പട്‌ന: ബിഹാറിലെ പട്‌ന നഗരത്തിൽ രാജേന്ദ്ര നഗർ ടെർമിനലിന് സമീപം ആർജെഡി നേതാവ് വെടിയേറ്റ് മരിച്ചു. രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവ് അള്ളാ റായ് എന്നറിയപ്പെടുന്ന രാജ്കുമാർ റായിയെ പട്നയിലെ ചിത്രഗുപ്ത് നഗർ പോലീസ് സ്‌റ്റേഷന് പരിധിയിലുള്ള മുന്ന ചാക് ഏരിയയിൽ വച്ച് അജ്ഞാതർ വെടിവെച്ചു കൊതായി പോലീസ് അറിയിച്ചു. ബുധനാഴ്‌ച രാത്രി 10 മണിയോടെ ആണ് സംഭവം നടന്നത്. വിവരം ലഭിച്ചയുടനെ പോലീസ് സ്ഥലത്തെത്തി അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു എങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.
സംഭവസ്ഥലത്ത് നിന്ന് ആറ് ഉപയോഗിച്ച വെടിയുണ്ടകൾ പോലീസ് കണ്ടെടുത്തതായി രാജേന്ദ്ര നഗർ എസ്‌പി പറഞ്ഞു. സംഭവത്തിൽ രണ്ടിലധികം പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നു. സംസ്ഥാനത്തെ വഷളായിക്കൊണ്ടിരിക്കുന്ന ക്രമസമാധാന നില തടയുന്നതിൽ ബീഹാറിലെ നിതീഷ് കുമാർ സർക്കാർ ദയനീയമായി പരാജയപ്പെട്ടുവെന്ന് ആർജെഡി വക്താവ് ഇജാസ് അഹമ്മദ് പ്രതികരിച്ചു.