തിരുവനന്തപുരം: പാക്കിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയെന്ന പരാതിയിൽ അറസ്റ്റിലായ ഹരിയാനയിലെ വ്ളോഗർ ജ്യോതി മൽഹോത്ര കേരളത്തിലെത്തിയത് സംസ്ഥാന സർക്കാരിൻ്റെ ക്ഷണപ്രകാരമെന്ന് വിവരാവകാശ രേഖ. ടൂറിസം വകുപ്പിൻ്റെ പ്രമോഷൻ്റെ ഭാഗമായാണ് ജ്യോതി മൽഹോത്ര കേരളത്തിലെത്തിയതെന്ന് തെളിയിക്കുന്ന വിവരാവകാശ രേഖയാണ് പുറത്തു വന്നത്. കണ്ണൂർ, കോഴിക്കോട്, കൊച്ചി, ആലപ്പുഴ, മൂന്നാർ എന്നിവിടങ്ങളിൽ ജ്യോതി മൽഹോത്ര കേരള സർക്കാരിന്റെ ചെലവിലാണ് യാത്ര ചെയ്‌തതതും താമസിച്ചതും. 2024 ജനുവരി മുതൽ 2025 മേയ് വരെ ടൂറിസം വകുപ്പിനായി പ്രൊമോഷൻ നടത്തിയ വ്ളോഗർമാരുടെ പട്ടികയിലാണ് ജ്യോതി മൽഹോത്രയുമുള്ളത്. മുപ്പത്തിമൂന്നുകാരിയായ ജ്യോതി മുമ്പ് പലതവണ പാക്കിസ്ഥാൻ സന്ദർശിച്ചതായി തെളിഞ്ഞിരുന്നു. പാക്കിസ്ഥാനിലെ ഇന്റലിജൻസ് വിഭാഗവുമായി ബന്ധം പുലർത്തിയതായും വിവരം ലഭിച്ചു. പാക് ഹൈക്കമ്മീഷനിലെ ജീവനക്കാരുമായും ജ്യോതി ബന്ധം പുലർത്തിയിരുന്നു.
അതേസമയം വ്‌ളോഗര്‍ ജ്യോതി മല്‍ഹോത്രയെ കേരളത്തിലേക്ക് കൊണ്ടുവന്നത് നല്ല ഉദ്ദേശത്തിലാണെന്നും അവര്‍ പാക്കിസ്ഥാനുവേണ്ടി ചാരപ്രവര്‍ത്തി നടത്തിയിരുന്ന വ്യക്തിയാണ് എന്ന് അറിഞ്ഞിരുന്നില്ലെന്നും ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. രാജ്യദ്രോഹം ചെയ്തയാളെ ബോധപൂര്‍വം സര്‍ക്കാര്‍ പരിപാടിക്ക് വിളിക്കുമെന്ന് കരുതുന്നുണ്ടോ എന്നും അപവാദപ്രചാരണങ്ങളെ ഭയക്കുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. ടൂറിസം വകുപ്പിന്റെ പ്രമോഷന്‍ പരിപാടികള്‍ക്കും മറ്റുമായി കാലാകാലങ്ങളായി തുടര്‍ന്നുവരുന്ന രീതിയില്‍ തന്നെയാണ് ജ്യോതി ഉള്‍പ്പെടെയുള്ള ഇന്‍ഫ്‌ളുവന്‍സര്‍മാരെയും വിളിച്ചിട്ടുള്ളത്. അതില്‍ സര്‍ക്കാരിനോ വകുപ്പ് മന്ത്രിക്കോ പ്രത്യേകിച്ച് പങ്കില്ല. ദുഷ്പ്രചാരണം നടത്തുന്നവര്‍ ചെയ്‌തോട്ടെ, പേടിയില്ല, മന്ത്രി റിയാസ് വ്യക്തമാക്കി.
‘ട്രാവൽ വിത്ത് ജോ’ എന്നതാണ് ജ്യോതിയുടെ യൂട്യൂബ് ചാനൽ. ജ്യോതിയുടെ വീഡിയോകളിൽ ഏറെയും പാക്കിസ്ഥാനിൽ നിന്നുമുള്ളതാണ്. ആകെ 487 വീഡിയോ ‘ട്രാവൽ വിത്ത് ജോ’ എന്ന ചാനലിലുണ്ട്. മിക്ക വീഡിയോയും പാക്കിസ്ഥാൻ, തായ്‌ലാൻഡ്, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള കാഴ്‌ചകളാണ്. കേരള സാരി അണിഞ്ഞ് കണ്ണൂരിലെത്തിയ ജ്യോതി തെയ്യം കാണുന്നതിൻ്റെ വീഡിയോ നേരത്തേ വൈറലായിരുന്നു.
ചാരവൃത്തി കേസിൽ ഇവർ അറസ്റ്റിലായതോടെ കേന്ദ്ര ഏജൻസികൾ കേരളത്തിൽ അന്വേഷണം നടത്തിയിരുന്നു. തന്ത്രപ്രധാനമായ സ്ഥലങ്ങൾ ജ്യോതി സന്ദർശിച്ചോ, ഏതൊക്കെ പ്രമുഖ വ്യക്തികളെ ബന്ധപ്പെട്ടു തുടങ്ങിയ കാര്യങ്ങളാണ് ഏജൻസികൾ പരിശോധിച്ചത്. ജ്യോതി സന്ദർശിച്ച സ്ഥലങ്ങൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഡൽഹിയിൽ നിന്ന് ബംഗളുരുവിലെത്തിയ ജ്യോതി കണ്ണൂരിലാണ് വിമാനമിറങ്ങിയത്. കണ്ണൂരിൽ യാത്ര ചെയ്യുന്നതിൻ്റെയും തെയ്യം കാണുന്നതിൻ്റെയും വിഡിയോകൾ സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്‌തിരുന്നു. പിന്നീട് കൊച്ചി, മൂന്നാർ, ആലപ്പുഴ, തിരുവനന്തപുരം എന്നിവിടങ്ങൾ സന്ദർശിച്ച് രാജധാനി എക്‌സ്പ്രസിലാണ് ഡൽഹിക്ക് മടങ്ങിയത്.