വാഷിംഗ്ടണ്‍: റഷ്യൻ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് അമേരിക്കയ്ക്കും ഇന്ത്യയ്ക്കും ഇടയിലുണ്ടായ അസ്വാരസ്യങ്ങൾക്കിടെ നിലപാടിൽ വീണ്ടും മലക്കംമറിഞ്ഞ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘‘നരേന്ദ്ര മോദിയുമായി ഞാൻ എപ്പോഴും സൗഹൃദത്തിലായിരിക്കും. അദ്ദേഹം ഒരു മികച്ച പ്രധാനമന്ത്രിയാണ്. അദ്ദേഹം മഹാനാണ്. പക്ഷേ ഇപ്പോൾ അദ്ദേഹം ചെയ്യുന്നത് എനിക്ക് ഇഷ്ടമല്ല. ഇന്ത്യയും അമേരിക്കയും തമ്മിൽ ഒരു പ്രത്യേക ബന്ധമുണ്ട്. വിഷമിക്കേണ്ട കാര്യമില്ല. ചില സമയത്തു മാത്രമേ പ്രശ്‌നങ്ങൾ ഉള്ളു”. “ഇന്ത്യ റഷ്യയിൽ നിന്ന് ഇത്രയധികം എണ്ണ വാങ്ങുന്നതിൽ എനിക്ക് വളരെ നിരാശയുണ്ട്, ഞാൻ അത് അവരെ അറിയിച്ചു. ഞങ്ങൾ ഇന്ത്യയ്ക്ക് ഉയർന്ന തീരുവ ഏർപ്പെടുത്തി, 50 ശതമാനം തീരുവ. എനിക്ക് നരേന്ദ്ര മോദിയുമായി വളരെ നല്ല ബന്ധമുണ്ട്, അദ്ദേഹം വളരെ മികച്ച നേതാവാണ്. കുറച്ച് മാസങ്ങൾക്ക് മുൻപ് അദ്ദേഹം ഇവിടെ ഉണ്ടായിരുന്നു“- എന്നാണ് ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചത്.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നെ കുറിച്ചും ഇന്ത്യയെ കുറിച്ചും പറഞ്ഞ നല്ല വാക്കുകള്‍ക്ക് അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും രംഗത്തെത്തി. ‘പ്രസിഡന്റ് ട്രംപിൻ്റെ നല്ല വാക്കുകളെയും നമ്മുടെ ബന്ധത്തെക്കുറിച്ചുള്ള ക്രിയാത്മകമായ വിലയിരുത്തലിനെയും അഭിനന്ദിക്കുന്നു’ എന്നാണ് പ്രധാനമന്ത്രി എക്സിൽ കുറിച്ചത്. ട്രംപിന്റെ അതേ വികാരം പൂര്‍ണ്ണമായി പങ്കുവെക്കുന്നുവെന്ന് അറിയിച്ച മോദി ഇന്ത്യയും യുഎസും തമ്മില്‍ വളരെ ക്രിയാത്മകവും കാഴ്ചപ്പാടുള്ളതും സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തമുണ്ടെന്നും എക്‌സില്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ രണ്ട് ദശാബ്‌ദത്തിനിടയിലെ ഏറ്റവും മോശമായ ഘട്ടത്തിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കടന്നുപോകുമ്പോൾ, ഇന്ത്യയുമായുള്ള ബന്ധം പുനഃസ്ഥാപിക്കാൻ തയ്യാറാണോ എന്ന ചോദ്യത്തിനായിരുന്നു ട്രംപ് മോദിയെ പ്രകീർത്തിച്ചതും ഇന്ത്യയുമായി പ്രത്യേക ബന്ധമാണ് യുഎസിനെന്ന് പറഞ്ഞതും. ഇന്ത്യ-പാക്കിസ്ഥാൻ യുദ്ധത്തിലെ ഇടപെടൽ സംബന്ധിച്ചും താരിഫ് സംഘർഷങ്ങളേയും തുടർന്ന് മോദിയും ട്രംപും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് ശേഷം ഇതാദ്യമായിട്ടാണ് ഇരുനേതാക്കളും പരസ്‌പരം പ്രകീർത്തനങ്ങളുമായി വീണ്ടുമൊന്നിക്കുന്നത്.