മലയാളത്തിന്റെ നിത്യഹരിത നായകൻ പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു. 71 വയസ്സായിരുന്നു. തിങ്കളാഴ്ച രാത്രി 11.50-ടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വഴുതക്കാട് കോർഡോൺ ട്രിനിറ്റി 2 ബിയിൽ ആയിരുന്നു താമസം. 4 വർഷമായി വൃക്ക–ഹൃദയ സംബന്ധമായ രോഗങ്ങൾക്കു ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാത്രിയോടെ രോഗം വഷളായതിനെത്തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
നടൻ പ്രേംനസീറിൻ്റെയും ഭാര്യ ഹബീബ ബീവിയുടെയും മകനായി തിരുവനന്തപുരത്തായിരുന്നു ഷാനവാസ് ജനിച്ചത്. ചിറയിൻകീഴ് ഇംഗ്ലിഷ് മീഡിയം സ്‌കൂൾ, മോണ്ട്ഫോർട്ട് സ്‌കൂൾ, യേർക്കാട് എന്നിവിടങ്ങളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. ചെന്നൈ ന്യൂ കോളജിൽനിന്ന് ഇംഗ്ലിഷ് സാഹിത്യത്തിൽ മാസ്റ്റേഴ്സ‌് ബിരുദം നേടി. മലയാളത്തിൽ 50-ലധികം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിരുന്നു. 1981 ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത പ്രേമഗീതങ്ങൾ എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. നീണ്ട ഇടവേളയ്ക്ക് ശേഷം 2011-ൽ പുറത്തിറങ്ങിയ ചൈനാ ടൗൺ എന്ന മലയാള ചലച്ചിത്രത്തിലൂടെ അദ്ദേഹം സിനിമാരംഗത്തേക്ക് തിരിച്ചെത്തി.2022 ൽ പുറത്തിറങ്ങിയ ജനഗണമനയാണ് അവസാനമായി അഭിനയിച്ച സിനിമ.
ഷാനവാസ് ഏറെക്കാലമായി മലേഷ്യയിലായിരുന്നു താമസം. ആയിഷ ബീവിയാണ് ഭാര്യ. ഷമീർ ഖാൻ, അജിത് ഖാൻ എന്നിവരാണ് മക്കൾ. ഷമീർ ഉപ്പുകണ്ടം ബ്രദേഴ്സ് ബാക്ക് ഇൻ ആക്ഷൻ എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.