തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിനെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ഇന്നലെ അറസ്റ്റ് ചെയ്തു. വൈദ്യപരിശോധനയ്ക്ക് ശേഷം കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കിയ പത്മകുമാറിനെ 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തു. ഇന്നലെ രാവിലെ മുതൽ ചോദ്യം ചെയ്യൽ തുടരുകയായിരുന്നു. സ്വർണക്കൊള്ളയിൽ പത്മകുമാറിൻ്റെ പങ്ക് എസ്ഐടിക്ക് ബോദ്ധ്യമായതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എ പത്മകുമാറിനെ തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലേക്ക് കൊണ്ടുപോയി.
ഇതോടെ കേസിൽ എസ്ഐടി അറസ്റ്റ് ചെയ്‌തവരുടെ എണ്ണം ആറായി. ഉണ്ണികൃഷ്‌ണൻ പോറ്റി, ദേവസ്വം ബോർഡ് മുൻ അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, മുൻ എക്സിക്യൂട്ടീവ് ഓഫീസർ ഡി. സുധീഷ് കുമാർ, മുൻ തിരുവാഭരണം കമ്മീഷ്‌ണർ കെ.എസ് ബൈജു, മുൻ ദേവസ്വം കമ്മീഷണറും ബോർഡ് പ്രസിഡന്റുമായിരുന്ന എൻ. വാസു എന്നിവരാണ് കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റിലായവർ. മുമ്പ് അറസ്റ്റിലായവരുടെ മൊഴിയിലും കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലുമെല്ലാം എ. പത്മകുമാറിന്റെ പങ്ക് വ്യക്തമാക്കിയിട്ടുണ്ട്. ഉണ്ണികൃഷ്‌ണൻ പോറ്റിക്ക് ശബരിമലയിൽ സർവ സ്വാതന്ത്ര്യവും നൽകിയത് പത്മകുമാറാണെന്നും തെളിഞ്ഞു. കേസിലെ എട്ടാം പ്രതിയാണ് പത്മകുമാർ. മുൻ എംഎൽഎ കൂടിയായ പത്മകുമാർ നിലവിൽ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമാണ്. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ പാർട്ടിയിലെ മുതിർന്ന നേതാവ് അറസ്റ്റിലാകുന്നത് സിപിഎമ്മിന് കനത്ത തിരിച്ചടിയാണ്.
തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തിലാണ് എസ്ഐടി മേധാവി എസ്.പി ശശിധരന്റെ നേതൃത്വത്തിൽ പത്മകുമാറിനെ ഇന്നലെ രാവിലെ ചോദ്യം ചെയ്‌തത്. സ്വർണക്കൊള്ള നടക്കുമ്പോൾ ദേവസ്വം കമ്മിഷണറായിരുന്ന എൻ. വാസു നേരത്തെ അറസ്റ്റിലായിരുന്നു. വാസുവിൻ്റെ മൊഴികളുടെ അടിസ്ഥാനത്തിലാണ് അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്റായ പത്മകുമാറിനെ ചോദ്യം ചെയ്യാൻ തീരുമാനിച്ചത്. ആറൻമുളയിലെ വീട്ടിൽ നിന്നും പത്മകുമാർ രാവിലെ തന്നെ തിരുവനന്തപുരത്ത് ചോദ്യം ചെയ്യലിന് എത്തിയിരുന്നു. ചോദ്യം ചെയ്യലിന് മുന്നോടിയായി നോട്ടീസ് നൽകിയിരുന്നില്ല. തലസ്ഥാനത്ത് എത്തിച്ചേരാൻ കഴിഞ്ഞ ദിവസം വൈകിട്ട് പത്മകുമാറിനോട് എസ്ഐടി ആവശ്യപ്പെടുകയായിരുന്നു.
ശബരിമലയിലെ സ്വര്‍ണക്കൊള്ള പത്മകുമാറിന്റെ അറിവോടെയാണെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. സ്പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പത്മകുമാര്‍ എല്ലാ ഒത്താശയും നല്‍കി. പത്മകുമാറിന്റെ നിര്‍ദേശത്തിലാണ് മഹ്സറില്‍ ചെമ്പ് തകിടുകള്‍ എന്ന് രേഖപ്പെടുത്തിയത്. ഉണ്ണികൃഷ്ണന്‍ പോറ്റിയും പത്മകുമാറും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്നുവെന്നും എസ്ഐടി കണ്ടെത്തി എന്നാണ് കേരളത്തിലെ പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്



