– – സ്ത്രീ തുറന്നെഴുതിയാൽ പുരുഷന്റെ പ്രതിച്ഛായ മങ്ങും. ടോൾസ്റ്റോയ് ആരുടെയെങ്കിലും വിഗ്രഹമാണെങ്കിൽ, അതുടയ്ക്കാൻ സോഫിയയുടെ തുറന്നെഴുത്തുകൾ മതിയാകും – ചന്ദ്രമതി ടീച്ചറിന്റെ ‘ഒഴുകാതെ ഒരു പുഴ ‘ എന്ന നോവലിന്റെ പുറം കവറിൽ അജയ് പി. മങ്ങാട്ട് എന്ന എഴുത്തുകാരന്റെ വാക്കുകൾ ശ്രദ്ധാർഹമായി കൊടുത്തിട്ടുണ്ട്.
അതീവവും അഗാധവും അത്യന്തം അനന്തവുമായി തുടരുന്ന സത്യമാണത്.
വിജയിയായ ഏതൊരു പുരുഷന്റെയും പിന്നിൽ ഒരു സ്ത്രീസാന്നിധ്യത്തിന്റെ നിഴൽ സദാ ചേർന്നു നിൽക്കുന്നുണ്ടാവും എന്നു പറയുന്നല്ലോ. പ്രയത്നശാലികളും വിവേകികളുമായ പെണ്ണുങ്ങൾക്ക് ആശ്വാസം പകരാനെന്ന വ്യാജേന (അതോ അടക്കിയിരുത്താനോ ?) എവിടുന്നോ വന്ന ഒരു തിരുവെഴുത്താണത്.
സ്വന്തം വീട്ടിൽ ഇഷ്ടത്തിനൊത്ത് വരച്ചും പാടിയും നൃത്തം വെച്ചും വായിച്ചും ആഹ്ളാദിച്ച പെൺകുട്ടിയെ, വിവിവാഹിതയാക്കുന്നിടം മുതൽ ‘വിജയം വരിക്കുന്ന ഒരു പുരുഷ നിർമ്മിതി‘യിലേക്ക് നിർബന്ധിത നിയമനം ലഭിക്കുകയാണ്. മരത്തിൽ കെട്ടിയിട്ട പോലെയുള്ള ജീവിതം.
ഇതിൽ നിന്നും കൊയ്തെടുക്കുന്ന നേട്ടങ്ങളാണ് പുരുഷനെ വിജയിയാക്കുന്നത്.
പ്രേമവും വിവാഹവും ലോല വിചാരങ്ങളും നവവധു ആസ്വദിക്കുന്നു.
രാത്രികളിൽ രതിയുടെ താളവും ഭംഗിയും ടോൾസ്റ്റോയ്യുടെ ഭാര്യ സോണിയയും ആസ്വദിച്ചു എന്ന് നോവൽ പറയുന്നു.. ഇതായിരിക്കും മുന്നോട്ടുള്ള ജീവിതമെന്ന മൂഢവിചാരങ്ങൾ ഒഴിഞ്ഞു പോകുന്നത് അവളെ ദു:ഖിതയാക്കുന്നു.
സ്വപ്നങ്ങൾ തമ്മിൽ ഒരുപാട് വ്യത്യാസങ്ങളുണ്ടാകുന്നത് നവവധു മനസ്സിലാക്കുന്നയിടത്ത് കാര്യങ്ങൾ മാറുകയാണ്.
തുടർന്നു വരുന്നത് ചിരിയും സന്തോഷവുമില്ലാത്ത പകലുകളിലെ മൗനങ്ങളായിരിക്കും.
അവളുടെ സ്വപ്നങ്ങളെ ആരും അറിയാനോ, വളർത്താനോ വരില്ലെന്നും ചാപിള്ളകളോ അംഗഭംഗം വന്നതോ അകാല മരണമടയുന്നതോ ആയി അതൊക്കെ പരാജയപ്പെടുമെന്നും അറിഞ്ഞ് വിഷാദവതിയാവുകയാണവൾ.
തുടർന്ന്, വ്യഥിതവും വ്യസനങ്ങളനുഭവിക്കുന്നതും മാരകവും മാത്രമായ ഒരു സ്ത്രീച്ചിത്രമാകുകകയാണവൾ. ‘ഒഴുകാതെ ഒരു ഒരു പുഴ’ യുടെ കഥ ടോൾസ്റ്റോയ്യുടേതും സോണിയയുടേതും മാത്രമല്ലാതാകുന്നത് അങ്ങനെയാണ്.
യാസ്നായ പോള്യാനയിലേക്ക് ഉല്ലാസവതിയായി കടന്നുവരുന്ന സോണിയ, കാർഷിക വൃത്തിയും കന്നുകാലി വളർത്തലും അനേകം അംഗങ്ങളും പരിചാരകരും, സേവകരും പണിക്കാരുമെല്ലാമടങ്ങിയ ആൾക്കൂട്ടത്തിലേക്കാണെത്തുന്നത്. മോസ്കോയിലെ നഗര ജീവിതം കണ്ട അവൾക്ക് പോള്യാനോയിലെ ഗ്രാമ്യ ശീലങ്ങൾ ദു:സ്സഹമാകുന്നു ആദ്യമൊക്കെ.
– വിവാഹം വഴി സ്വന്ത വീടുപേക്ഷിച്ചു വരുന്ന പെണ്ണിന് ലോകത്തെവിടെയും നേരിടേണ്ടി വരുന്ന ആദ്യ വെല്ലുവിളി.- ഏറെ വൈകാതെ ജീവിതഭാരമാകെ അവളുടെ തോളുകളിലെത്തുന്നു.
തുടരെത്തുടരെയുള്ള പ്രസവങ്ങൾ…
സോണിയയ്ക്ക് 16 മക്കളുണ്ടായി എന്ന് വായിക്കുമ്പോൾ നമ്മൾ തലയിൽ കൈവച്ച് പോകും.
മൂന്ന് കുഞ്ഞുങ്ങൾ മരണപ്പെടുന്നുമുണ്ട്.
എന്നാലിതൊന്നും ടോൾസ്റ്റോയ്ക്ക് ബാധകമാകുന്നില്ല.
പുസ്തകങ്ങളെഴുതുന്നത് പകർത്തിയെഴുതാനും അദ്ദേഹത്തിനുണ്ടാകുന്ന ഭ്രമ വ്യതിയാനങ്ങളനുഭവിക്കാനും സോണിയ നിർബന്ധിതയാകുകയാണ്.
അനാരോഗ്യവതിയും ചഞ്ചലചിത്തയുമെങ്കിലും ഭർത്താവിനോടുള്ള യഥാർത്ഥ സ്നേഹം നിമിത്തം അയാളുടെ നിലപാട് ചാഞ്ചാട്ടങ്ങളോടു പോലും ചേർന്നു നിൽക്കുകയാണ് സോണിയ.
പുറമേയ്ക്ക് വാഴ്ത്തപ്പെടുന്നവനെങ്കിലും കാപട്യങ്ങളുടെ യാഥാർത്ഥ്യം സോണിയയ്ക്ക് അരോചകമാകുന്നു. അതും മൂടിവെക്കുകയാണവർ.
വിവാഹത്തിന് സ്ത്രീ കൊടുക്കുന്ന വില അവളോളം തന്നെയാണ്.
അവൾക്ക് ഒരു പ്രാധാന്യവും കൽപ്പിച്ചു കൊടുക്കാത്ത, എന്നാൽ അവളില്ലാതെ ഒരു ചലനം പോലും നേരെ ചൊവ്വേ നടക്കാത്ത കുടുംബ സ്ഥാപനത്തിൽ സൗന്ദര്യവും ആരോഗ്യവും മനസ്സും സ്വപ്നങ്ങളും നഷ്ടപ്പെടുത്തിയുള്ള ജീവിതം.
ടോൾസ്റ്റോയ് റഷ്യയൊന്നാകെ ബഹുമാനിക്കുന്ന എഴുത്തുകാരനാണ്.
വെട്ടിയും തിരുത്തിയും ആവർത്തിച്ചാവർത്തിക്കുന്ന പകർത്തിയെഴുത്ത് . അതത്യന്തം ക്ലേശകരമാണെങ്കിലും ഒരഭിപ്രായത്തിനുള്ള സ്വാതന്ത്ര്യം പോലും വിഖ്യാത എഴുത്തുകാരൻ ഭാര്യയ്ക്ക് കൊടുക്കുന്നില്ല. താൻ എഴുതിയതിൽ കൈവെക്കാൻ അവസരം കിട്ടിയതിൽ തലകുനിച്ച് കൈകൂപ്പി നിൽക്കുക എന്നാണങ്ങേരുടെ ഭാവം.
– സോണിയ തലേന്ന് പറയുന്ന കാര്യങ്ങൾ കഥയായി വരുന്നത് കണ്ട് അന്തം വിടാറുണ്ടവർ.
– വിഖ്യാത കൃതികളിലെല്ലാം ആ പാവത്തിന്റെ സംഭാവനകൾ ഉറപ്പായും ഉണ്ടാവാൻ സാധ്യതയുണ്ട്.
– സോണിയയിൽ ഒരു എഴുത്തുകാരിയുണ്ടെന്ന് അറിയാവുന്ന ടോൾസ്റ്റോയ് ആ വശം മൂടിവെക്കാനും അവരുടെ ചിറകുകൾ അരിഞ്ഞു കളയാനും പരിശ്രമിച്ചിരിക്കണം.
– കഥയുടെ അന്ത്യത്തോളം ഒഴുകാതെ ഒരു പുഴയായി തുടരുകയാണ് സോണിയ. നിറയുന്ന പുഴ എങ്ങനെയാണ് ഒഴുകാതെ നിൽക്കുക?
– ആ സമ്മർദ്ദങ്ങളാണ് നോവൽ മുഴുവനും. ഒടുവിൽ വറ്റിവരണ്ട് തരിശായിത്തീരുന്ന സോണിയ എന്ന പുഴ നമ്മുടെ ദുഃഖമായി മാറുന്നു.
– സമാന കഥകൾ എവിടെയും കാണാം.
– താജ് മഹൽ എന്നത് വെണ്ണക്കല്ലിൽ തീർത്ത പ്രണയ കാവ്യശില്പമെന്നല്ലേ പറയുന്നത്. കല്ലിൽ കവിത വിരിയിക്കുന്ന
– ഷാജഹാന് മുംതാസിനോട് മാത്രമായിരുന്നോ പ്രണയം .?
– 16-ാമത്തെ പ്രസവത്തിലാണെന്ന് തോന്നുന്നു അവരുടെ മരണം.
– താജ് മഹൽ പോലെയുള്ള അത്ഭുത നിർമ്മിതി ഷാജഹാന് വിട്ടുമാറാത്ത ഭ്രമമായിരുന്നോ?
– അടുത്ത മഹാത്ഭുതം നിർമ്മിക്കാനൊരുങ്ങിയ അച്ഛനെ മകൻ തടവിലാക്കിയെന്നും ചരിത്രം പറയുന്നുണ്ടോ?
– മുംതാസിനുള്ള സ്മാരകം എന്ന് പറയുന്നിടത്ത് ലോക ശ്രദ്ധയുടെ പിടിച്ചു വാങ്ങലായിരുന്നോ ഉദ്ദേശ്യം?
– 10 ഉം 14 ഉം പ്രസവിച്ചിട്ടുള്ള മുൻതലമുറകൾ ഇവിടെയുമുണ്ടായിരുന്നു.
– 10 മക്കളുണ്ടായ അമ്മയുടെ അമ്മയെ ഓർക്കാനൊരവസരമായി നോവൽ വായന. ഞങ്ങൾ സഹോദരങ്ങൾ 3 പേർ ഉണ്ടായ അതേ കാലയളവിൽ തന്നെ അമ്മയുടെ അമ്മയ്ക്കും മക്കളുണ്ടായത് ഓർക്കാൻ ഒരവസരം.
– പത്തു മക്കളിൽ 5 പേർ ചെറുതിലേയും വയറ്റിനുള്ളിലുമൊക്കെയായി മരിച്ചു പോയ അപ്പന്റെ അമ്മയുടെ അമ്മയെയും കണ്ടിട്ടുള്ള എനിക്ക് അത് വീണ്ടും ഓർമ്മ വരുന്നു.
– അതുപോലെ എത്രയോ പേർ.
– ടോൾസ്റ്റോയ്യുടെ സോണിയയെ അവരിലെല്ലാം കാണുന്നു ഞാനിപ്പോൾ.
– നാടോടിക്കഥകൾ വായിച്ച കാലത്തിനിപ്പുറം റഷ്യയിലെ കുറെക്കൂടി വിപുലമായൊരു ജീവിതാവിഷ്കാരം കണ്ടതുപോലെ.
– അതുപോലെ – ദസ്തയോവ്സ്കി അലക്സാണ്ടർ പുഷ്കിൻ, ടർഗ് നേവ്, ചെക്കോവ് – തുടങ്ങിയവർ നയിച്ച എത്ര മഹത്തരമായൊരു സാഹിത്യ സംസ്കാരമാണ് പൂർവകാല റഷ്യയ്ക്ക് സ്വന്തമായുണ്ടായിരുന്നത് എന്നൊരു തെളിഞ്ഞ കാഴ്ചയും ചന്ദ്രമതി ടീച്ചറിന് പകരാനായി..
– അവസാന അധ്യായത്തിൽ ‘ചന്ദ്രാ ‘എന്നു വിളിച്ചു കൊണ്ട് സോണിയയുടെ ഒരു വരവുണ്ട്…
– വായിക്കപ്പെടട്ടെ സോഫിയാ ആൻന്ദ്രീവ്ന ബെഹർ എന്ന സോണിയയുടെ കഥ.
ജീവിതം പാടുപെട്ട് കൊണ്ടുനടന്ന് പ്രാകൃത രീതികളിലൂടെയെന്ന പോലെ ജീവിച്ച് സ്ത്രീകളെ ഇത്രയ്ക്കൊക്കെ എത്തിച്ച സോണിയമാർക്കെല്ലാമുള്ള ആദരവാണ് ഈ പുസ്തകം.
പുഴ ഒഴുകുന്നില്ലെന്ന് ആരു പറഞ്ഞു…?
ഒഴുകാതെ പുഴയുണ്ടോ?
പ്രസാധകർ : മാതൃഭൂമി ബുക്സ്
വില : ₹ 390



