങ്ങിയതെന്ന് നാട്ടുകാരും ജനപ്രതിനിധികളും പറയുന്നു. ദിവസവും രാവിലെയും വൈകിട്ടുമാണ് ഇവിടെ നീന്തൽ പരിശീലനമുള്ളത്. ഇതിനായി പരിശീലകരെയും പഞ്ചായത്ത് അധികൃതർ നിയമിച്ചിട്ടുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും ഇവിടെ പരിശീലനം നൽകുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു.