ഇന്ന് ചിങ്ങം ഒന്ന്. മലയാളികൾക്ക് ഇന്ന് പുതുവർഷാരംഭമാണ്. പഞ്ഞ കർക്കടകം മാറി ചിങ്ങപ്പുലരി പിറക്കുന്നതോടെ സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും ദിനങ്ങളാണ് ഓരോ മലയാളിയ്ക്കും. കൊല്ലവർഷത്തിലെ പ്രഥമ മാസമാണ് ചിങ്ങം. സൂര്യൻ ചിങ്ങം രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ് ചിങ്ങമാസം. മലയാളികളുടെ പ്രിയങ്കരമായ ഉത്സവമായ ഓണം ചിങ്ങമാസക്കാലത്താണ്. ചിങ്ങമാസം ഒന്നാം തിയ്യതി കർഷക ദിനം കൂടിയാണ്. വർഷത്തിൽ 364 ദിവസവും മറ്റുള്ളവർക്ക് വേണ്ടി അദ്ധ്വാനിക്കുന്ന ഒരു വിഭാഗത്തിന് വേണ്ടി നീക്കിവെയ്ക്കപ്പെട്ട ദിവസം. ചിങ്ങ മാസത്തെ മലയാള ഭാഷാ മാസം എന്നും അറിയപ്പെടുന്നു.
ഓഗസ്റ്റ് – സെപ്റ്റംബർ മാസങ്ങളിലായി ആണ് മലയാളമാസമായ ചിങ്ങം വരിക. ഈ വർഷം ഓഗസ്റ്റ് 17 നാണ് കൊല്ലവര്‍ഷം 1201 ചിങ്ങം ഒന്ന്. ഓഗസ്റ്റ് 16-നു കര്‍ക്കിടകം 31 തികഞ്ഞ് കൊല്ലവര്‍ഷം 1200 അവസാനിക്കും. മലയാളിയുടെ സങ്കല്പത്തിലെ ചിങ്ങമാസം വർണങ്ങളുടേതാണ്. തുമ്പയും മുക്കുറ്റിയും തുടങ്ങി പുഷ്പിക്കുന്ന ചെടികളെല്ലാം മാവേലി തമ്പുരാനെ വരവേൽക്കാൻ അണിഞ്ഞൊരുങ്ങുന്ന മാസം. സ്വർണവർണമുള്ള നെൽക്കതരുകൾ പാടങ്ങൾക്ക് ശോഭ പകരുന്ന കാലം. മഴക്കോളു മാറി മാനം തെളിയുന്നതിന്റെ തുടക്കം. എന്നാൽ ഇന്ന് എല്ലാം സങ്കൽപം മാത്രമാണ്. മഴയും വരൾച്ചയും ഏതു സമയത്താണ് എന്ന് പ്രവചിക്കാൻ പറ്റാത്ത കാലം.
ഭക്തിയുടേയും വിശ്വാസത്തിന്റേയും കൂടി ദിനമാണ് നമുക്കിന്ന്. മലയാള വർഷാരംഭത്തിൽ ക്ഷേത്ര ദർശനം നടത്തുന്നത് ആ വർഷം മുഴുവൻ ഐശ്വര്യം കൊണ്ടുവരുമെന്നാണ് വിശ്വാസം. ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ നടക്കും. ചിങ്ങം ഒന്നിന് പുതിയ കാര്യങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത് ഐശ്വര്യമാണെന്നാണ് പൊതുവെയുള്ള വിശ്വാസം. ചിങ്ങം ഒന്നിനാണ് ഗൃഹപ്രവേശം, പുതിയ സ്ഥാപനങ്ങളുടെ ഉദ്ഘാടനം, പുതിയ വ്യവസായം ആരംഭിക്കല്‍ എന്നിവ കൂടുതല്‍ നടക്കുന്നത്. ചിങ്ങ മാസത്തില്‍ നിരവധി വിവാഹങ്ങളും വീട് പാര്‍ക്കലുകളും നടക്കുന്നു.
കൊയ്‌തെടുത്ത നെല്ലുകൊണ്ട് പത്തായം നിറച്ചിരുന്ന പഴയ കാലത്തിന്റെ ഗൃഹാതുരതയാണ് മലയാളിക്ക് ചിങ്ങമാസം. ഒപ്പം കാണം വിറ്റിട്ടാണെങ്കിലും ഓണമുണ്ണാൻ തയ്യാറെടുപ്പുകൾ നടത്തേണ്ട സമയമായി എന്ന ഓർമ്മപ്പെടുത്തലിന്റേതും. ചിങ്ങം പിറന്നാൽ പിന്നെ എവിടെയും പൂക്കൾ കൊണ്ട് നിറയും. മനോഹരമായ പുലരിവിരിയുമെന്നും പ്രത്യാശിച്ചുകൊണ്ട്, എല്ലാവർക്കും ചിങ്ങപ്പുലരിയിൽ നല്ലൊരു വർഷം ആശംസിക്കുന്നു.