ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ട് ഷട്ടറുകള്‍ തുറന്നു. ഇന്നലെ രാത്രിയോടെ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് രാവിലെ 11.52- ഓടെ ഷട്ടറുകൾ ഉയർത്തിയത്. ജലനിരപ്പ് 136 അടി പിന്നിട്ടാൽ ഞായറാഴ്‌ച സ്‌പിൽവേയിലെ ഷട്ടർ തുറക്കാൻ കേരള – തമിഴ്‌നാട് അധികൃതർ ധാരണയായിരുന്നു. 10 സ്‌പിൽവേ ഷട്ടറുകൾ 10 സെൻ്റീമീറ്റർ ഉയർത്തി സെക്കൻഡിൽ 600 മുതൽ 1000 ഘനയടി വെള്ളം തുറന്നുവിടാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ 13 സ്‌പിൽവേ ഷട്ടറുകളും തുറക്കുകയാണുണ്ടായത്. 250 ഘനയടി വെള്ളമായിരിക്കും തുറന്നു വിടുക. നിലവിലെ ജലനിരപ്പ് 136.25 അടിയാണ്. റൂൾ കെർവ് പ്രകാരം തിങ്കളാഴ്ചവരെ അണക്കെട്ടിൽ 136 അടിക്കു മുകളിൽ ജലനിരപ്പ് ഉയർത്താൻ തമിഴ്‌നാടിന് കഴിയില്ല.
വെള്ളം പെരിയാറിലൂടെ ഒഴുകി ഇടുക്കി അണക്കെട്ടിലെത്തും. പെരിയാറിന്റെ കരകളിലുള്ളവർ ജാഗ്രതാപാലിക്കണമെന്ന് അധികൃതർ അറിയിച്ചു. മുന്നൊരുക്കങ്ങളും സ്വീകരിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം ഇതേ ദിവസം അണക്കെട്ടിൽ 122.75 അടി വെള്ളമാണുണ്ടായിരുന്നത്. മുൻവർഷത്തേക്കാൾ 13.25 അടി വെള്ളം അധികമുണ്ട്. മുന്നറിയിപ്പില്ലാതെ രാത്രി സമയത്ത് ഷട്ടറുകൾ ഉയർത്തി പെരിയാറിലേക്ക് വെള്ളം ഒഴിക്കരുതെന്ന ജില്ലാ ഭരണത്തിൻ്റെ നിർദ്ദേശമുണ്ട്. ശനി രാവിലെ ആറു വരെയുള്ള 24 മണിക്കൂറിനുള്ളിൽ അണക്കെട്ടിലേക്ക് സെക്കൻഡിൽ ശരാശരി 3786 ഘനയടി വീതം വെള്ളം ഒഴുകിയെത്തിയപ്പോൾ തമിഴ്‌നാട് 2036 ഘനയടി വീതം വെള്ളമാണ് കൊണ്ടുപോയത്. അണക്കെട്ട് പ്രദേശത്ത് 19.4 മില്ലിമീറ്റർ തേക്കടിയിൽ 5.8 മില്ലിമീറ്ററും കുമളിയിൽ 3.2 മില്ലിമീറ്ററും മഴപെയ്തു.
നിലവില്‍ പെരിയാറില്‍ വളരെ താഴ്ന്ന നിലയിലാണ് ജലനിരപ്പുള്ളത്. അതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. അണക്കെട്ടില്‍നിന്നുള്ള വെള്ളം ഒഴുകിയെത്തിയാലും പെരിയാര്‍ തീരത്ത് പ്രശ്‌നങ്ങളുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. പ്രദേശത്ത് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. 883 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനായുള്ള മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 20 ദുരിതാശ്വാസ ക്യാമ്പുകളും തുറന്നു. ആവശ്യമെങ്കില്‍ സമീപവാസികള്‍ക്ക് അവിടേക്ക് മാറാമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.