കോഴിക്കോട്: കാക്കൂരിൽ സുന്നത്ത് കർമത്തിനിടെ കുഞ്ഞ് മരിച്ച സംഭവത്തിൽ ആരോഗ്യ വകുപ്പ് അന്വേഷണം തുടങ്ങി. കുഞ്ഞിനെ എത്തിച്ച കാക്കൂരിലെ കോ ഓപ്പറേറ്റീവ് ക്ലിനിക്കിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തി. കുട്ടിയെ ചികിൽസിച്ച ഡോക്ടറിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു.
സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു, അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ, ജില്ലാ മെഡിക്കൽ ഓഫിസർ, എസ്എച്ച്ഒ എന്നിവരോടാണ് റിപ്പോർട്ട് തേടിയത്. പത്ത് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം.
കാക്കൂര്‍ സ്വദേശികളുടെ രണ്ട് മാസം പ്രായമായ കുഞ്ഞാണ് ഇന്നലെ ഉച്ചയോടെ മരിച്ചത്. മാസം തികയാതെ എട്ടാം മാസത്തില്‍ പ്രസവിച്ച കുഞ്ഞിന്റെ സുന്നത്ത് കര്‍മ്മത്തിനായാണ് കുടുംബം കാക്കൂരുള്ള ആശുപത്രിയില്‍ എത്തിയത്. ശസ്ത്രക്രിയക്ക് മുമ്പായി പ്രാഥമിക ചികിത്സയോട് കുട്ടി പ്രതികരിക്കാത്തതിനെ തുടര്‍ന്ന് കോഴിക്കോട്ടെ ആശുപത്രിയില്‍ എത്തിക്കാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ കുട്ടിയെ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയുടെ പരാതിയില്‍ അസ്വാഭാവിക മരണത്തിന് കാക്കൂര്‍ പൊലീസ് കേസെടുത്തിരുന്നു.
അതേസമയം കുഞ്ഞിൻ്റെ മരണത്തിൽ ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്ന വിശദീകരണവുമായി ആശുപത്രി അധികൃതർ രംഗത്തെത്തി. കുഞ്ഞിന് ലോക്കൽ അന്‌സ്‌തീഷ്യ ആണ് നൽകിയത് എന്നും ഡോസ് എടുക്കാൻ തുടങ്ങിയപ്പോൾ തന്നെ കുഞ്ഞിന് ക്ഷീണം അനുഭവപ്പെട്ടതിനാൽ ഉടൻ നടപടി ക്രമങ്ങൾ അവസാനിപ്പിച്ച് വിദഗ്ദ ചികിത്സയ്ക്കായി മാറ്റിയെന്നും ആശുപത്രി അധികൃതർ അറിയിച്ചു. മരിച്ച കുഞ്ഞിൻ്റെ ആന്തരാവയവങ്ങൾ വിദഗ്‌ധ പരിശോധനയ്ക്ക് അയച്ചു. പോസ്റ്റ്മോർട്ടം പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.