Wednesday, October 15, 2025
Mantis Partners Sydney
Home » ക്യാൻസർ ചികിത്സാ രംഗത്ത് പുതു ചരിത്രം സൃഷ്ടിക്കാനൊരുങ്ങി റഷ്യ.
ക്യാൻസർ ചികിത്സാ രംഗത്ത് പുതു ചരിത്രം സൃഷ്ടിക്കാനൊരുങ്ങി റഷ്യ.

ക്യാൻസർ ചികിത്സാ രംഗത്ത് പുതു ചരിത്രം സൃഷ്ടിക്കാനൊരുങ്ങി റഷ്യ.

by Editor

മോസ്കോ: ക്യാൻസർ ചികിത്സാ രംഗത്ത് പുതു ചരിത്രം സൃഷ്ടിക്കാനൊരുങ്ങി റഷ്യ. ക്യാൻസർ വാക്‌സിനായ എൻ്റോമിക്സ് വികസിപ്പിച്ചെടുത്തെന്ന് ഫെഡറൽ മെഡിക്കൽ ആൻഡ് ബയോളജിക്കൽ ഏജൻസി (എഫ്എംബിഎ) അറിയിച്ചു. എംആർഎൻഎ (mRNA) അധിഷ്ഠിത വാക്‌സിനായ എൻ്റോമിക്‌സ് ക്ലിനിക്കൽ പരീക്ഷണങ്ങളിൽ 100 ശതമാനം ഫല പ്രാപ്തിയും സുരക്ഷയും ഉറപ്പു നൽകിയതായി റഷ്യൻ മെഡിക്കൽ വിദഗ്‌ധർ അവകാശപ്പെട്ടു. റഷ്യൻ വാർത്താ ഏജൻസിയായ ടാസിന്റെ റിപ്പോർട്ട് പ്രകാരം, ഈസ്റ്റേൺ ഇക്കണോമിക് ഫോറത്തിൽ എഫ്എംബിഎ മേധാവി വെറോണിക്ക സ്ക്വോർട്ട്‌സോവയാണ് ഈ പ്രഖ്യാപനം നടത്തിയത്. വാക്സിൻ വർഷങ്ങളുടെ ഗവേഷണം പൂർത്തിയാക്കിയിട്ടുണ്ടെന്നും, അതിൽ മൂന്ന് വർഷത്തെ ആവശ്യമായ പ്രീക്ലിനിക്കൽ പരീക്ഷണങ്ങൾ ഉൾപ്പെടുന്നുവെന്നും സ്ക്വോർട്ട്സോവ പറഞ്ഞു.

ട്യൂമറുകളെ ചുരുക്കുകയും അവയുടെ വളർച്ച മന്ദഗതിയിലാക്കുകയും ചെയ്യുന്നതിൽ വാക്‌സിൻ വിജയിച്ചതായാണ് പുറത്തു വരുന്ന റിപ്പോർട്ട്. റഷ്യയുടെ നാഷണൽ മെഡിക്കൽ റിസർച്ച് റേഡിയോളജിക്കൽ സെൻ്ററും ഏംഗൽഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മോളിക്കുലർ ബയോളജിയും ചേർന്നാണ് വാക്‌സീൻ വികസിപ്പിച്ചത്. ക്ലിനിക്കൽ ഉപയോഗത്തിന് വാക്‌സിൻ ഇപ്പോൾ തയ്യാറാണെന്ന് ഫെഡറൽ മെഡിക്കൽ ആൻഡ് ബയോളജിക്കൽ ഏജൻസി (എഫ്എംബിഎ) പ്രഖ്യാപിച്ചു കഴിഞ്ഞു. ഈ വാക്‌സിൻ ആവർത്തിച്ചുള്ള ഉപയോഗത്തിന് സുരക്ഷിതമാണെന്നും കണ്ടെത്തിയിട്ടുണ്ട്.

ഓരോ രോഗിക്കും അവരുടെ വ്യക്തിഗത ആർഎൻഎയ്ക്ക് അനുസൃതമായി വാക്‌സിനിൽ പരിഷ്‌കരണങ്ങൾ വരുത്തി (Customized) ഉപയോഗിക്കാനും സാധിക്കുമെന്ന് എഫ്എംബിഎ മേധാവി വെറോണിക്ക സ്കോർട്ട്സോവ പറഞ്ഞു. കൊളോറെക്ടൽ കാൻസറിനെ ചികിത്സിക്കാൻ വാക്‌സിനിൻ്റെ ആദ്യ രൂപം ഉപയോഗിക്കുമെന്നും ഗ്ലിയോബ്ലാസ്റ്റോമ, മെലനോമ, സ്‌കിൻ ക്യാൻസർ എന്നിവയ്ക്കുള്ള പതിപ്പുകൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും അവർ അറിയിച്ചു.

കീമോതെറാപ്പി, റേഡിയേഷൻ പോലെ ഗുരുതരമായ പാർശ്വഫലങ്ങൾ വാക്‌സിന് ഇല്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ജൂൺ 18 മുതൽ 21 വരെ വടക്കൻ റഷ്യയിൽ നടന്ന സെൻ്റ് പീറ്റേഴ്‌സ്‌ബർഗ് ഇൻ്റർനാഷണൽ ഇക്കണോമിക് ഫോറത്തിൽ ക്ലിനിക്കൽ പരീക്ഷണം ആരംഭിച്ചതായി പ്രഖ്യാപിച്ചിരുന്നു. 48 സന്നദ്ധ പ്രവർത്തകരാണ് എന്ററോമിക്‌സ് ഓങ്കോളിറ്റിക് വാക്‌സിനുകളുടെ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ പങ്കെടുത്തതെന്നാണ് റിപ്പോർട്ട്. പരീക്ഷണങ്ങൾ അവസാനിച്ചതോടെ അവശേഷിക്കുന്ന ഒരേയൊരു ഘട്ടം റെഗുലേറ്ററി ക്ലിയറൻസ് മാത്രമാണ്. അംഗീകരിക്കപ്പെട്ടാൽ, പൊതുജനങ്ങൾക്ക് ലഭ്യമായ ആദ്യത്തെ കസ്റ്റമൈസ്ഡ് എംആർഎൻഎ കാൻസർ വാക്‌സിനായി എൻ്ററോമിക്സ് മാറും.

Send your news and Advertisements

You may also like

error: Content is protected !!