പ്രമുഖ സംഗീത സംവിധായകനായിരുന്ന ‘പുകഴേന്തി‘യുടെ പേര് ചെറുപ്പകാലം മുതലെ കേട്ടു വന്നിരുന്നു. ഇദ്ദേഹമൊരു മലയാളിയാണെന്നു അക്കാലത്തൊന്നും എനിക്കറിയില്ലായിരുന്നു! 1965 മുതൽ ഒരു പതിറ്റാണ്ടു കാലത്താണല്ലോ അദ്ദേഹത്തിൻ്റെ ഹൃദയഹാരിയായ മലയാളം പാട്ടുകൾ എല്ലാം പുറത്തുവന്നത്. ‘നോൺ-മലയാളി’ പേരിനു പിന്നിൽ നിന്നിരുന്ന, അദ്ദേഹം സംഗീതം പകർന്ന പല പാട്ടുകളും ‘മലയാളികൾക്ക്‘ ഏറെ പ്രിയപ്പെട്ടതായിന്നു താനും. സലിൽ ചൗധരിയെപ്പോലെ മറുനാട്ടിൽ നിന്നുവന്ന സംഗീതജ്ഞൻ എന്നു് അക്കാലത്ത് കരുതി….. പിൽക്കാലത്ത് പത്ര മാദ്ധ്യമങ്ങൾ ‘പാട്ടെഴുത്തിന്‘ കൂടി കോളങ്ങൾ തുടങ്ങിയതോടെയാണ് ‘പുകഴേന്തി‘ എന്ന പേരിനു പിന്നിലെ മലയാളിയെ തിരിച്ചറിയുന്നത്. പുകഴേന്തിയുടെ 21-ാം ചരമവാർഷിക ദിനമാണ് ഇന്ന്… സ്മരണാഞ്ജലികൾ!
‘പുകഴേന്തി’ എന്നറിയപ്പെട്ടിരുന്നത് മലയാളിയായ ‘ടി.കെ. വേലപ്പൻ നായർ‘ ആണ്. മുപ്പത് വർഷത്തിലേറെ നീണ്ട തൻ്റെ സംഗീത സപര്യയിൽ തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലായി നൂറോളം ഗാനങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. മിതമായ പശ്ചതല വാദ്യോപകരണങ്ങള്‍ ഉപയോഗിച്ചാണ് അദ്ദേഹം ഈണങ്ങള്‍ സൃഷ്ടിച്ചിരുന്നത്. പുകഴേന്തിയുടെ മിതത്വം പാലിക്കുന്ന ഈ സമ്പ്രദായം ഹിന്ദി ചലച്ചിത്രസംഗീത സാമ്രാട്ട് നൗഷാദിനെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. 150 പീസ് ഓര്‍ക്കസ്‌ട്രേഷന്‍ ഉപയോഗിച്ച് സംഗീതം നിര്‍വ്വഹിക്കുന്ന ഹിന്ദി ചലച്ചിത്രലോകത്ത് നിന്നാണല്ലോ നൗഷാദിന്റെ വരവ്. ഇത്രയും ചുരുക്കം ഉപകരണങ്ങള്‍ കൊണ്ട് ഭാവാത്മകമായ ഗാനങ്ങള്‍ എങ്ങനെ ചിട്ടപ്പെടുത്തുന്നു എന്നാണ് നൗഷാദ് ചോദിച്ചത്! പുകഴേന്തിക്ക് കിട്ടിയ ഏറ്റവും വലിയ ഒരംഗീകാരമായിരുന്നു അത്.
“അപാരസുന്ദര നീലാകാശം
അനന്തതേ…നിന്‍ മഹാസമുദ്രം.”
“മരണദേവനൊരു വരം കൊടുത്താൽ…”
തുടങ്ങിയ പുകഴേന്തിയുടെ ഗാനങ്ങൾ ഈണത്തിൻ്റെയും വരികളുടെയും ഭാവാത്മകത കൊണ്ടാണ് അനശ്വരങ്ങളായത്……
1929 സെപ്റ്റംബർ 27-ന് തിരുവനന്തപുരത്ത് തമ്പാനൂരിൽ ‘കേശവവിലാസം’ എന്ന് പരിഷ്ക്കരിച്ച ‘വിളപുത്തൻ‘ വീട്ടിൽ കേശവപിള്ള – ജാനകിയമ്മ ദമ്പതികളുടെ മകനായി വേലപ്പൻ ജനിച്ചു. ‘അപ്പു’ എന്ന് വിളിപ്പേരുണ്ടായിരുന്നു. പ്രാഥമിക വിദ്യാഭ്യാസം തിരുവനന്തപുരം ചാല വി. എം. സ്കൂളിൽ നിന്നായിരുന്നു. പക്ഷേ, സംഗീതത്തോടുള്ള കടുത്ത ഇഷ്ടം കാരണം വിദ്യാഭ്യാസം ഉപേക്ഷിച്ചു മദ്രാസിൽ എത്തി. ആറാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസം മാത്രമേ അദ്ദേഹത്തിനു നേടാൻ കഴിഞ്ഞുള്ളുവെങ്കിലും മലയാളം, തമിഴ്, തെലുങ്ക്, ഇംഗ്ലീഷ് ഭാഷകൾ കൈകാര്യം ചെയ്യാൻ നൈപുണ്യം നേടിയത് ജീവിത സാഹചര്യങ്ങളിൽക്കൂടിയാണ്.
തെന്നിന്ത്യയിലെ പ്രശസ്ത ഗായിക കെ.ബി. സുന്ദരാംബാള്‍ തിരുവനന്തപുരത്തെത്തിയപ്പോള്‍ ഒരു പാട്ട് പാടിക്കേള്‍പ്പിക്കാന്‍ പുകഴേന്തിക്ക് (വേലപ്പന്) അവസരം ലഭിച്ചു. പുകഴേന്തിയുടെ സ്വരപ്രവാഹം കേട്ട സുന്ദരാംബാള്‍ അദ്ദേഹത്തെ ഹൃദയപൂർവം അഭിനന്ദിക്കുകയുണ്ടായി. ഒരു ഗായകനാകാനുള്ള പുകഴേന്തിയുടെ ആഗ്രഹത്തിന് കിട്ടിയ പിന്തുണയായിരുന്നു സുന്ദരാംബാളിന്റെ ഈ പ്രശംസ.
സ്കൂൾ വിദ്യാഭ്യാസകാലത്ത് തമിഴ് നാടകങ്ങൾ അവതരിപ്പിക്കാൻ തിരുവനന്തപുരം സി. പി. സത്രത്തിൽ എത്തിയ ടി. പി.പൊന്നുപിള്ളയുടെ “മധുര ശ്രീബാലഗാനസഭയിൽ” ആകൃഷ്ടനായി വേലപ്പൻ പിന്നീട് മദ്രാസിൽ എത്തിപ്പെടുകയായിരുന്നു. ‘ബാലഗാനസഭ‘ പിന്നീട് നാടകസഭയായി മാറിയപ്പോൾ അതിൽ അംഗമായിരുന്ന ശിവാജി ഗണേശനൊപ്പം അഭിനയിക്കാനും മറ്റും വേലപ്പന് അവസരം ലഭിച്ചിരുന്നു. ഏറെക്കാലത്തിനു ശേഷം ‘ശക്തി നാടകസഭ‘യിൽച്ചേർന്ന് അവിടെ സംഗീതജ്ഞനായിരുന്ന എം.പി. ശിവത്തിന്റെ ശിഷ്യത്വം സ്വീകരിച്ച് ഹാർമ്മോണിയവും കൂടി പഠിക്കാൻ തുടങ്ങി. എം. പി. (പാലക്കാട് പരമേശ്വരൻ നായർ) ആണ് അദ്ദേഹത്തിന്റെ സംഗീതഗുരു.
പാലക്കാട്ട് ജനിച്ച എം.പി. ശിവം (എം. പരമേശ്വരൻ നായർ) ഒരു കവിയും ഗാനരചയിതാവും സംഗീതജ്ഞനുമാണ്. തമിഴ് നാടക-ചലച്ചിത്ര രംഗത്താണ് ഈ കലാകാരൻ ഏറെ പ്രവർത്തിച്ചത്. നാടക കലാകാരന്മാരെ പരിശീലിപ്പിക്കുന്ന അദ്ധ്യാപകനായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. വേലപ്പനും അദ്ദേഹത്തിൻ്റെ സംഗീത ഗുരുവായ എം.പി. ശിവവും ബന്ധുക്കളാണ്. പുകഴേന്തിയുടെ സഹോദരി ഭർത്താവ് ശിവത്തിന്റെ സഹോദരനാണ്. പുകഴേന്തിയെ ഹർമോണിയം പഠിപ്പിക്കുകയും കെ.വി. മഹാദേവന് പരിചയപ്പെടുത്തുകയും ചെയ്തത് അദ്ദേഹമാണ്.
എം.പി. ശിവമാണ് പതിമൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു തമിഴ് കവിയായിരുന്ന ‘പുകഴേന്തി‘യുടെ പേർ വേലപ്പന് നിർദ്ദേശിച്ചത്. (തമിഴ് കവിയായിരുന്ന ‘പുകഴേന്തി’യുടെ ‘നളവെൺപാ’ എന്ന കൃതി ഏറെ പ്രസിദ്ധം; നളചരിതമാണ് ഇതിൻ്റെ ഇതിവൃത്തം; അനുഷ്ടിപ്പ് എന്ന സംസ്കൃത വൃത്തത്തിന് തുല്യമായ തമിഴ് വൃത്തമാണ് ‘വെൺപ’)
‘ശക്തി നാടകസഭ‘യുടെ ‘തോഴൻ‘ എന്ന നാടകത്തിനു സംഗീതം നിർവ്വഹിച്ചു കൊണ്ട് സംഗീത സംവിധാന രംഗത്തേക്ക് പ്രൊഫഷണൽ കാൽവയ്പ്പ് നടത്തി. സിനിമാ സംഗീതമായിരുന്നു പുകഴേന്തിയുടെ അന്തിമ ലക്ഷ്യം; അതിനായി മദ്രാസിൽ തന്നെ സ്ഥിരതാമസമാക്കുകയും ചെയ്തു.
മനസ്സു നിറയെ സംഗീതവുമായി, സിനിമയെകുറിച്ച് മാത്രം ചിന്തിച്ചു നടന്ന നാളുകളായിരുന്നു അത്. ഒരു തമിഴ് ചിത്രത്തിലൂടെയാണ് പുകഴേന്തി ചലച്ചിത്രരംഗത്തെത്തുന്നത്. സിനിമാ സംഗീത സംവിധായകൻ സി. എൻ. പാണ്ടുരംഗത്തിന്റെ സഹായിയായി രണ്ടു വർഷക്കാലം ജോലി ചെയ്തു. ഇക്കാലയളവിലാണ് തന്റെ ഗുരു എം. പി. ശിവത്തിന്റെ സഹായത്താൽ തമിഴ് ചലച്ചിത്രസംഗീത സംവിധായകനായ കെ. വി. മഹാദേവനെ പരിചയപ്പെടുന്നത്. ‘മദനമോഹിനി’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിലാണ് പ്രശസ്ത സംഗീത സംവിധായകന്‍ കെ.വി. മഹാദേവനെ ശിവം, പുകഴേന്തിക്ക് പരിചയപ്പെടുത്തുന്നത്. കെ. വി. മഹാദേവന്റെ ഓർക്കസ്ട്രയിൽ അംഗമാകാൻ സാധിച്ചത് പുകഴേന്തിയുടെ ജീവിതത്തിലെ സുപ്രധാന വഴിത്തിരിവായി. അത് ദശാബ്ദങ്ങള്‍ നീണ്ടുനിന്ന ഒരു കൂട്ടുകെട്ടിൻ്റെ തുടക്കമായി ഭവിച്ചു. ഈ ഒരു കൂടിച്ചേരൽ ഒരു പക്ഷേ, പുകഴേന്തിയുടെ തുടർന്നുള്ള പ്രൊഫഷണൽ ജീവിതം തന്നെ മാറ്റിമറിക്കുകയായിരുന്നെന്ന് പറയാം.
കെ. വി. മഹാദേവനോടൊപ്പം 250-ൽ പരം തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷയിലെ ചലച്ചിത്ര ഗാനങ്ങൾ സംവിധാനം ചെയ്യുന്നതിൽ പുകഴേന്തി സഹകരിച്ചു. അതിലൊന്നായിരുന്നു ഇന്ത്യന്‍ ചലച്ചിത്ര ഇതിഹാസമായി മാറിയ ‘ശങ്കരാഭരണ’ത്തിലെ ഗാനങ്ങള്‍. ചലച്ചിത്ര രംഗത്ത് പുതിയൊരു തരംഗമാണ് ‘ശങ്കരാഭരണ’ത്തിലെ ഗാനങ്ങള്‍ സൃഷ്ടിച്ചത്. കെ.വി. മഹാദേവന്‍ മരിക്കുന്നതുവരെ ( 2001 ജൂൺ 21) പുകഴേന്തി അദ്ദേഹത്തിന്റെ വിശ്വസ്ത അസിസ്റ്റന്റായി പ്രവര്‍ത്തിച്ചു. മൂന്നു പതിറ്റാണ്ടോളം നീണ്ടുനിന്ന ഒരു ബന്ധമായിരുന്നു അവരുടേത്.
മലയാളത്തിലും തമിഴിലും തെലുങ്കിലും ഏതാനും ചിത്രങ്ങൾക്കും ചില ഭക്തിഗാനങ്ങൾക്കും അദ്ദേഹം സംഗീതം പകർന്നു. എന്നാൽ, സിനിമകളുടെ പശ്ചാതല സംഗീതമൊരുക്കുന്നതിൽ ‘പുകഴേന്തി‘ ഒരു റെക്കാർഡ് സൃഷ്ടിച്ചു എന്നു വേണം കരുതാൻ.
ചുരുക്കം ചില മലയാള ചിത്രങ്ങള്‍ക്കു മാത്രമാണ് അദ്ദേഹം സംഗീതം ചിട്ടപ്പെടുത്തിയിട്ടുള്ളത്. അതിലെ ഗാനങ്ങള്‍കൊണ്ട് തന്നെ അദ്ദേഹം മലയാള ചലച്ചിത്രഗാനശാഖയെ സമ്പന്നമാക്കി. പഴയതലമുറയും പുതിയതലമുറയും ഒരുപോലെ അദ്ദേഹത്തിന്റെ ഈ ഗാനങ്ങള്‍ ഇഷ്ടപ്പെട്ടു.
1965-ൽ ‘മുതലാളി‘ എന്ന ചിത്രത്തിനാണ് അദ്ദേഹം മലയാളത്തിൽ ആദ്യമായി സംഗീത സംവിധാനം നിർവ്വഹിക്കുന്നത്. ‘പെണ്ണരശ്’ എന്ന തമിഴ് ചിത്രത്തിന്റെ റീമേക്കായ ‘മുതലാളി‘യിലെ ‘പനിനീരുതൂവുന്ന പൂനിലാവ്'”; “മുല്ലപ്പൂ തൈലമിട്ട്” തുടങ്ങിയ ഗാനങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. ഗാനരചയിതാവു കൂടിയായ സംവിധായകൻ പി. ഭാസ്‌കരന്റെ നിര്‍ലോപമായ സഹകരണം കൂടിയായപ്പോള്‍ പുകഴേന്തിക്ക് കൂടുതല്‍ അവസരങ്ങള്‍ മലയാളത്തില്‍ ലഭിച്ചു തുടങ്ങി.
1967-ല്‍ പുറത്തിറങ്ങിയ ‘ഭാഗ്യമുദ്ര‘യിലെ ഗാനങ്ങള്‍ പുകഴേന്തിക്ക് ഒരു ഭാഗ്യമുദ്രയായിത്തീര്‍ന്നു. “മധുരപ്രതീക്ഷതന്‍ പൂങ്കാവില്‍ വെച്ചൊരു…” തുടങ്ങിയ ഗാനങ്ങള്‍ കൊണ്ട് പുകഴേന്തി മലയാളത്തില്‍ സ്ഥിരപ്രതിഷ്ഠനേടി. യേശുദാസും എസ്. ജാനകിയും ചേര്‍ന്ന് ആലപിച്ച “മധുരപ്രതീക്ഷതന്‍…” എന്ന ഗാനം മലയാളത്തില്‍ കേട്ട ഏറ്റവും മികച്ച യുഗ്മ ഗാനങ്ങളിലൊന്നാണ്.
പുകഴന്തിയെ മലയാള സിനിമയിൽ അടയാളപ്പെടുത്തുന്ന ഗാനം 1967-ൽ പുറത്ത് വന്ന ‘ഭാഗ്യമുദ്ര‘ എന്ന ചിത്രം തന്നെ… (ആദ്യം ബംഗാളിയിലും ‘ച്ചേലെ കാർ ‘- (1954) പിന്നീട് തമിഴ്ലും ‘യാർ പയ്യൻ’ (1957) വന്ന ചിത്രത്തിന്റെ റീമെയ്ക്ക് ആയിരുന്ന ഈ ‘ഭാഗ്യമുദ്ര’) ഇതിൽ യേശുദാസ് എസ് ജാനകിയമ്മയോടൊത്ത് പാടിയ “മധുരപ്രതീക്ഷതൻ പൂങ്കാവിൽ വെച്ചൊരു മണിവേണു ഗായകനെ കണ്ടു മുട്ടി….” എന്ന ഗാനം അനശ്വരകീർത്തി നേടി… (പ്രേംനസീറും കെ ആർ വിജയയും സ്ക്രീനിൽ…. തമിഴിൽ ജമിനി ഗണേശനും സാവിത്രിയും ആയിരുന്നു ഈ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.)
സുകുമാരി വേഷമിട്ട സ്ത്രീ കഥാപാത്രത്തെപ്പറ്റി പാടുന്ന “മാമ്പഴക്കൂട്ടത്തിൽ മൽഗോവയാണ് നീ ” എന്ന പാട്ടും ഹിറ്റ് ആയി… അക്കാലത്ത് ഗാനമേളകളിൽ യേശുദാസ് സ്ഥരമായി പാടിയിരുന്ന പാട്ടാണിത് – കാലദേശമനുസരിച്ച് ലെറിക്സിൽ ചില്ലറ ഭേദഗതി വരുത്തിപ്പാടി ചിരിയും കൈയടിയും ഗായകൻ നേടിയിരുന്നത് ഓർക്കുന്നു. (വൈജയന്തി മാലയുടെ പേരിനു പകരം ശാരദയുടെ പേരും മറ്റും തരം പോലെ മാറ്റിപ്പാടി!)
“പേരാറും പെരിയാറും കാളിയാടും നാടേതോ”, “മണ്ണാങ്കട്ടയും കരിയിലയും കാശിക്ക് പോയ” പാട്ടുകളും കേൾക്കാൻ രസമുള്ള ഈണങ്ങളാണ്… ‘വിത്തുകളി‘ലെ “അപാരസുന്ദരനീലാകാശം...” മാത്രമല്ല, മറ്റു രണ്ട് പാട്ടുകളും, ‘മൂന്നു പൂക്ക’ളിലെ ഗാനങ്ങളും എല്ലാം പുകഴേന്തിയുടെ ഈണത്താൾ ശ്രദ്ധേയമായിരുന്നു…
പുകഴേന്തിയുടെ മലയാള ഗാനങ്ങളിൽ എടുത്തു പറയേണ്ടതായ ഗാനങ്ങൾ ചിലതുണ്ട്; അവയിൽ ചിലത് ഓർമ്മയിൽ വരുന്നു…. “മധുരപ്രതീക്ഷതൻ പൂങ്കാവിൽ വച്ചൊരു…”, “മാമ്പഴക്കൂട്ടത്തില്‍ മല്‍ഗോവയാണു നീ…” (‘ഭാഗ്യമുദ്ര’ -1967), “അപാരസുന്ദര നീലാകാശം…”, “ഗോപുരമുകളിൽ വാസന്തചന്ദ്രൻ…”, “മരണദേവനൊരു വരം കൊടുത്താൽ…” (‘വിത്തുകൾ’- 1971); “വിണ്ണിലിരുന്നുറങ്ങുന്ന ദൈവമോ…” (‘മൂന്നു പൂക്കൾ’- 1971); “ലോകം മുഴുവന്‍ സുഖം പകരാനായ്…” , “നാടകം തീർന്നു…” (‘സ്നേഹദീപമേ മിഴി തുറക്കൂ’– 1972); ‘പേരാറും പെരിയാറും ..’, തുടങ്ങിയവ ഓർമ്മയിൽ തങ്ങിനില്ക്കുന്ന അദ്ദേഹത്തിന്റെ ശ്രദ്ധേയ ഗാനങ്ങളാണ്. പി. ഭാസ്കരനോടൊപ്പമാണ് അദ്ദേഹം കൂടുതൽ ഗാനങ്ങളും ചെയ്തത് മുൻ സൂചിപ്പിച്ചുവല്ലോ.
നിരവധി ചിത്രങ്ങൾക്ക് പശ്ചാത്തല സംഗീതവും പുകഴേന്തിയുടേതായിട്ടുണ്ട്. ഒരു കാലഘട്ടത്തിൽ മലയാളത്തിലിറങ്ങുന്ന ബഹുഭൂരിപക്ഷം സിനിമകൾക്കും ബാക്ക്ഗ്രൗണ്ട് സ്കോർ പുകഴേന്തിയുടേതായിരുന്നു.
2005 ഫെബ്രുവരി 27-ന്, 75-ാം വയസ്സിൽ, ജന്മനാടായ തിരുവനന്തപുരത്തുവച്ച് അദ്ദേഹം അന്തരിച്ചു. ആറ്റുകാല്‍ ദേവി ഭക്തനായ പുകഴേന്തി എല്ലാവര്‍ഷവും ആറ്റുകാല്‍ പൊങ്കാല ഉത്സവത്തില്‍ പങ്കെടുക്കാന്‍ വരാറുണ്ടായിരുന്നു. 2005-ലെ അത്തരം ഒരു സന്ദര്‍ശനത്തിലാണ് ഒരു ഹോട്ടലില്‍ താമസിക്കുമ്പോള്‍ ഹൃദയാഘാതത്തിന്റെ രൂപത്തില്‍ മരണം അദ്ദേഹത്തിന്റെ ജീവനെടുത്തത്; അദ്ദേഹത്തെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമായിരുന്നു മരണകാരണം.
വാലറ്റം: പാട്ടെഴുത്തുകാരൻ രവി മേനോൻ വിവരിച്ച ഒരു സംഭവം/ ഒരനുഭവം:
‘മൂന്നു പൂക്കള്‍’ (1971) എന്ന സിനിമയിലെ ”വിണ്ണിലിരുന്നുറങ്ങുന്ന ദൈവമോ” എന്ന ഗാനത്തിന്റെ റെക്കോര്‍ഡിംഗ് നടക്കുകയാണ് ചെന്നൈ വിജയാ ഗാര്‍ഡന്‍സില്‍. പി ഭാസ്‌കരന്റെ രചന, പുകഴേന്തിയുടെ സംഗീതം. ജീവിതത്തിന്റെ നിരര്‍ത്ഥകതയെ കുറിച്ചുള്ള ചിന്തോദ്ദീപകമായ വരികള്‍….. “മായാമരീചികയില്‍ മനസ്സിലെ ആശകളാല്‍ മാളിക കെട്ടുന്നു മാനവന്‍, കാലത്തിന്‍ കയ്യിലുള്ള പീലിയൊന്നുഴിയുമ്പോള്‍ കാണുന്നു മുന്നില്‍ വെറും ശൂന്യത..’‘ മരണത്തിൻ്റെ താളമാണ് ഗാനത്തിന്റെ പശ്ചാത്തലത്തില്‍ വേണ്ടതെന്ന് നിശ്ചയിക്കുന്നു ഭാസ്‌കരനും പുകഴേന്തിയും. അതെങ്ങനെ തീവ്രത ചോരാതെ ഗാനത്തില്‍ ആവിഷ്‌കരിക്കാന്‍ കഴിയുമെന്ന് മാത്രം പിടികിട്ടുന്നില്ല. “പലവിധ കോമ്പിനേഷനുകള്‍ പരീക്ഷിച്ചു നോക്കിയിട്ടും ഉദ്ദേശിച്ച ഫലം കിട്ടാതായപ്പോള്‍, പെട്ടെന്ന് ഒരു ആശയം പുകഴേന്തിയുടെ മനസ്സില്‍ തോന്നി. ദൈവം ആ നിമിഷം തോന്നിച്ചതാവണം. ടിഫിന്‍ കാരിയറിന്റെ പ്രതലത്തില്‍ ഡ്രം സ്റ്റിക് കൊണ്ട് പതുക്കെ ഒന്ന് തട്ടിനോക്കി. അത്ഭുതം- അതാ കേള്‍ക്കുന്നു ഞാന്‍ തേടിനടന്ന ശബ്ദം.” പിന്നെ പുകഴേന്തി സംശയിച്ചില്ല. ജയചന്ദ്രന്‍ പാടിയ ഗാനത്തിന്റെ പശ്ചാത്തല വാദ്യ വൃന്ദത്തില്‍ അദ്ദേഹം തൂക്കുപാത്രത്തിനും ഇടം നല്‍കി. ആ താളം കൂടി ചേര്‍ന്നപ്പോഴേ ആ പാട്ട് പൂര്‍ണ്ണമായുള്ളൂ എന്നതാണ് സത്യം..” പുകഴേന്തി വിവരിച്ച ഒരനുഭവം ആണെത്ര ഇത്.
ആർ. ഗോപാലകൃഷ്ണൻ
കടപ്പാട്: ടി.എം. സുരേഷ്‌കുമാര്‍; Wikipedia; രവി മേനോൻ


