ടെക്സസ്: അമേരിക്കന്‍ സംസ്ഥാനമായ ടെക്‌സസില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ മിന്നല്‍പ്രളയത്തില്‍ മരണം നൂറുകടന്നു. 104 പേര്‍ മരിച്ചതായാണ് സ്ഥിരീകരണം. മിസ്റ്റിക് ക്യാമ്പിലുണ്ടായിരുന്ന 27 പേർ മരിച്ചു. പതിനൊന്ന് പേരെ ഇനിയും കണ്ടെത്താനുണ്ട്. മിന്നൽപ്രളയം തകർത്ത കെര്‍ കൗണ്ടിയില്‍ നിന്ന് മാത്രം 84 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. മരിച്ചവരില്‍ 28 പേര്‍ കുട്ടികളാണ്. ഇനിയും മരണസംഖ്യ ഉയരാനുള്ള സാധ്യതയുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിക്കുന്നത്. വരുംദിവസങ്ങളില്‍ മഴപെയ്യാനുള്ള സാധ്യതയുമുണ്ട്. സെന്‍ട്രല്‍ ടെക്‌സസിലെ വിവിധയിടങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
വിവിധ പ്രദേശങ്ങളിൽ കുടുങ്ങിയ എണ്ണൂറ്റി അൻപതിലേറെപ്പേരെ ഇതിനോടകം രക്ഷപെടുത്തി. അവസാനത്തെയാളെയും കണ്ടെത്തുവരെ രക്ഷാപ്രവർത്തനം തുടരുമെന്ന് ടെക്സസ് എമർജൻസി മാനേജ്‍മെൻറ് ഡിവിഷൻ അറിയിച്ചു. കനത്ത മഴയും നദികൾ കരകവിഞ്ഞൊഴുകുന്നതും അടിഞ്ഞുകൂടിയ മാലിന്യങ്ങളും രക്ഷാപ്രവർത്തനത്തിന് തടസമാകുന്നുണ്ട്. അതിനിടെ, ചൊവ്വാഴ്ചയും കനത്ത മഴയുണ്ടാകുമെന്ന് ഗവർണർ മുന്നറിയിപ്പുനൽകി.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെള്ളിയാഴ്ച ടെക്‌സസിലെത്തും. ടെക്‌സസിലെ വെള്ളപ്പൊക്കത്തെയും അതിനെത്തുടര്‍ന്നുണ്ടായ മരണങ്ങളെയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ‘ഭയാനകം’ എന്നും ഞെട്ടിപ്പിക്കുന്നതാണെന്നുമാണ് വിശേഷിപ്പിച്ചത്. സാധ്യമായ എല്ലാ സഹായവും ഉറപ്പാക്കുമെന്ന് പറഞ്ഞ ട്രംപ് നാശനഷ്ടം കുറയ്ക്കാന്‍ ടെക്‌സസ് ഗവര്‍ണര്‍ ഗ്രെഗ് അബോട്ടുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്നും അറിയിച്ചിട്ടുണ്ട്.