Monday, December 15, 2025
Mantis Partners Sydney
Home » നെറ്റ്ഫ്ലിക്സ് വാർണർ ബ്രദേഴ്സ് ലയനം; വരാനിരിക്കുന്നത് മീഡിയ ലോകത്തെ ഏറ്റവും വലിയ കരാർ
നെറ്റ്ഫ്ലിക്സ് വാർണർ ബ്രദേഴ്സ് ലയനം; വരാനിരിക്കുന്നത് മീഡിയ ലോകത്തെ ഏറ്റവും വലിയ കരാർ

നെറ്റ്ഫ്ലിക്സ് വാർണർ ബ്രദേഴ്സ് ലയനം; വരാനിരിക്കുന്നത് മീഡിയ ലോകത്തെ ഏറ്റവും വലിയ കരാർ

by Editor

ന്യൂയോർക്ക്: ഹോളിവുഡിലെ വാർണർ ബ്രദേഴ്സ് ഡിസ്കവറിയുടെ സ്‌റ്റുഡിയോ, സ്ട്രീമിങ് ബിസിനസുകൾ 8270 കോടി ഡോളറിന് (ഏകദേശം 6.8 ലക്ഷം കോടി രൂപ) ഏറ്റെടുക്കാനുള്ള പദ്ധതി നെറ്റ്ഫ്ലിക്‌സ് പ്രഖ്യാപിച്ചു. 30 കോടിയിലധികം വരിക്കാരുള്ള ലോകത്തെ ഏറ്റവും വലിയ പെയ്‌ഡ്‌ സ്ട്രീമിങ് സേവനമാണ് നെറ്റ്ഫ്ലിക്സ്. വാർണർ ബ്രദേഴ്സ്, എച്ച് ബി ഒ, എച്ച് ബി ഒ മാക്സ്, ഡിസ്കവറി, സിഎൻഎൻ, വാർണർ സ്റ്റുഡിയോ ഇവയെല്ലാം നെറ്റ് ഫ്ലിക്സ് ഭീമന്റെ കൈകളിൽ എത്തുന്നതോടെ ഉള്ളടക്കത്തിന്റെ ആഗോള നിയന്ത്രണം ഒരൊറ്റ കമ്പനിയുടെ കൈകളിൽ കേന്ദ്രീകരിക്കപ്പെടും എന്നാണ് വിലയിരുത്തൽ. ഹോളിവുഡിലും വിനോദവ്യവസായ മേഖലയിലും വലിയ അലകളുയർത്തുന്നതാണ് ഏറ്റെടുക്കൽ.

നെറ്റ്ഫ്ലിക്സ്, കോംകാസ്‌റ്റ്, പാരാമൗണ്ട് എന്നിവർ തമ്മിൽ നടന്ന ലേലത്തിനൊടുവിലാണ് കരാർ നെറ്റ്ഫ്ലിക്‌സിന് ലഭിച്ചത്. കരാർ പൂർത്തിയാകാൻ ഫെഡറൽ റെഗുലേറ്റർമാരുടെ അനുമതി ആവശ്യമാണ്. ട്രംപ് ഭരണകൂടത്തിൻ്റെ നിലപാട് ഇതിനെ സ്വാധീനിച്ചേക്കും. ഈ ഇടപാട് “വിപണിയിൽ അസമത്വം സൃഷ്ടിക്കും” എന്ന ആശങ്ക പ്രബലമാണ്. അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് തന്നെ അവസാന ഘട്ടത്തിൽ ഈ ലയന നീക്കത്തിൽ ആശങ്കയുമായി രംഗത്ത് എത്തി. ഭീമമൻമാരുടെ ഏറ്റെടുക്കൽ നീക്കം മാർക്കറ്റ് ഷെയർ അതിർത്തിവിട്ടു വളരാനിടയാക്കും, അതുകൊണ്ടുതന്നെ “ഇത് ഒരു പ്രശ്‌നമാകാം”( “It could be a problem”) എന്ന് തുറന്നു സമ്മതിച്ചു. വിപണിയിൽ മത്സരിക്കുന്നതിന് ഒരുപോലെയുള്ള സാഹചര്യം ഇല്ലാതാവും. സർക്കാരിന് അവഗണിക്കാൻ കഴിയാത്ത സാഹചര്യമാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.

അമേരിക്കയിലെ ആന്റ്റിട്രസ്റ്റ് (Antitrust) നിയമങ്ങൾ വിപണിയിൽ ഒരു സ്ഥാപനത്തിന് അനിയന്ത്രിതമായ ശക്തി ലഭിക്കുന്നത് നിയന്ത്രിക്കുന്നുണ്ട്. ആവശ്യമായാൽ, “താൻ തന്നെ അതിൽ ഇടപെടേണ്ടിവരും” എന്ന ട്രംപിന്റെ പ്രസ്താവന ലയനത്തെ പിടിച്ചു കെട്ടാൻ അവസരം തുറക്കുമോ എന്ന് മീഡിയ ലോകം പ്രതീക്ഷിക്കുന്നു. ആൻ്റിട്രസ്റ്റ് പ്രയോഗിക്കാനും പക്ഷെ നിബന്ധനകളുണ്ട്.

1997-ൽ പോസ്റ്റൽ സംവിധാനം വഴി ഡിവിഡി വാടകയ്ക്ക് നൽകുന്ന ബിസിനസ്സായി ആരംഭിച്ചതാണ് നെറ്റ്ഫ്ലിക്‌സ്. വർഷങ്ങൾക്കകം ലോകത്തിലെ ഏറ്റവും വലിയ സബ്സ്ക്രിപ്ഷൻ സ്ട്രീമിംഗ് സേവനമായി വളർന്നു. മീഡിയ വ്യവസായം കണ്ട ഏറ്റവും വലിയ സ്ഥാപനമാണിന്ന്. 2026 -ന്റെ രണ്ടാം പകുതിയിൽ വാർണർ ബ്രദേഴ്സ് അതിന്റെ ബിസിനസ്സ് വിഭജിക്കുന്ന പ്രക്രിയ നടപ്പാക്കും. അതിന് ശേഷം കരാർ ലയന നപടികൾ പൂർത്തിയാക്കും എന്നാണ് സൂചന.

ഇന്ത്യൻ സിനിമ-ഒടിടി വിപണിയിലും ഈ ഇടപാട് ഗൗരവമായ പ്രതിഫലനങ്ങൾ ഉണ്ടാക്കാൻ ഇടയുണ്ട്. വാർണറിൻ്റെ വമ്പൻ സിനിമ ലൈബ്രറി നെറ്റ്ഫ്ലിക്‌സിലേക്ക് ചേർന്നാൽ ഇന്ത്യൻ തിയറ്ററുകളുടെ റിലീസ് വിൻഡോകളിലും പ്രദർശന കാലക്രമങ്ങളിലും മാറ്റങ്ങൾ വരാൻ സാധ്യതയുണ്ട്. മലയാളം, തമിഴ്, തെലുങ്ക് തുടങ്ങിയ പ്രാദേശിക ചലച്ചിത്ര വ്യവസായങ്ങൾക്കും ഒടിടിയെ കൂടുതൽ ആശ്രയിക്കേണ്ട സാഹചര്യം ഉണ്ടാകും എന്ന് വിദഗ്‌ധർ മുന്നറിയിപ്പ് നൽകുന്നു.

Send your news and Advertisements

You may also like

error: Content is protected !!