വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങൾ ആലോചനയോടെ വേണമെന്ന് കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ. മാറ്റങ്ങൾ കൃത്യമായ പഠനത്തിൻേറയും, വിലയിരുത്തലിന്റെയും അടിസ്ഥാനത്തിൽ ആകണം. മാറ്റങ്ങളിൽ വിദ്യാർത്ഥികളുടെയും, രക്ഷിതാക്കളുടെയും ആശങ്ക പരിഹരിക്കണം. കീം റാങ്ക്ലിസ്റ്റ് വിഷയത്തിൽ സർക്കാർ വിവേകത്തോടെ പെരുമാറണമെന്നും വിമർശനം. കേരള മുസ്‌ലിം ജമാഅത്തിന്റെ സംസ്ഥാന നേതൃ ക്യാമ്പിലാണ് വിമർശനം ഉയർന്നത്. കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാറാണ് ക്യാമ്പ് ഉദ്‌ഘാടനം ചെയ്തത്. സ്‌കൂൾ സമയ മാറ്റത്തിന് എതിരെ നേരത്തെ ഇ. കെ സമസ്ത സമരം പ്രഖ്യാപിച്ചിരുന്നു.
മദ്രസാ പഠനത്തിൻ്റെ സമയത്തിൽ മാറ്റം വരുത്താൻ പറ്റില്ലെന്ന് സമസ്ത നേതാവ് എം.ടി അബ്ദുല്ല മുസ്‍ലിയാർ നേരത്തെ പ്രതികരിച്ചിരുന്നു. മദ്രസ പഠനത്തെ ബാധിക്കുന്ന സ്‌കൂള്‍ സമയമാറ്റത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം എന്നാണ് സമസ്തയുടെ ആവശ്യം. സര്‍ക്കാര്‍ നീക്കത്തിന് എതിരെ സംസ്ഥാന വ്യാപക പ്രതിഷേധം നടത്തും. ഓഗസ്റ്റ് അഞ്ചിന് കലക്ടറേറ്റിന് മുന്നില്‍ ധര്‍ണയും സെപ്റ്റംബര്‍ 30-ന് സെക്രട്ടറിയേറ്റ് മാര്‍ച്ചും നടത്തുമെന്ന് സമസ്ത അറിയിച്ചു.സ്‌കൂള്‍ സമയ മാറ്റത്തില്‍ അന്തിമ വിജയം വരെ സമസ്ത പോരാടുമെന്നും സമയത്തില്‍ ഒരു വിട്ടു വീഴ്ചക്കും തയ്യാറല്ലെന്നും എം.ടി അബ്ദുല്ല മുസ്‍ലിയാർ അറിയിച്ചു.
സ്‌കൂൾ സമയമാറ്റത്തിൽ സർക്കാർ എടുത്തത് ജനാധിപത്യ വിരുദ്ധ നിലപാടാണെന്ന് മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മതവിദ്യാഭ്യാസവും സ്‌കൂൾ വിദ്യാഭ്യാസവും ക്ലാഷ് ഇല്ലാത്ത രീതിയിലാണ് മുന്നോട്ട് കൊണ്ട് പോകേണ്ടത്. സമസ്തയുടെ സമരം ന്യായമാണ് എന്നും വിഷയം ചർച്ച ചെയ്ത് പരിഹരിക്കണമെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. എന്ത് കാര്യത്തിലും കൂടിയാലോചനകൾ നടത്തണം. സൂംബയിലും സർക്കാർ ആരുമായും ചർച്ച നടത്തിയില്ല എന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി. കീം പരീക്ഷാഫലം റദ്ദാക്കിയത് വിദ്യാർത്ഥികളിൽ കൺഫ്യൂഷൻ ഉണ്ടാക്കി. സംസ്ഥാന സർക്കാർ ആണ് പ്രശ്‌നത്തിന്റെ ഉത്തരവാദിയെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗം വലിയ പ്രശ്നങ്ങൾ നേരിടുന്നുവെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.