ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി സുറിയാനി ഓർത്തഡോക്സ് സഭയുടെ (യാക്കോബായ) പരമാധ്യക്ഷൻ മോർ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയനുമായി കൂടിക്കാഴ്ച നടത്തി. സഭാ തർക്കം, ന്യൂനപക്ഷ അവകാശങ്ങൾ തുടങ്ങിയ വിഷയങ്ങൾ ചർച്ചയായതായാണ് റിപ്പോർട്ടുകൾ. മോർ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയനെ നേരിൽ കാണാൻ സാധിച്ചതിൽ ഏറെ അഭിമാനമുണ്ടെന്നും കൂടിക്കാഴ്ചയിൽ വിവിധ വിഷയങ്ങൾ ചർച്ചയായെന്നും മോദി എക്സിൽ കുറിച്ചു. അന്താരാഷ്ട്ര തലത്തിൽ പ്രധാനമന്ത്രി നടത്തുന്ന സമാധാന ശ്രമങ്ങളെ പാത്രിയർക്കീസ് ബാവ അഭിനന്ദിക്കുകയും ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും സഭാ പ്രതിനിധികളും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച ഇന്നലെ ഉച്ചയോടെയാണ് നടന്നത്. സഭകൾ തമ്മിലുള്ള ഐക്യം, ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ, ദീർഘകാലമായി നിലനിൽക്കുന്ന സഭാ തർക്കം എന്നിവയായിരുന്നു ചർച്ചയിലെ പ്രധാന വിഷയങ്ങൾ. വിഘടിച്ചു നിൽക്കുന്ന സഭകൾ ഒന്നിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, കോടതിക്ക് പുറത്തുള്ള തർക്കപരിഹാരത്തിനാണ് മുൻഗണന നൽകേണ്ടതെന്ന് ചൂണ്ടിക്കാട്ടി. സഭകൾക്കിടയിലെ ഐക്യം വിശ്വാസികളുടെയും സമൂഹത്തിന്റെയും പുരോഗതിക്ക് അനിവാര്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. തർക്കങ്ങൾ പരിഹരിക്കാൻ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് ആവശ്യമായ ഇടപെടലുകൾ നടത്താമെന്ന് അദ്ദേഹം സഭാ പ്രതിനിധികൾക്ക് ഉറപ്പ് നൽകി.
സഭാ ഐക്യത്തിനായുള്ള എല്ലാ നീക്കങ്ങളെയും യാക്കോബായ സഭ എന്നും സ്വാഗതം ചെയ്തിട്ടുണ്ടെന്ന് സഭയുടെ പരമാധ്യക്ഷൻ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ വ്യക്തമാക്കി. സമാധാനപരമായ അന്തരീക്ഷം നിലനിർത്താൻ സഭ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സുറിയാനി ഓർത്തഡോക്സ് സഭയുടെ (Syriac Orthodox Church) പരമാധ്യക്ഷനാണ് പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ. ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ, അഭിവന്ദ്യ മോർ യൗസേബിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ട്വൻ്റി-20 ചീഫ് കോർഡിനേറ്റർ സാബു എം. ജേക്കബ് എന്നിവരും കൂടിക്കാഴ്ചയിൽ സന്നിഹിതരായിരുന്നു.
മലങ്കര സഭയുടെ പരമാധ്യക്ഷനെ സന്ദർശിച്ചു ട്വന്റി-20 ചെയർമാൻ സാബു എം. ജേക്കബ്


