കേരളത്തിൽ ഏഴ് ജില്ലകളില്‍ ഇന്ന് വോട്ടെടുപ്പ് നടക്കും. തിരുവനന്തപുരം മുതൽ എറണാകുളം വരെ 11,168 വാർഡുകളിലാണ് ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ ആറിന് മോക്ക്പോൾ നടത്തും. രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഇന്നും തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മറ്റന്നാളുമാണ് വോട്ടെടുപ്പ്.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വോട്ടർ ഐഡി കാർഡ്, ആധാർ കാർഡ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്, പാൻ കാർഡ്, ആറ് മാസം മുമ്പ് ദേശസാൽകൃതബാങ്കുകൾ നൽകിയ ഫോട്ടോ പതിച്ച പാസ് ബുക്ക്, ഫോട്ടോ പതിച്ച എസ്എസ്എൽസി ബുക്ക്, സംസ്ഥാന തിരഞ്ഞെടുപ്പ് കമീഷൻ്റെ വോട്ടർ സ്ലിപ്പ് എന്നിവ തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാം. പ്രവാസി വോട്ടർമാർ പോളിങ് സ്റ്റേഷനുകളിൽ പാസ്പോർട്ടിന്റെ ഒറിജിനൽ കാണിക്കണം.
മൂന്ന് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പുകളില്‍ രണ്ടിടത്ത് വാശിയേറിയ പോരാട്ടമാണ് അരങ്ങേറുന്നത്. എല്‍ ഡി എഫും യു ഡി എഫും എന്‍ ഡി എയും ഒരുപോലെ പ്രതീക്ഷ വെച്ചുപുലര്‍ത്തുന്ന തിരുവനന്തപുരത്ത് വാശിയേറിയ ത്രികോണ പോരാട്ടമാണ് നടക്കുന്നത്. ഇത്തവണ സംസ്ഥാനത്ത് ബി ജെ പി അധികാരം പിടിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ച മുനിസിപ്പാലിറ്റിയാണ് തിരുവനന്തപുരം. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്‍പുതന്നെ സ്ഥാനാർഥികളെ പ്രഖ്യാപിക്കാന്‍ കഴിഞ്ഞതോടെ കോണ്‍ഗ്രസ് വലിയ പ്രതീക്ഷവച്ചു പുലര്‍ത്തുന്ന കോര്‍പ്പറേഷനാണ് തിരുവനന്തപുരം. എന്നാല്‍ നിലവിലുള്ള ഭരണ കക്ഷിയെന്ന നിലയില്‍ സിപി ഐ എമ്മിന് ഭരണ തുടര്‍ച്ചയുണ്ടാവുമെന്ന പ്രതീക്ഷയിലാണ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടന്നത്.
പോളിങ് സ്റ്റേഷനുകളിൽ വൈദ്യുതി, കുടിവെള്ളം, വിശ്രമസ്ഥലം, റാമ്പ്, ക്യൂ സൗകര്യം തുടങ്ങിയവ ഏർപ്പെടുത്തും. പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും ശാരീരിക അവശതയുള്ളവർക്കും ക്യൂ ഇല്ലാതെ വോട്ട് രേഖപ്പെടുത്താൻ സൗകര്യമുണ്ടാകും. വോട്ടെടുപ്പ്, വോട്ടെണ്ണൽ എന്നിവ തടസപ്പെടുത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കും. മാതൃകാ പെരുമാറ്റചട്ട ലംഘനം, കള്ളവോട്ട് ചെയ്യൽ, ആൾമാറാട്ടം, പോളിങ് ബൂത്തിൽ അതിക്രമം, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്യൽ, തിരഞ്ഞെടുപ്പ് സാമഗ്രികൾ നശിപ്പിക്കൽ എന്നീ കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമീഷണർ അറിയിച്ചു.



