ടെക്സസ്: യുഎസിലെ ടെക്സസിലുണ്ടായ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 43 ആയി. ഒൻപതു കുട്ടികളും ഇതിൽ ഉൾപ്പെടുന്നു. വേനൽക്കാല ക്യാമ്പിൽ പങ്കെടുക്കാൻ പോയ 20 പെൺകുട്ടികൾ ഉൾപ്പെടെ നിരവധി പേരെ കാണാതായതായും റിപ്പോർട്ടുകളുണ്ട്. ദുരന്തത്തിൽപെട്ടവർക്ക് സഹായം വാഗ്‌ദാനം ചെയ്‌തിട്ടുണ്ടെന്ന് ടെക്‌സസ് ഗവർണർ ഗ്രെഗ് ആബട്ട് അറിയിച്ചു. കാണാതായവരുടെ എണ്ണം സ്ഥിരീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് സാധിച്ചില്ലെങ്കിലും രാത്രി മുഴുവൻ രക്ഷാപ്രവർത്തനം നടത്തിയിരുന്നതായും അദേഹം കൂട്ടിച്ചേർത്തു. 237 പേരെ ഇതുവരെ രക്ഷപ്പെടുത്തിയതായാണ് റിപ്പോർട്ട്.
വെള്ളിയാഴ്ച പുലർച്ചെയുണ്ടായ പേമാരിയിൽ ഗ്വാഡല്യൂപ് നദിയിലെ ജലനിരപ്പ് 2 മണിക്കൂർ കൊണ്ട് 6.7 മീറ്റർ വരെ കുതിച്ചുയർന്നു. ഗ്വാഡല്യൂപ് നദിയിൽ 45 മിനിറ്റിനുള്ളിൽ ജലനിരപ്പ് 26 അടിയായി ഉയർന്നതോടെയാണ് പ്രളയത്തിലേക്ക് മാറിയത്. പ്രദേശത്ത് തിരച്ചിൽ പുരോഗമിക്കുകയാണ്. 14 ഹെലികോപ്റ്ററുകളും 12 ഡ്രോണുകളും ഒൻപത് രക്ഷാസേന സംഘവും അഞ്ഞൂറോളം രക്ഷാപ്രവർത്തകരുമാണ് സ്ഥലത്ത് തിരച്ചിൽ നടത്തുന്നത്. തദേശ സ്ഥാപനങ്ങളുടെ നിർദേശങ്ങൾ പാലിക്കണമെന്ന് ടെക്‌സസ് സെനറ്റർ ടെഡ് ക്രൂസ് ജനങ്ങളോട് അഭ്യർത്ഥിച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ടെക്‌സിന് ആവശ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും ടെഡ് ക്രൂസ് വ്യക്തമാക്കി.
ടെക്സസിലുണ്ടായ മിന്നൽ പ്രളയം ഭയപ്പെടുത്തുന്നതെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. പ്രളയ ദുരന്തത്തിലുണ്ടായ നാശനഷ്‌ടങ്ങൾക്ക് സഹായം വാഗ്‌ദാനം ചെയ്‌ത ട്രംപ് ടെക്സസ് ഗവർണറുമായി സംസാരിച്ചതായും മാധ്യമങ്ങളോട് പറഞ്ഞു. 3 മണിക്കൂർ കൊണ്ടു സൗത്ത് സെൻട്രൽ ടെക്സസിൽ പലയിടത്തും പെയ്തത് 254 മില്ലിമീറ്റർ മഴയാണ്. ടെക്സസിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രം കൂടിയായ പ്രദേശത്താണ് ദുരന്തമുണ്ടായത്.