തിരുവനന്തപുരം: റവാഡ ചന്ദ്രശേഖര്‍ സംസ്ഥാനത്തിന്റെ പുതിയ പോലീസ് മേധാവി. പ്രത്യേക മന്ത്രിസഭ യോഗത്തിൽ ആണ് തീരുമാനം. 1991 ബാച്ച് ഉദ്യോഗസ്ഥനായ, ആന്ധ്ര സ്വദേശിയായ രവാഡ ചന്ദ്രശേഖറിന് 2026 വരെയാണ് സര്‍വീസ് ഉള്ളത്. പൊലീസ് മേധാവിയായാല്‍ ഒരു വര്‍ഷം കൂടി അധികം സര്‍വീസ് ലഭിക്കും. കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ (ഐബി) സ്‌പെഷല്‍ ഡയറക്ടറായിരുന്ന രവാഡ ചന്ദ്രശേഖറിനെ, അടുത്തിടെ കേന്ദ്ര കാബിനറ്റില്‍ സുരക്ഷാ സെക്രട്ടറിയായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചിരുന്നു.
തലശ്ശേരി എഎസ്പി ആയാണ് റവാഡയുടെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. റവാഡ ചന്ദ്രശേഖർ കൂത്തുപറമ്പ് വെടിവെപ്പ് സമയത്ത് കണ്ണൂരിലെ എഎസ്പി ആയിരുന്നു. ചുമതലയേറ്റ് 48 മണിക്കൂറിലാണ് കൂത്തുപറമ്പ് വെടിവെപ്പുണ്ടാകുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് റവാഡ ചന്ദ്രശേഖർ ആരോപണ നിഴലിലായിരുന്നു. കുറ്റക്കാരനെന്ന് കണ്ടെത്തിയെങ്കിലും 2012-ൽ അദ്ദേഹം കുറ്റവിമുക്തനാക്കപ്പെട്ടു. പത്തനംതിട്ട എഎസ്പി, പാലക്കാട് ക്രൈം ബ്രാഞ്ച് എസ്പി, തിരുവനന്തപുരം പോലീസ് കമ്മിഷണര്‍ തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
മുംബൈ ഐബിയിൽ അഡിഷണൽ ഡയറക്ടറായും റവാഡ ചന്ദ്രശേഖർ പ്രവർത്തിച്ചിട്ടുണ്ട്. 2023-ല്‍ റവാഡക്ക് ഡിജിപിയായി സ്ഥാനക്കയറ്റം നൽകി. കേന്ദ്ര ഡെപ്യൂട്ടേഷനില്‍നിന്ന് നേരേ പോലീസ് മേധാവി സ്ഥാനത്തെത്തുന്നയാള്‍ എന്നൊരു പ്രത്യേകതയും റവാഡയുടെ സ്ഥാനാരോഹണത്തിലുണ്ട്.