Wednesday, July 2, 2025
Mantis Partners Sydney
Jeevan MRI Kottayam, Thodupuzha
Home » ഫയൽ അദാലത്തിന് മുന്നോടിയായി വകുപ്പുതല ക്രമീകരണങ്ങൾ പൂർത്തിയാക്കണം: മുഖ്യമന്ത്രി
മുഖ്യമന്ത്രി പിണറായി വിജയൻ

ഫയൽ അദാലത്തിന് മുന്നോടിയായി വകുപ്പുതല ക്രമീകരണങ്ങൾ പൂർത്തിയാക്കണം: മുഖ്യമന്ത്രി

by Editor

തിരുവനന്തപുരം: ജൂലൈ 1 മുതൽ ഓഗസ്റ്റ് 31 വരെ നടക്കുന്ന ഫയൽ അദാലത്തിനാവശ്യമായ വകുപ്പുതല ക്രമീകരണങ്ങൾ അടിയന്തരമായി പൂർത്തിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെട്ടിക്കിടക്കുന്നതും തീർപ്പാക്കേണ്ടതുമായ എല്ലാ ഫയലുകളിലും വേഗം തീരുമാനമെടുക്കുകയെന്ന ലക്ഷ്യത്തോടെ നടക്കുന്ന ഫയൽ അദാലത്തുമായി ബന്ധപ്പെട്ട് ചേർന്ന വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രി നിർദേശം നൽകിയത്. ഉദ്യോഗസ്ഥര്‍ക്കുള്ള ഡലിഗേഷനും വ്യവസ്ഥകളിലെ ഭേദഗതിയും ആവശ്യമെങ്കില്‍ വരുത്തുന്നതിന് ചീഫ് സെക്രട്ടറിതലത്തില്‍ യോഗം ചേര്‍ന്ന് ശുപാര്‍ശ നല്‍കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

സെക്രട്ടേറിയറ്റ് തലം, വകുപ്പ് മേധാവി തലം, പൊതുജനങ്ങളുമായി സമ്പർക്കമുള്ള സ്ഥാപനങ്ങളിലെ ഫയലുകൾ എന്നിങ്ങനെ മൂന്ന് തലത്തിൽ ഫയൽ തീർപ്പാക്കാനാണ് അദാലത്തുകൊണ്ട് ഉദ്ദേശിക്കുന്നത്. സെക്രട്ടേറിയറ്റിൽ സെക്രട്ടറി തലത്തിൽ ബന്ധപ്പെട്ട വകുപ്പ് അധ്യക്ഷന്മാരുടെയും സ്ഥാപനങ്ങളുടെയും മേധാവികളുടെ യോഗം വിളിച്ച് കൃത്യമായ നിർദ്ദേശങ്ങളും കർമ്മപദ്ധതിയും വിശദീകരിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സെക്രട്ടറിമാരും വകുപ്പ് അധ്യക്ഷന്മാരും ബന്ധപ്പെട്ട സെക്ഷനുകൾ ഉൾപ്പെടെ ഇടവേളകളിൽ സന്ദർശിച്ച് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം നൽകണം. വിഷയങ്ങളുടെ പ്രാധാന്യം കണക്കിലെടുത്ത് മുൻഗണനാക്രമം നിശ്ചയിച്ച് അദാലത്ത് സംഘടിപ്പിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. ഇതിനായുള്ള മുന്നൊരുക്കങ്ങൾ അടിയന്തരമായി ആരംഭിക്കണം.

ഫയൽ അദാലത്തിന് സെക്രട്ടറിമാർ നേരിട്ട് മേൽ നോട്ടം വഹിക്കണം. പരമാവധി ഫയലുകൾ ഇക്കാലയളവിൽ തീർപ്പാക്കാൻ കഴിയണം. അതിനുള്ള മാർഗനിർദ്ദേശങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. അതനുസരിച്ച് തീർപ്പാക്കൽ മുന്നോട്ടുപോകുന്നുവെന്ന് ഉറപ്പുവരുത്തണം. സാങ്കേതികമായി തീർപ്പാക്കാതെ ഫയലിലെ ആവശ്യം തീർപ്പാക്കാനാകണം. ഡയറക്ടറേറ്റുകളിലെയും മറ്റു സ്ഥാപനങ്ങളിലെയും ഫയൽ അദാലത്തിൻറെ മേൽനോട്ടവും സെക്രട്ടറി തലത്തിൽ നടക്കണം. അദാലത്തിൽ വീഴ്ചവരുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണം. അദാലത്തിൻ്റെ പുരോഗതി കൃത്യമായ ഇടവേളകളിൽ സെക്രട്ടറിമാർ പരിശോധിക്കുകയും ആവശ്യമായ ഇടപെടലുകൾ നടത്തേണ്ടതുമാണ്. ഓരോ വകുപ്പിലും ഫയൽ തീർപ്പാക്കാൻ ഉചിതമായ നടപടികൾ സെക്രട്ടറി തലത്തിൽ പ്രത്യേകമായി തയ്യാറാക്കി നൽകേണ്ടതാണ്.

സെക്രട്ടേറിയറ്റിനുള്ളിൽ മറ്റു വകുപ്പുകളുടെ അഭിപ്രായം തേടിയിട്ടുള്ള ഫയലുകളിൽ കാലതാമസം ഒഴിവാക്കുന്നതിനായി ഒരു മാർഗനിർദ്ദേശം ചീഫ് സെക്രട്ടറി തലത്തിൽ പുറപ്പെടുവിക്കണം. മാസങ്ങളും വർഷങ്ങളുമായി മറ്റു വകുപ്പുകളിൽ അഭിപ്രായം കാത്ത് കിടക്കുന്ന ഫയലുകളുണ്ട്. ഇത്തരം ഫയലുകളിലുള്ള അന്തിമ അഭിപ്രായം 15 ദിവസത്തിനുള്ളിൽ ലഭ്യമാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകണം. ഇതിൽ ഏറ്റവും കൂടുതൽ ഫയലുകൾ ധനകാര്യവകുപ്പിലാണ് ഉണ്ടാവുക. ധനകാര്യവകുപ്പ് സെക്രട്ടറി ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധ നൽകണം. ആവശ്യമെങ്കിൽ ഓരോ ഭരണ വകുപ്പും ധനകാര്യവകുപ്പിന് നൽകിയിട്ടുള്ള ഫയലുകളിൽ തീരുമാനത്തിനായി ധനകാര്യ വകുപ്പുമായി ചേർന്ന് അദാലത്ത് സംഘടിപ്പിക്കുന്നതും പരിഗണിക്കണം. ഇക്കാര്യത്തിൽ ചീഫ് സെക്രട്ടറി മേൽനോട്ടം വഹിക്കണം.

സെക്രട്ടറിമാരുടെ പ്രതിമാസ യോഗത്തിൽ ചീഫ് സെക്രട്ടറി അദാലത്തിൻ്റെ പുരോഗതി വിലയിരുത്തണം. സെക്രട്ടേറിയറ്റിൽ ഫയൽ ചുമതല വഹിക്കുന്ന എല്ലാ ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ച് ആവശ്യമായ നിർദ്ദേശങ്ങൾ സെക്രട്ടറിമാർ നൽകണം. ഇക്കാര്യത്തിൽ ചീഫ് സെക്രട്ടറിയുടെ മേൽനോട്ടവും ഉണ്ടാകണം. ഫയൽ തീർപ്പാക്കൽ കാര്യക്ഷമമാക്കാനും വിവരങ്ങൾ ശേഖരിക്കാനും ഐ.ടി വകുപ്പുമായി കൂടിയാലോചിച്ച് ഒരു പോർട്ടൽ സംവിധാനം ഏർപ്പെടുത്താൻ ചീഫ് സെക്രട്ടറി നടപടി സ്വീകരിക്കണം. മന്ത്രിമാരും മന്ത്രിസഭയും ഇതിൻ്റെ പുരോഗതി ഇടവേളകളിൽ വിലയിരുത്തും. ഫയല്‍ അദാലത്ത് പൂര്‍ത്തിയായ ശേഷം വകുപ്പ് തലത്തില്‍ നടത്തിയ പ്രവര്‍ത്തനം വിലയിരുത്താന്‍ യോഗം ചേരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. യോഗത്തിൽ ചീഫ് സെക്രട്ടറി ഡോ. എ ജയതിലകും വകുപ്പ് സെക്രട്ടറിമാരും പങ്കെടുത്തു.

Send your news and Advertisements

You may also like

error: Content is protected !!