കൽദായ സഭയുടെ ശ്രേഷ്ഠ ഇടയനും ഇന്ത്യയിലെ പാത്രിയാർക്കൽ പ്രതിനിധിയുമായിരുന്ന ഡോ. മാർ അപ്രേമിന്റെ കബറടക്കം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മാർത്ത് മറിയം വലിയ പള്ളിക്കു സമീപത്തെ കുരുവിളയച്ചൻ പള്ളിയിൽ. രാവിലെ 7-ന് പ്രത്യേക കുർബാന. പത്തോടെ പ്രധാന സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും. 11-ന് സ്വരാജ് റൗണ്ട് ചുറ്റി നഗരികാണിക്കൽ. ഉച്ചയ്ക്ക് ഒന്നോടെ വിലാപയാത്ര തിരികെ മാർത്ത് മറിയം പള്ളിയിലെത്തും. തുടർന്ന് സംസ്ഥാന സർക്കാരിന്റെ പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് കബറടക്കം.
ശുശ്രൂഷകൾക്ക് ആർച്ച് ബിഷപ് മാർ ഔഗിൻ കുര്യാക്കോസ് മുഖ്യകാർമികത്വം വഹിക്കും. തൃശൂരിൽ കബറടങ്ങിയിരിക്കുന്ന വിശുദ്ധ മാർ അബിമലേക് തിമോഥെയൂസ്, മാർ ഔദീശോ, മാർ തോമ ധർമോ, മാർ തിമോഥെയൂസ് രണ്ടാമൻ, ഡോ. പൗലോസ് മാർ പൗലോസ് എപ്പിസ്കോപ്പ എന്നീ സഭാ പിതാക്കന്മാർക്കു സമീപമാണു ഡോ.മാർ അപ്രേമിനും കല്ലറ ഒരുക്കിയിരിക്കുന്നത്. 1968 മുതൽ അരനൂറ്റാണ്ടിലേറെ കൽദായ സഭയെ നയിച്ച മാർ അപ്രേം തിങ്കളാഴ്‌ച രാവിലെയാണ് കാലം ചെയ്തത്. 85 വയസ്സായിരുന്നു. 2022-ൽ പദവിയൊഴിഞ്ഞ ശേഷം വിശ്രമ ജീവിതം നയിക്കുന്നതിനിടെയാണു വിയോഗം.
മാർ അപ്രേം മെത്രാപ്പോലീത്താ: ഐക്യത്തിനു വേണ്ടി നിലകൊണ്ട മഹാ ഇടയൻ