മോസ്കോ: അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാരിനെ ഔദ്യോഗികമായി അംഗീകരിച്ച ആദ്യ രാജ്യമായി റഷ്യ. അഫ്ഗാൻ അംബാസഡർ ഗുൽ ഹസ്സൻ ഹസ്സനിന്റെ നിയമനത്തിന് റഷ്യൻ വിദേശകാര്യ മന്ത്രാലയം അംഗീകാരം നൽകുകയും ചെയ്‌തു. റഷ്യയുടേത് ധീരമായ തീരുമാനമെന്ന് അഫ്ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രി അമിർ ഖാൻ വിശേഷിപ്പിച്ചു. വ്യാഴാഴ്ച കാബൂളിൽ വെച്ച് ആമിർ ഖാൻ റഷ്യൻ അംബാസഡർ ദിമിത്രി ഷിർനോവിനെ കണ്ടതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കൂടിക്കാഴ്ചയിൽ ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാനെ അംഗീകരിക്കാനുള്ള റഷ്യൻ സർക്കാരിന്റെ തീരുമാനം ദിമിത്രി ഷിർനോവ് ഔദ്യോഗികമായി അറിയിച്ചുവെന്നും അമിർ ഖാൻ വ്യക്തമാക്കി. താലിബാന്‍ സര്‍ക്കാരിനെ റഷ്യ അംഗീകരിച്ചതായി റഷ്യന്‍ വിദേശകാര്യ മന്ത്രാലയവും പിന്നീട് സ്ഥിരീകരിച്ചു. നല്ല ബന്ധത്തിന്റെ തുടക്കമാണിത്. ബഹുമാനത്തിൻ്റെയും ക്രിയാത്മക ഇടപെടലുകളുടെയും ഒരു പുതിയ ഘട്ടമാണ് റഷ്യയുടെ തീരുമാനം. ഈ മാറ്റം മറ്റ് രാജ്യങ്ങൾക്ക് ഒരു മാതൃകയാക്കുമെന്നും അഫ്ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രി അമിർ ഖാൻ പറഞ്ഞു.
2021 -ലാണ് അഫ്ഗാന്റെ ഭരണം താലിബാൻ പിടിച്ചെടുത്തത്. രണ്ട് മാസം മുമ്പ്, റഷ്യൻ സുപ്രീം കോടതി താലിബാന്റെ പ്രവർത്തനത്തിന് അനുമതി നൽകിയിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് താലിബാനെ തീവ്രവാദ പട്ടികയിൽ നിന്ന് നീക്കം ചെയ്യാനുള്ള നിയമത്തിൽ പ്രസിഡന്റെ വ്ളാഡമിർ പുടിൻ ഒപ്പുവച്ചത്. 2021 ഓഗസ്റ്റിൽ അധികാരത്തിൽ തിരിച്ചെത്തിയത് മുതൽ അന്താരാഷ്ട്ര അംഗീകാര ലഭിക്കാനുളള ശ്രമത്തിലായിരുന്നു താലിബാന്‍ ഭരണകൂടം. താലിബാൻ അധികാരത്തിലെത്തിയ ശേഷം മനുഷ്യാവകാശ ലംഘനങ്ങൾ വർദ്ധിച്ചുവരുന്നതായും റിപ്പോർട്ടുകൾക്കിടെയാണ് റഷ്യയുടെ തീരുമാനം ഉണ്ടായിരിക്കുന്നത്. 2021 മുതൽ അഫ്ഗാനിസ്ഥാനിലുളള എംബസി അടച്ചുപൂട്ടാത്ത ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നാണ് റഷ്യ. പ്രാദേശിക സുരക്ഷയും സാമ്പത്തിക വികസനം ഉണ്ടാകുന്നതിനും കാബൂളുമായുള്ള ബന്ധം നിർണായകമാണെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.