ബ്രിസ്ബെൻ സെൻ്റ് തോമസ് സിറോ മലബാർ ഫോറോന പള്ളിയിൽ ഇടവക മധ്യസ്‌ഥനായ വിശുദ്ധ തോമാശ്ലീഹായുടെ ദുക്റാന തിരുനാൾ ജൂലൈ 4, 5, 6 തീയതികളിൽ ആഘോഷിക്കുന്നു. തിരുനാൾ തിരുകർമങ്ങളിലും നൊവേനകളിലും സംബന്ധിക്കുവാനും അനുഗ്രഹം പ്രാപിക്കാനും എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി തിരുനാൾ കമ്മിറ്റി അറിയിച്ചു. ജൂലൈ നാലിന് ഇടവക വികാരി ഫാ. എബ്രഹാം നാടുക്കുന്നേലിന്റെ നേതൃത്വത്തിൽ തിരുനാൾ കൊടി ഉയർത്തും. തുടർന്ന് പ്രസുദേന്തി വാഴ്ചയും ലദീഞ്ഞും ഉണ്ടായിരിക്കുന്നതാണ്. ഇടവക വികാരിക്കൊപ്പം ഫാ. ആൻ്റോ വള്ളോംകുന്നേൽ, ഫാ. റോണി കളപ്പുരക്കൽ എന്നിവർ ചേർന്ന് കുർബാന അർപ്പിക്കും.
ജൂലൈ അഞ്ചിന് വൈകുന്നേരം ആഘോഷമായ റാസാ കുർബാനയ്ക്ക് ഫാ. ആന്റോ ചിരിയങ്കണ്ടത്തിൽ, ഫാ. വർഗീസ് വിതയത്തിൽ എന്നിവർ നേതൃത്വം നൽകും. തുടർന്ന് ഏഴുമണിയോടുകൂടി വിവിധ കലാ പരിപാടികൾ അരങ്ങേറും. “Journey of Hope” എന്ന് പേരിട്ടിരിക്കുന്ന കൾച്ചറൽ നൈറ്റിൽ നാടകം, സംഗീതം, നൃത്തങ്ങൾ അടങ്ങുന്ന വ്യത്യസ്‌ത കലാപരിപാടികൾ ഉണ്ടായിരിക്കും എന്ന് സംഘാടകരായ ഫ്രാൻസിസ് ജോസഫ്, രഞ്ജിത്ത് ജോൺ, മിനി ജോളി എന്നിവർ അറിയിച്ചു. കൾച്ചറൽ നൈറ്റിനോടനുബന്ധിച്ച് വ്യത്യസ്‌തങ്ങളായ കേരള ഫുഡ് സെയിൽ ഉണ്ടായിരിക്കുന്നതാണ് എന്ന് ചർച്ച് ഡെവലപ്മെന്റ് കമ്മിറ്റി അറിയിച്ചു.
ജൂലൈ ആറിന് രാവിലെ 9:30 ന് ഫാ. ജോഷി പറപ്പുള്ളിയുടെ നേതൃത്വത്തിൽ ആഘോഷമായ കുർബാനയും തുടർന്ന് പ്രദക്ഷിണവും ചെണ്ടമേളവും ക്രമീകരിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് 12:30 ന് സ്നേഹവിരുന്ന് ഉണ്ടായിരിക്കും. തിരുനാളിനോടനുബന്ധിച്ച് ഇന്ന് മുതൽ നൊവേന ഉണ്ടായിരിക്കുന്നതാണ്. കൂടാതെ അടിമ, നേർച്ചകാഴ്‌ചകൾക്കുള്ള അവസരം തിരുനാൾ ദിവസങ്ങളിൽ ഉണ്ടായിരിക്കും. പെരുന്നാളിൻ്റെ ക്രമീകരണങ്ങൾ പൂർത്തിയായതായി ഇടവക വികാരി ഫാ. എബ്രഹാം നാടുക്കുന്നേൽ, കൈക്കാരൻമാരായ സിജോ പുതുശ്ശേരി, സണ്ണി തോമസ്, സിബി മാത്യു എന്നിവർ അറിയിച്ചു.