Mantis Partners Sydney
Wednesday, February 11, 2026
Mantis Partners Sydney
Home » എം. മുരളിയെ ഓർക്കുമ്പോൾ
എം. മുരളിയെ ഓർക്കുമ്പോൾ

എം. മുരളിയെ ഓർക്കുമ്പോൾ

ആർ. ഗോപാലകൃഷ്ണൻ

by Editor

മാവേലിക്കര മുൻ എംഎൽഎ യും കോൺഗ്രസ് നേതാവുമായ എം. മുരളി (73) കഴിഞ്ഞ ദിവസം അന്തരിച്ചു. തിരുവനന്തപുരത്തെ ഒരു ആശുപത്രിയിൽ ആയിരുന്നു അന്ത്യം. രാവിലെ ചെക്കപ്പിന് വന്ന്, ആശുപത്രിയിലേക്ക് നടന്നു കയറിപ്പോയ മുരളി ഏതാനും നിമിഷങ്ങൾക്കപ്പുറം കുഴഞ്ഞുവീണ് മരിച്ചെന്ന് കേട്ട് ഉറ്റവരും ബന്ധുക്കളും രാഷ്ട്രീയ സഹപ്രവർത്തകരം നേതാക്കളും അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി.

1991 മുതൽ തുടർച്ചയായി നാലു തവണ മാവേലിക്കര മണ്ഡലത്തെ മുരളി പ്രതിനിധീകരിച്ചു. വേറിട്ട ശൈലിയിലൂടെ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന നേതാവായിരുന്നു മുരളി. 2011-ൽ മണ്ഡലം മാറി; മാവേലിക്കര സംവരണ മണ്ഡലമായതോടെ കായംകുളത്തേക്കും ചെങ്ങന്നൂരിലേക്ക് മാറി പരീക്ഷിച്ച മുരളിക്ക് പരാജയം രുചിക്കേണ്ടിവന്നു.

നിയമസഭയിൽ ഏറ്റവും കൂടുതൽ സ്വകാര്യ ബില്ലുകൾക്ക് അവതരണാനുമതി തേടി പ്രമേയം അവതരിപ്പിച്ചത് മുരളിയായിരുന്നു. മലയാള സർവകലാശാലയെന്ന ആശയവും ആദ്യം സഭയിൽ സ്വകാര്യ ബില്ലായി കൊണ്ടുവന്നതു മുരളിയായിരുന്നു. (2012-ൽ ഇത് യാഥാർത്ഥ്യമായി.) ഇന്ത്യൻ അഡ്‌മിസ്ട്രേറ്റീവ് സർവീസ് (IAS) മാതൃകയിൽ കേരള അഡ്‌മിനിസ്‌ട്രേറ്റീവ് സർവീസ് (KSA) ഉണ്ടാക്കണമെന്ന ആശയം അടങ്ങിയ ബിൽ 2001ൽ മുരളി അവതരിപ്പിച്ചിരുന്നു. (2018 ജനുവരി 1-ന് ഇതു യാഥാർത്ഥ്യമായി.)

നിയമസഭാ കമ്മിറ്റി ചെയർമാൻ എന്ന നിലയിൽ വിഷയങ്ങൾ പഠിച്ച്, ഉദ്യോഗസ്ഥന്മാരുമായി ആശയ വിനിമയം നടത്തി ശക്തമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിൽ മുരളി സമർത്ഥനായിരുന്നു. കെ.എസ്.യു. ഭാരവാഹി ആയിരുന്ന കാലം മുതൽ എനിക്ക് മുരളിയെ പരിചയമായിരുന്നു. കെ.എസ്.യു. സംസ്ഥാന പ്രസിഡണ്ടായ കാലത്ത് (1980) സംഘടനയുടെ സംസ്ഥാന ഓഫീസ് എറണാകുളത്തായിരുന്നതു കൊണ്ട് കൂടെക്കൂടെ കാണാറുണ്ടായിരുന്നു. പിന്നീട് 1991-ൽ മാവേലിക്കരയിലെ ജനപ്രതിനിധി ആയതിനു ശേഷം തിരുവനന്തപുരത്തു വച്ച് ഇടക്കിടെ കണ്ടിരുന്നു.

മാവേലിക്കര ചെറുകോൽ വൈപ്പു വിളയിൽ പരേതനായ കെ.പി. മാധവൻ പിള്ളയുടെയും വി.കെ. രാജമ്മയുടെയും മകനാണ്. 1969-ൽ കെ.എസ്.യു. അംഗമായി പൊതുപ്രവർത്തനത്തിലേക്ക് കടന്നുവന്നു. ദേവസ്വം ബോർഡ് കോളേജിൽ അധ്യാപികയായ പ്രൊഫ. കെ.എസ്. രമാദേവിയാണ് ഭാര്യ. മക്കൾ: ഡോ. മിഥുൻ, മൃദുൽ, മൃണാൾ.

ആർ. ഗോപാലകൃഷ്ണൻ

Send your news and Advertisements

You may also like

error: Content is protected !!