കഥാപ്രസംഗകലയ്ക്ക് ചിരിയുടെ പരിവേഷം നൽകിയ കാഥികൻ. പാരഡി ഗാനങ്ങളുടെ തമ്പുരാൻ. വി.ഡി. രാജപ്പൻ. പ്രൊഫ. വി. സാംബശിവനും, കെടാമംഗലം സദാനന്ദനും, തേവർതോട്ടം സുകുമാരനും, തൊടിയൂർ വസന്തകുമാരിയുമൊക്കെ വേദികളിൽ കഥകളുടെ വിസ്മയം തീർത്തുകൊണ്ടിരിക്കുന്നവേളയിലാണ് വി.ഡി. രാജപ്പന്റെ കടന്നു വരവ്. അതുവരെ കാണികൾ കേട്ടിരുന്ന കഥാ രീതിയിൽ നിന്നും തികച്ചും വിഭിന്നമായിരുന്നു അദ്ദേഹത്തിന്റെ അവതരണം.
പക്ഷിമൃഗാദികളും, വാഹനങ്ങളും സ്പെയർ പാർട്സുകളുമൊക്കെ അദ്ദേഹത്തിന്റെ കഥയിൽ കഥാപാത്രങ്ങളായപ്പോൾ കാണികൾക്കതൊരു കൗതുകമായി. കഥകളും പാരഡിഗാനങ്ങളും കേട്ട് ജനം ആർത്തുചിരിച്ചു. വേദികൾ ജനസമുദ്രമായി.
പ്രിയേനിന്റെ കുര, കുമാരി എരുമ, മാക്മാക്, ചികയുന്ന സുന്ദരി, എന്നെന്നും കുരങ്ങേട്ടന്റെ, അവളുടെ പാർട്സുകൾ തുടങ്ങിയ കഥാപ്രസംഗങ്ങള്‍ കേരളത്തിലും ഗള്‍ഫ്നാടുകളിലുമായി ആയിരക്കണക്കിന് വേദികളിലാണ് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. കൂടാതെ കഥകളെല്ലാം കാസറ്റുകളായിറക്കിയപ്പോൾ ചരിത്രവില്പനയുമായിരുന്നു.
നാട്ടുമ്പുറത്തുകാരന്റെ പച്ചയായ നർമ്മംകൊണ്ട് ഒരുതലമുറയെ കുടുകുടെ ചിരിപ്പിച്ചു രാജപ്പൻ. അതിൽ കൃത്രിമങ്ങളൊന്നുമില്ലായിരുന്നു. വേദികളില്‍ നിന്ന് പതിയെ സിനിമയിലേക്ക് ചേക്കേറിയ രാജപ്പനെതേടിയെത്തിയതൊക്കെയും കോമഡി വേഷങ്ങള്‍ തന്നെയായിരുന്നു. ഏതാണ്ട് മൂന്നുപതിറ്റാണ്ടോളം അരങ്ങിലും സിനിമയിലുമായി അദ്ദേഹം നിറഞ്ഞാടി.
വി.ഡി.രാജപ്പൻ ഒരുയുഗമായിരുന്നു. പകരക്കാരനില്ലാത്ത ഒരുചിരിയുഗം. യാതൊരു മുൻവിധിയുമില്ലാതെ ഇത്തരത്തിൽ കഥകൾ രൂപപ്പെടുത്തി അവതരിപ്പിക്കാൻ കാട്ടിയധൈര്യം. അത് വി.ഡി.രാജപ്പനു മാത്രമായിരുന്നു. കാരണം, വി.ഡി. രാജപ്പൻ കഥപറച്ചിൽ തുടങ്ങുന്നതിനു മുൻപും, ശേഷവും മറ്റൊരാളും ഇത്രമേൽ വിജയിച്ചിട്ടില്ല. ഇന്ന് വി.ഡി.രാജപ്പന്റെ ഓർമ്മദിവസം. കഥാപ്രസംഗത്തെ ഹാസ്യരൂപത്തിൽ ജനകീയമാക്കിയ ആ കലാകാരൻ 2016 മാർച്ച് 24-നു അന്തരിച്ചു.
വിനോദ് കട്ടച്ചിറ

