ബാങ്കോക്ക്: ട്രംപ് യുദ്ധം ‘അവസാനിപ്പിച്ചിട്ടും’ കംബോഡിയ അതിർത്തിയിൽ തായ്‌ലൻഡ് വ്യോമാക്രമണം ആരംഭിച്ചു. ആക്രമണത്തിൽ ഒരു തായ് സൈനികൻ കൊല്ലപ്പെട്ടു. വെടിനിർത്തൽ ലംഘിച്ചതായി ഇരുപക്ഷവും പരസ്പരം ആരോപിച്ചു. കംബോഡിയയില്‍ വ്യോമാക്രമണം നടത്തിയെന്ന് തായ്‌ലാൻഡ് സ്ഥിരീകരിച്ചു. തായ്‌ലൻഡിന്റെ ദേശീയ സുരക്ഷയ്ക്കും അതിർത്തിയിലെ സാധാരണക്കാരുടെ സുരക്ഷയ്ക്കും ഭീഷണി ഉയർന്നതോടെയാണ് ആക്രമണം നടത്തിയതെന്ന് റോയല്‍ തായ് എയർഫോഴ്സ് വക്താവ് എയര്‍ മാർഷൽ ജാക്രിറ്റ് തമ്മാവിച്ചായി അറിയിച്ചു.
ജൂലൈയിലാണ് ഇരു രാജ്യങ്ങളും തമ്മിൽ ആദ്യം സംഘർഷമുണ്ടായത്. 43 പേർ കൊല്ലപ്പെട്ടു. 3 ലക്ഷംപേർക്ക് വീടുകൾ നഷ്ടമായി. ഏഷ്യയിൽ ത്രിരാഷ്ട്ര സന്ദർശനത്തിനെത്തിയ യുഎസ് പ്രസിഡന്റിനെ സാക്ഷിയാക്കിയാണ് ഒക്ടോബർ 26-ന് തായ്‌ലൻഡും കംബോഡിയയും സമാധാന കരാർ ഒപ്പിട്ടത്. തായ് സൈനികര്‍ക്ക് അതിര്‍ത്തിയില്‍ കുഴിബോംബ് സ്‌ഫോടനത്തില്‍ പരുക്കേറ്റതിനെ തുടര്‍ന്നാണ് തായ്‌ലന്‍ഡ് കരാറിൽനിന്ന് പിൻമാറിയത്.
തങ്ങളുടെ അതിർത്തിയിൽ കംബോഡിയ വൻതോതിൽ ആയുധവിന്യാസം നടത്തുകയും സൈനികരെ എത്തിക്കുകയും ചെയ്തിട്ടുള്ളതായി തായ്‌ലൻഡ് പറയുന്നു. വൻതോതിലുള്ള ആക്രമണത്തിനാണ് കംബോഡിയ തയ്യാറെടുത്തിരുന്നതെന്നും അവര്‍ ആരോപിച്ചു. ഞായറാഴ്‌ച ഇരു രാജ്യങ്ങളും പരസ്‌പരം കുറ്റപ്പെടുത്തി രംഗത്ത് എത്തിയിരുന്നു. കംബോഡിയൻ വെടിവയ്പ്പിൽ രണ്ട് തായ് സൈനികർക്ക് പരിക്കേറ്റുവെന്നും സൈനികർ തിരിച്ചടിച്ചുവെന്നും തായ് സൈന്യം പറഞ്ഞു. തായ് സൈന്യമാണ് ആദ്യം വെടിവച്ചതെന്നും സ്വന്തം സൈന്യം തിരിച്ചടിച്ചെന്നും കംബോഡിയയും പറഞ്ഞു.
1907-ൽ കംബോഡിയ ഫ്രഞ്ച് കൊളോണിയൽ ഭരണത്തിൻ കീഴിലായിരുന്നപ്പോൾ വരച്ച ഒരു ഭൂപടത്തിൻ്റെ പേരിലുള്ള അതിർത്തി തർക്കമാണ് ഇന്നുവരെയും സംഘർഷങ്ങളിൽ മുഖ്യകാരണമായി തുടരുന്നത്. 1962-ൽ അന്താരാഷ്ട്ര നീതിന്യായ കോടതി പ്രശ്‌നത്തിൽ ഇടപെട്ടു. കംബോഡിയയ്ക്ക് ഒരു പ്രദേശത്തിന്മേൽ പരമാധികാരം നൽകി. 1,000 വർഷം പഴക്കമുള്ള പ്രിയ വിഹാർ ക്ഷേത്രവും ഇതിൽ ഉൾപ്പെടുന്നു. എന്നാൽ ഇപ്പോൾ ഇവയെല്ലാം സംഘർഷത്തിന് തീവ്രത പകരുന്നു.



