മെൽബൺ: മെൽബണിൽ സീറോ മലബാർ സഭയ്ക്ക് സ്വന്തമായി മറ്റൊരു ദേവാലയം കൂടി. വിശുദ്ധ തോമാശ്ലീഹായുടെ നാമദേയത്തിൽ മെൽബൺ സൗത്ത് ഈസ്റ്റിൽ പണിപൂർത്തിയായ ദേവാലയത്തിന്റെ കൂദാശകർമം ജൂലൈ 12-ന് നടക്കും. സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ കൂദാശകർമം നിർവഹിക്കും. ജൂലൈ 12 ശനിയാഴ്‌ച രാവിലെ 9. 30 ന് തിരുക്കർമങ്ങൾ ആരംഭിക്കും. മെൽബൺ ബിഷപ്പ് മാർ ജോൺ പനംതോട്ടത്തിൽ, ബിഷപ്പ് എമിറേറ്റിസ് ബോസ്കോ പുത്തൂർ എന്നിവർ സഹകാർമികരാകും.
ആയിരത്തോളം ഇടവകാംഗങ്ങൾ ഉള്ള മെൽബണിലെ ഏറ്റവും വലിയ ഇടവക സമൂഹമാണ് സെൻ്റ് തോമസ് സൗത്ത് ഈസ്റ്റ് ഇടവക. നിലവിൽ ഡാൻഡേണോങ്ങിലെ സെൻ്റ് ജോൺ കോളജിൻ്റെ ഓഡിറ്റോറിയത്തിലാണ് ഞായറാഴ്‌ച വി. കുർബാന നടക്കുന്നത്. ഫോറെസ്റ്റ് ഹില്ലിലും ഒരു കുർബാന സെൻ്റർ ഉണ്ട്. കാലങ്ങളായി സ്വന്തമായി ഒരു ദേവാലയം എന്ന ഇടവക ജനങ്ങളുടെ സ്വപ്‌നമാണ് യാഥാർഥ്യമാകുന്നത്. ഇടവക വികാരി മോൺ. ഫ്രാൻസിസ് കോലഞ്ചേരിയുടെ നേതൃത്വത്തിൽ പാരിഷ് കമ്മിറ്റിയുടെയും ബിൽഡിങ് കമ്മിറ്റയുടെയും ഇടവക ജനങ്ങളുടെയും പ്രാത്ഥനയും അശ്രാന്ത പരിശ്രമവുമാണ് ഫലപ്രാപ്തിയിൽ എത്തുന്നത്.
2016 -ലാണ് ഫ്രാങ്കസ്റ്റൻ – ഡാൻഡീനോങ് റോഡിൽ ഏഴ് ഏക്കറോളം വരുന്ന സ്ഥലം പള്ളിക്കായി വാങ്ങുന്നത്. അവിടെയുണ്ടയിരുന്ന കെട്ടിടങ്ങൾ ഇടിച്ച് നിരത്തി സംരക്ഷണ മതിൽ നിർമിച്ച് പള്ളി പണിയാനുള്ള അനുമതി കിട്ടിയപ്പോഴേക്കും കോവിഡിൻ്റെ പ്രതിസന്ധി വരവായി.ലോക്ഡൗണും മറ്റ് എല്ലാ പ്രതിസന്ധികളെയും മറികടന്നു 2022 സെപ്റ്റംബർ 23 -ന് മെൽബൺ ബിഷപ്പ് ബോസ്കോപുത്തൂർ തറക്കല്ലിട്ടു നിർമാണം തുടങ്ങി. 2023-ൽ ഇടവക വികാരിയായി മെൽബൺ രൂപതയുടെ വികാരി ജനറാൾ മോൺ. ഫ്രാൻസിസ് കോലഞ്ചേരി എത്തിയതോടെ ദേവാലയ നിർമാണം കൃത്യമായ ആസൂത്രണത്തോടെ മുന്നോട്ടു നീങ്ങി. 2024 നവംബറിൽ പള്ളിയുടെ മണിയും മാർത്തോമാ കുരിശും വലിയ കുരിശും മാർ ജോൺ പനംതോട്ടത്തിൽ, മാർ ജോസഫ് സ്രാമ്പിക്കൽ, മാർ ജോസ് പെരുന്നേടം എന്നിവരുടെ കാർമികത്വത്തിൽ സ്ഥാപിച്ചു.
എഴുപത്തിന്റെ നിറവിലും ചുറുചുറുക്കോടെ പള്ളി പണിയും ഇടവകയുടെ കാര്യങ്ങളും രൂപതയുടെ കാര്യങ്ങളും മുടക്കമില്ലാതെ മോൺ. ഫ്രാസിസ് കോലഞ്ചേരി ശ്രദ്ധിക്കുന്നു. സഹ വൈദികനായി ഫാ. ജിനു കുര്യനും ഉണ്ട്. ഇടവക ജനങ്ങളുടെ സൗകര്യത്തിനായി എല്ലാ ദിവസവും കുർബാനയും ഞായറാഴ്‌ച ഉൾപ്പെടെ കുമ്പസാര സൗകര്യവും വൈദികർ ഉറപ്പുവരുത്തുന്നുണ്ട്. ഭാവിയിൽ ദേവാലയത്തോട് ചേർന്ന് ഒരു കലാ സാംസ്‌കാരിക കേന്ദ്രവും ലൈബ്രറിയും മ്യുസിയവും നിർമിക്കാൻ ഗവണ്മെന്റ് നാല് മില്യൺ ഡോളർ ഗ്രാൻ്റ് അനുവദിച്ചിട്ടുണ്ട്. കേരളത്തിൻ്റെ തനത് കലാരൂപങ്ങളായ ചെണ്ടമേളം, ബാൻഡ്സെറ്റ് എന്നിവയിൽ പരിശീലനവും നൽകിവരുന്നുണ്ട്. മെൽബണിൽ സെൻ്റ് അൽഫോൺസ കത്തിഡ്രൽ, സെൻ്റ് മേരീസ് ദേവാലയം, പെർത്തിൽ സെൻ്റ് ജോസഫ് ദേവാലയം, ബ്രിസ്ബണിൽ സെൻ്റ് തോമസ് ദേവാലയം, അഡ്‌ലെയ്‌ഡിൽ സെന്റ്റ് ഏവുപ്രാസ്യ ദേവാലയം എന്നിങ്ങനെയാണ് ഓസ്‌ട്രേലിയയിൽ സീറോ മലബാർ സഭയ്ക്ക് സ്വന്തമായുള്ള ദേവാലയങ്ങൾ.