Wednesday, March 25, 2026
Home » ഇറാനെതിരെയുള്ള സൈനിക നടപടികൾ തുടരണമെന്നും ആക്രമണം നിർത്തരുതെന്നും സൗദി അറേബ്യ
ഇറാനെതിരെയുള്ള സൈനിക നടപടികൾ തുടരണമെന്നും ആക്രമണം നിർത്തരുതെന്നും സൗദി അറേബ്യ

ഇറാനെതിരെയുള്ള സൈനിക നടപടികൾ തുടരണമെന്നും ആക്രമണം നിർത്തരുതെന്നും സൗദി അറേബ്യ

by Editor
Send your news and Advertisements

റിയാദ്: ഇറാനെതിരെയുള്ള സൈനിക നടപടികൾ തുടരണമെന്നും ആക്രമണം നിർത്തരുതെന്നും സൗദി അറേബ്യ ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ. ഇറാനെതിരെയുള്ള ആക്രമണങ്ങൾ നിർത്തരുതെന്നും ആവശ്യമെങ്കിൽ കരയുദ്ധം നടത്തണമെന്നും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ആവശ്യപ്പെട്ടതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇറാൻ്റെ മിസൈൽ, ഡ്രോൺ ശേഷികൾ പൂർണ്ണമായും തകർക്കുന്നത് വരെ ആക്രമണം തുടരണമെന്നാണ് സൗദിയുടെ നിലപാട്.

അയൽ രാജ്യങ്ങൾക്ക് നേരെ ഇറാൻ തുടരുന്ന ഡ്രോൺ, മിസൈൽ ആക്രമണങ്ങളാണ് സൗദിയെ ഇത്തരമൊരു നിലപാടിലേക്ക് നയിച്ചത്. സമാധാന ചർച്ചകൾ കൊണ്ട് ഫലമില്ലെന്നും സൈനിക നീക്കം മാത്രമാണ് പോംവഴിയെന്നും സൗദി വിലയിരുത്തുന്നു. ഇറാൻ നടത്തുന്ന പ്രകോപനങ്ങൾ തുടർന്നാൽ ബന്ധങ്ങൾ വഷളാകുമെന്നും ഇറാൻ വലിയ വില നൽകേണ്ടി വരുമെന്നും സൗദി വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇറാൻ തങ്ങളുടെ എണ്ണ കേന്ദ്രങ്ങൾക്ക് നേരെ നടത്തുന്ന ആക്രമണങ്ങൾ തുടർന്നാൽ തിരിച്ചടിക്കുമെന്ന് സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ മുന്നറിയിപ്പ് നൽകി.

ആവശ്യമെങ്കിൽ ഇറാനിലേക്ക് സൈന്യത്തെ അയച്ചുള്ള കരയുദ്ധത്തിനും സൗദി പച്ചക്കൊടി കാട്ടിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. മേഖലയിലെ സമാധാനത്തിന് ഇറാൻ്റെ ഭീഷണി ഇല്ലാതാക്കുകയാണ് ഏക പോംവഴിയെന്ന് സൗദി വിശ്വസിക്കുന്നു. അതേസമയം ഇറാനും അമേരിക്കയ്ക്കും ഇടയിലുള്ള സമാധാന ചർച്ചകൾക്ക് ആതിഥേയത്വം വഹിക്കാൻ പാക്കിസ്ഥാൻ തയ്യാറാണെന്ന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അറിയിച്ചു. യുദ്ധം അവസാനിപ്പിക്കാനായി ട്രംപ് ഭരണകൂടം പാക്കിസ്ഥാൻ വഴി ഇറാൻ്റെ മുന്നിൽ ഒരു 15 ഇന സമാധാന കരാർ സമർപ്പിച്ചതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇത് ഇറാന്റെ സൈനിക വക്താക്കൾ തള്ളിക്കളയുകയും ഇതിനെ പരിഹസിക്കുകയും ചെയ്തു.

സൗദി അറേബ്യയുമായുള്ള പ്രതിരോധ കരാർ പ്രകാരം, സൗദിക്ക് നേരെ ആക്രമണമുണ്ടായാൽ പിന്തുണ നൽകാൻ പാക്കിസ്ഥാൻ ബാധ്യസ്ഥരാണ്. എന്നാൽ നേരിട്ടുള്ള സൈനിക ഇടപെടൽ ഒഴിവാക്കി നയതന്ത്രപരമായ നീക്കങ്ങൾക്കാണ് പാക്കിസ്ഥാൻ മുൻഗണന നൽകുന്നത്. പാക് സൈനിക മേധാവി ജനറൽ അസീം മുനീർ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ഫോണിൽ സംസാരിക്കുകയും മേഖലയിലെ സംഘർഷം ലഘൂകരിക്കാനുള്ള വഴികൾ ചർച്ച ചെയ്യുകയും ചെയ്തതായും റിപ്പോർട്ടുകൾ വരുന്നുണ്ട്.

അതിനിടെ ഇറാനെതിരെയുള്ള സംയുക്ത പ്രസ്താവനയിലെ ഭാഷാപ്രയോഗത്തെച്ചൊല്ലി സൗദി അറേബ്യ, തുർക്കിയോടും പാക്കിസ്ഥാനോടും വിയോജിച്ചതായി സൂചനകളുണ്ട്. റിയാദിൽ നടന്ന വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലാണ് ഈ അഭിപ്രായവ്യത്യാസം ഉണ്ടായത്. സൗദിയുമായി പ്രതിരോധ കരാർ നിലനിൽക്കുന്നുണ്ടെങ്കിലും, ഇറാനുമായുള്ള നേരിട്ടുള്ള സംഘർഷത്തിൽ ഇടപെടാൻ പാക്കിസ്ഥാൻ താല്പര്യപ്പെടുന്നില്ല. യുഎസിനും ഇറാനും ഇടയിൽ ഒരു മധ്യസ്ഥനായി പ്രവർത്തിക്കാനാണ് പാക്കിസ്ഥാൻ ഇപ്പോൾ ശ്രമിക്കുന്നത്. മേഖലയിൽ കൂടുതൽ സൈനിക സംഘർഷം ഉണ്ടാകുന്നത് ഒഴിവാക്കാനാണ് തുർക്കി ആഗ്രഹിക്കുന്നത്. ഈ വിയോജിപ്പുകൾ നിലനിൽക്കുമ്പോഴും, ഇറാൻ്റെ ആക്രമണങ്ങളെ അപലപിച്ചുകൊണ്ടുള്ള ഒരു പൊതു പ്രസ്താവനയിൽ എല്ലാ രാജ്യങ്ങളും ഒപ്പിട്ടിട്ടുണ്ട്.

അതേസമയം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനുമായി ചർച്ചകൾ പുരോഗമിക്കുന്നതായി അവകാശപ്പെടുന്നുണ്ടെങ്കിലും ഇറാൻ ഇത് നിഷേധിച്ചു. തങ്ങളുടെ അയൽരാജ്യങ്ങൾ അമേരിക്കയ്ക്കോ ഇസ്രായേലിനോ സൈനിക ആവശ്യങ്ങൾക്കായി മണ്ണ് വിട്ടുനൽകിയാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇറാൻ-ഇസ്രായേൽ യുദ്ധം കൂടുതൽ ശക്തമാകുന്ന പശ്ചാത്തലത്തിൽ അമേരിക്ക പശ്ചിമേഷ്യയിലേക്ക് കൂടുതൽ സൈനികരെ അയ്ക്കുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. അമേരിക്കയുടെ എലൈറ്റ് വിഭാഗമായ 82-ാം എയർബോൺ ഡിവിഷനിലെ ഏകദേശം 3,000 സൈനികരെ കൂടി പശ്ചിമേഷ്യയിലേക്ക് അയക്കാൻ പെന്റഗൺ തയ്യാറെടുക്കുന്നതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. ഈ യൂണിറ്റുകൾക്ക് വെറും 18 മണിക്കൂറിനുള്ളിൽ ലോകത്തിന്റെ ഏത് ഭാഗത്തും എത്തിച്ചേരാൻ സാധിക്കും. ഇതിനകം തന്നെ ആയിരക്കണക്കിന് അമേരിക്കൻ മാരൈൻ സൈനികർ കപ്പൽ മാർഗ്ഗം മേഖലയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. നിലവിൽ പശ്ചിമേഷ്യയിൽ ഏകദേശം 50,000-ത്തോളം യുഎസ് സൈനികർ നിലയുറപ്പിച്ചിട്ടുണ്ട്.

ഇറാൻ ആക്രമണത്തിൽ ബഹ്റൈനിൽ ഒരാൾ കൊല്ലപ്പെട്ടു; പശ്ചിമേഷ്യയിലേക്ക് ആയിരക്കണക്കിന് സൈനികരെ വിന്യസിക്കാൻ അമേരിക്ക.

You may also like

error: Content is protected !!