കൊച്ചി: റെക്കോർഡുകൾ ഭേദിച്ച് കുതിക്കുന്ന സ്വർണ വില ആദ്യമായി 80,000 കടന്നു. ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വില 80,880 രൂപയായി (22 കാരറ്റ്). ഗ്രാമിന്റെ വില ആദ്യമായി 10000 കടന്നു. ഗ്രാമിന് ആനുപാതികമായി 125 രൂപ വർധിച്ചതോടെയാണ് പുതിയ ഉയരം കുറിച്ചത്. 10,110 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻ്റെ വില. ഇന്നലെ രാവിലെ പവന് 80 രൂപ കുറഞ്ഞ സ്വർണ വില ഉച്ചയോടെ വീണ്ടും തിരിച്ചുകയറി. 400 രൂപ വർധിച്ച് 79,880 രൂപയായാണ് ഉയർന്നത്. കഴിഞ്ഞ മാസം എട്ടിന് 75,760 രൂപയായിരുന്നു വില. പിന്നീട് 20-ാം തിയതി വരെയുള്ള കാലയളവിൽ 2300 രൂപ താഴ്ന്ന ശേഷം തുടർന്നുള്ള ദിവസങ്ങളിൽ സ്വർണ വില തിരിച്ചുകയറുന്നതാണ് ദൃശ്യമായത്. ഈ മാസം ആദ്യം 77,640 രൂപയായിരുന്നു സ്വർണ വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയും ഇതായിരുന്നു. പിന്നീടാണ് 80,000 കടന്നത്. 24 കാരറ്റ് സ്വർണ്ണത്തിന്റെ ഇന്നത്തെ വില പവന് 88,232 രൂപയാണ്.
ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് അമേരിക്ക 50 ശതമാനം തീരുവ ചുമത്തിയത് അടക്കമുള്ള ഘടകങ്ങളാണ് സ്വർണ വിലയെ സ്വാധീനിക്കുന്നത്. ട്രംപ് നയത്തെ തുടർന്ന് ഇന്ത്യൻ ഓഹരി വിപണി ഇടിവിലാണ്. ഇതോടെ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ കൂടുതൽ ആളുകൾ സ്വർണത്തിലേക്ക് തിരിഞ്ഞതും സ്വർണ വില ഉയരാൻ കാരണമായി.