കോട്ടയം: മുന്നണി മാറ്റ അഭ്യൂഹങ്ങൾ തള്ളി കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. ഇടതുമുന്നണിയിൽ തങ്ങൾ ഹാപ്പിയാണെന്നും മുന്നണിമാറ്റം സംബന്ധിച്ച് ചർച്ചകൾ ഒന്നും നടന്നിട്ടില്ലെന്നും ജോസ് കെ മാണി പറഞ്ഞു. തങ്ങൾക്ക് മുന്നണി മാറേണ്ട ഒരു സാഹചര്യവും നിലവിലില്ലെന്നും അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസ് എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനെത്തിയപ്പോഴായിരുന്നു ജോസ് കെ മാണി മുന്നണി മാറ്റം തള്ളി രംഗത്തുവന്നത്.
നിലമ്പൂരിലെ യുഡിഎഫിന്റെ വിജയം ജനങ്ങളുടെ വിജയം അല്ല എന്നതിനു തെളിവാണ് മറ്റു ഘടകകക്ഷികളുടെ പുറകേ യുഡിഎഫ് പോകുന്നത്. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ കാര്യങ്ങൾ ചർച്ച ചെയ്യാനാണ് പാർട്ടി സെക്രട്ടേറിയറ്റ് ചേരുന്നത്. പാർട്ടിക്ക് തിരഞ്ഞെടുപ്പിൽ അർഹതപ്പെട്ട സീറ്റുകൾ ലഭിച്ചിട്ടില്ല. ചർച്ചയിലൂടെ അർഹതപ്പെട്ട സീറ്റുകൾ ലഭിക്കാൻ നടപടിയെടുക്കുമെന്നും ജോസ് കെ.മാണി പറഞ്ഞു.
യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് മുന്നണി വിപുലീകരണം ഉണ്ടാകുമെന്ന് സൂചിപ്പിച്ചതിന് പിന്നാലെയാണ് ജോസ് കെ മാണിയുടെ മടങ്ങിവരവിനെക്കുറിച്ച് അഭ്യൂഹങ്ങൾ പ്രചരിച്ചത്. അടൂർ പ്രകാശ് തന്നെ ജോസ് കെ മാണിയെ അടക്കം തിരിച്ചുകൊണ്ടുവരുന്നത് ആലോചിക്കുമെന്ന് പറഞ്ഞിരുന്നു. സിപിഐയെയും അടൂർ പ്രകാശ് മുന്നണിയിലേക്ക് ക്ഷണിച്ചിരുന്നു.