ലണ്ടണ്‍: നരേന്ദ്ര മോദി സർക്കാരിനെ വീണ്ടും പുകഴ്ത്തി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ഇന്ത്യയില്‍ ശുഭകരമായ മാറ്റങ്ങള്‍ ഉണ്ടാകുന്നുവെന്നും ഊര്‍ജ്ജസ്വലമായ നേതൃത്വത്തിന് കീഴിലാണ് ഇത് സംഭവിക്കുന്നതെന്നും തരൂര്‍ പറഞ്ഞു. അടിയന്തരാവസ്ഥയെ വിമര്‍ശിച്ചുള്ള ലേഖനത്തിന് പിന്നാലെയാണ് കോണ്‍ഗ്രസിനെ വെട്ടിലാക്കികൊണ്ടു വീണ്ടും ശശി തരൂരിന്റെ പ്രസ്‌താവന. വ്യക്തിപ്രഭാവമുള്ള നേതാവാണ് മോദിയെന്നായിരുന്നു തരൂരിന്റെ സ്തുതി. കോണ്‍ഗ്രസിന്‍റെ ഇടതു നയങ്ങളില്‍ നിന്നും രാജ്യം ശക്തമായ ദേശീയതയിലേക്ക് മാറിയെന്നും ശശി തരൂര്‍ പറഞ്ഞു. ലണ്ടനിലെ ജിന്റല്‍ ഗ്ലോബല്‍ സര്‍വകലാശാലയിലായിരുന്നു തരൂരിന്‍റെ മോദി പ്രകീര്‍ത്തനം.
പ്രധാനമന്ത്രിയെ കരിസ്മാറ്റിക് ലീഡര്‍ എന്ന് വിശേഷിപ്പിച്ച തരൂര്‍, 78 വര്‍ഷത്തിനിടെ രാജ്യത്തിന്റെ അടിസ്ഥാന നയങ്ങള്‍ മാറിയെന്നും, വിദേശ നയത്തിലും രാഷ്ട്രീയത്തിലും അത് പ്രതിഫലിക്കുന്നതായും അഭിപ്രായപ്പെട്ടു. ശക്തമായ ദേശീയതയാണ് ബിജെപി സര്‍ക്കാരിന് കീഴില്‍. അതിന്റെ നേട്ടങ്ങള്‍ കാണാനുമുണ്ട്. ദാരിദ്ര്യ നിര്‍മാര്‍ജനത്തില്‍ രാജ്യം ഏറെ മുന്നോട്ട് പോയെന്നും തരൂര്‍ പറഞ്ഞു.
തീവ്രവാദത്തെ നേരിടാന്‍ ശക്തമായ ഇച്ഛാശക്തി ഈ സര്‍ക്കാര്‍ കാണിക്കുന്നുവെന്ന് ഇംഗ്ലീഷ് ദിനപത്രത്തിലെഴുതിയ മറ്റൊരു ലേഖനത്തിലും തരൂര്‍ പ്രശംസിച്ചു. ഇതിനിടെ നെഹ്റു കുടുംബത്തിനെതിരായ തരൂരിന്‍റെ ലേഖനം ബിജെപി പരമാവധി പ്രചരിപ്പിക്കുകയാണ്. മോദി സര്‍ക്കാരിന്‍റെ ജനാധിപത്യത്തെ തരൂര്‍ പുകഴ്ത്തിയത്, രാഹുല്‍ ഗാന്ധിയുടെ ഏകാധിപത്യത്തിനെതിരായ സന്ദേശമായാണെന്ന് ബിജെപി വക്താവ് ആര്‍ പി സിംഗ് പറഞ്ഞു.
ശശി തരൂരിനെതിരായ വികാരം പാര്‍ട്ടിയില്‍ ശക്തമാകുമ്പോള്‍ അച്ചടക്ക നടപടി വേണ്ടെന്ന നിലപാടിലാണ് കോൺഗ്രസ് ഹൈക്കമാന്‍ഡ്. തരൂരിനെതിരെ നടപടി വേണമെന്ന ആവശ്യം ദേശീയ തലത്തിലും കേരളത്തിലും ശക്തമായിട്ടും അവഗണനയെന്ന നയതന്ത്രം ശശി തരൂരിനോടാവര്‍ത്തിക്കുകയാണ് ഹൈക്കമാന്‍ഡ്. അടുത്തിടെ തരൂര്‍ നടത്തിയ വിവാദ പരാമര്‍ശങ്ങളെല്ലാം തള്ളിയത് പോലെ ഇന്ദിര ഗാന്ധിക്കും സഞ്ജയ് ഗാന്ധിക്കുമെതിരെ ലേഖനത്തിലൂടെ ഉയര്‍ത്തിയ ആക്ഷേപവും തള്ളാനാണ് തീരുമാനം.
അടിയന്തരാവസ്ഥയെ വിമർശിച്ച് ശശി തരൂർ; ഇന്ദിര ഗാന്ധിയെ വിമർശിച്ച തരൂരിനെതിരെ കോൺഗ്രസ് നേതാക്കൾ.