ടോക്യോ: ജപ്പാനിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. വടക്കൻ ജപ്പാനിലെ മിസാവയ്ക്ക് സമീപമാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. റിക്‌ടർ സ്കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഈ ഭൂചലനത്തെ തുടർന്ന് അധികൃതർ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ജപ്പാൻ കാലാവസ്ഥാ ഏജൻസിയുടെ പ്രാഥമിക റിപ്പോർട്ട് പ്രകാരം മൂന്ന് മീറ്റർ (10 അടി) വരെ ഉയരമുള്ള സുനാമി തിരമാലകൾ ജപ്പാൻ്റെ വടക്കു കിഴക്കൻ തീരത്ത് എത്താൻ സാധ്യതയുണ്ട്. തീരദേശവാസികൾ ഉടൻ തന്നെ സുരക്ഷിതമായ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറണമെന്ന് ഉദ്യോഗസ്ഥർ അടിയന്തര നിർദേശം നൽകി. ജപ്പാന്റെ തീരദേശ മേഖലകളായ ഹൊക്കൈഡോ, അമോരി, ഇവാറ്റെ പ്രവിശ്യകളിലാണ് സുനാമി മുന്നറിയിപ്പ് നൽകിയത്.
ഭൂചലനത്തിന്റെ നാശനഷ്‌ടങ്ങൾ വിലയിരുത്തുന്നതിനായി ടാസ്‌ക് ഫോഴ്‌സിനെ ഉടൻ രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി സനേ തകായിച്ചി മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ജനങ്ങളുടെ ജീവൻ രക്ഷിക്കാനാണ് ആദ്യം ശ്രമിക്കുന്നതെന്നും പറ്റുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും തകായിച്ചി പറഞ്ഞു.
പ്രദേശത്തെ ന്യൂക്ലിയർ പ്ലാൻ്റുകളിൽ സുരക്ഷാ പരിശോധനകളും നടത്തി വരുന്നുണ്ട്. നവംബർ ഒമ്പതിനും ജപ്പാനിലെ വടക്കൻ തീരമേഖലയിൽ വൻ ഭൂചലനമുണ്ടായിരുന്നു. അന്ന് റിക്‌ടർ സ്കെയിലിൽ 6.7 തീവ്രതയാണ് രേഖപ്പെടുത്തിയത്.



