Tuesday, January 13, 2026
Mantis Partners Sydney
Home » യെമനിൽ സൗദി അറേബ്യയുടെ വ്യോമാക്രമണം; യു.എ.ഇ നിലപാടിൽ സൗദിക്ക് അതൃപ്തി.
യെമനിൽ സൗദി അറേബ്യയുടെ വ്യോമാക്രമണം; യു.എ.ഇ നിലപാടിൽ സൗദിക്ക് അതൃപ്തി.

യെമനിൽ സൗദി അറേബ്യയുടെ വ്യോമാക്രമണം; യു.എ.ഇ നിലപാടിൽ സൗദിക്ക് അതൃപ്തി.

by Editor

സന: യെമന്റെ തുറമുഖ നഗരമായ മുഖല്ലയ്ക്ക് നേരെ സൗദി അറേബ്യയുടെ വ്യോമാക്രമണം. ആക്രമണത്തിന് പിന്നാലെ യെമനിൽ അടിയന്തരാവസ്ഥ. ആക്രമണത്തിന് പിന്നാലെ അതിർത്തിയിൽ 72 മണിക്കൂർ നിരോധനം അടക്കമാണ് നിലവിൽ പ്രാബല്യത്തിൽ വന്നിട്ടുള്ളത്. യുഎഇയിലെ ഫുജൈറയിൽ നിന്ന് മുഖല്ലയിൽ എത്തിയ കപ്പലുകളിൽ നിന്ന് ഇറക്കിയ കവചിത വാഹനങ്ങളെയും ആയുധങ്ങളെയും ലക്ഷ്യമിട്ടാണ് വ്യോമാക്രമണം നടത്തിയതെന്നാണ് സൗദി അറേബ്യ സ്ഥിരീകരിച്ചത്.

യമൻ അതിർത്തിയിൽ യു.എ.ഇ നടത്തുന്ന സൈനിക നീക്കങ്ങളിലും രാഷ്ട്രീയ ഇടപെടലുകളിലും കടുത്ത അതൃപ്തിയും പ്രതിഷേധവും സൗദി അറേബ്യ രേഖപ്പെടുത്തി. യമനിലെ ഹളർമൗത്ത്, അൽമഹ്‌റ ഗവർണറേറ്റുകളിൽ സൈനിക നീക്കം നടത്താൻ സതേൺ ട്രാൻസിഷനൽ കൗൺസിൽ (എസ്.ടി.സി) സേനയ്ക്ക് മേൽ യു.എ.ഇ സമ്മർദ്ദം ചെലുത്തുന്നത് സൗദിയുടെ ദേശീയ സുരക്ഷയ്ക്കും മേഖലയുടെ സ്ഥിരതയ്ക്കും ഭീഷണിയാണെന്ന് സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

യമനിലെ നിയമപരമായ ഭരണകൂടത്തെ പിന്തുണയ്ക്കുന്നതിനായി രൂപീകരിച്ച അറബ് സഖ്യത്തിന്റെ അടിസ്ഥാന തത്വങ്ങൾക്ക് നിരക്കാത്തതാണ് യു.എ.ഇയുടെ ഈ നടപടികളെന്നും സൗദി കുറ്റപ്പെടുത്തി. സഖ്യസേനയുടെ ഔദ്യോഗിക അനുമതിയില്ലാതെ യു.എ.ഇയിലെ ഫുജൈറ തുറമുഖത്തുനിന്ന് ആയുധങ്ങളും വാഹനങ്ങളും മുഖല്ല തുറമുഖത്തേക്ക് എത്തിച്ചത് സ്ഥിതിഗതികൾ അതീവ ഗുരുതരമാക്കുന്നു. ഈ സാഹചര്യത്തിൽ 24 മണിക്കൂറിനുള്ളിൽ യമനിൽ നിന്ന് സൈന്യത്തെ പിൻവലിക്കാനും ഏതെങ്കിലും വിഭാഗങ്ങൾക്ക് നൽകുന്ന സാമ്പത്തിക, സൈനിക സഹായങ്ങൾ അവസാനിപ്പിക്കാനും സൗദി അറേബ്യ യു.എ.ഇയോട് ആവശ്യപ്പെട്ടു. അയൽരാജ്യങ്ങൾ തമ്മിലുള്ള ബന്ധവും മേഖലയുടെ സമാധാനവും മുൻനിർത്തി യു.എ.ഇ ഈ കാര്യത്തിൽ വിവേകപൂർണ്ണമായ തീരുമാനമെടുക്കുമെന്നും ഉഭയകക്ഷി ബന്ധം സംരക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും സൗദി അറേബ്യ പ്രത്യാശ പ്രകടിപ്പിച്ചു.

സൗദി അറേബ്യയും യുണൈറ്റഡ് അറബ് എമിറേറ്റ്‌സും ഹൂത്തികളെ എതിർക്കുന്നുണ്ടെങ്കിലും ഹൂത്തികൾക്കെതിരായി എതിർ വിഭാഗങ്ങളെയാണ് പിന്തുണയ്ക്കുന്നത്. ചെങ്കടൽ മേഖലയിലുടനീളം വ്യാപകമായ അസ്ഥിരത നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ സംഭവവികാസങ്ങളെന്നതാണ് ശ്രദ്ധേയം.

Send your news and Advertisements

You may also like

error: Content is protected !!