ടെഹ്‌റാൻ: ഇറാനിലെ തലസ്ഥാനമായ ടെഹ്‌റാൻ, ആണവ കേന്ദ്രങ്ങൾക്കടുത്തുള്ള ഇസ്ഫഹാൻ, ഖോം എന്നിവിടങ്ങളിൽ ഇസ്രായേൽ പ്രതിരോധ സേന ശക്തമായ ആക്രമണം നടത്തി. ഇറാനിൽ നിന്നുള്ള ഭീഷണികൾ നേരിടാൻ ഇസ്രായേലും അമേരിക്കയും സംയുക്തമായാണ് ഈ ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഫോടന ശബ്ദങ്ങളും കറുത്ത പുക ഉയരുന്നതായും വാർത്തകളുണ്ട്. യുഎസുമായി സഹകരിച്ചാണ് ഇറാനെ ആക്രമിച്ചതെന്ന് ഇസ്രയേൽ വ്യക്തമാക്കി. ഇറാന്റെ തലസ്ഥാനമായ ടെഹ്റാന്റെ കിഴക്കും പടിഞ്ഞാറും വലിയ സ്ഫോടനശബ്ദം ഉണ്ടായതായി റിപ്പോർട്ടുകൾ വരുന്നുണ്ട്.
ആക്രമണത്തിൽ അമേരിക്കൻ പങ്കാളിത്തം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്‌ഥിരീകരിച്ചു. ട്രംപ് തങ്ങളുടെ സൈന്യം ഇറാനിൽ ‘മേജർ കോംബാറ്റ് ഓപ്പറേഷൻസ്’ തുടങ്ങിയതായി പ്രഖ്യാപിച്ചു. ഇറാൻ ഭരണകൂടത്തിൽനിന്നുള്ള ഭീഷണിയെ ഇല്ലാതാക്കി അമേരിക്കൻ ജനതയെ പ്രതിരോധിക്കാനാണ് ആക്രമണം നടത്തിയതെന്ന് ട്രംപ് പറഞ്ഞു. “ഇറാന്റെ നാവിക സേനയെയും മിസൈൽ കേന്ദ്രങ്ങളെയും തകർക്കും. യുഎസിനെ ലക്ഷ്യമിട്ട് ദീർഘദൂര മിസൈൽ ഇറാൻ നിർമിക്കാൻ ശ്രമിച്ചു. ഇറാൻ ആണവായുധം സ്വന്തമാക്കില്ലെന്ന് അമേരിക്ക ഉറപ്പാക്കും” – ട്രംപ് പറഞ്ഞു.
ഇറാൻ തലസ്ഥാനമായ ടെഹ്റാനു പുറമെ അതിനടുത്തുള്ള കോം, രാജ്യത്തിന്റെ മധ്യഭാഗത്തുള്ള ഇസ്‌ഫഹാൻ ഉൾപ്പെടെയുള്ള നഗരങ്ങളിൽ ആക്രമണം നടന്നതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി ഇറാൻ സ്‌ഥിരീകരിച്ചിട്ടില്ല. ഇറാന്റെ സുപ്രധാന വിമാനത്താവളങ്ങളിലൊന്നിലും, പ്രസിഡൻ്റിൻ്റെ കൊട്ടാരം സ്ഥിതി ചെയ്യുന്ന പാസ്‌തൂർ ജില്ലയിലും ആക്രമണമുണ്ടായതായി സൂചനകളുണ്ട്. എന്നാൽ, ഉയർന്ന ഉദ്യോഗസ്‌ഥരാരും കൊല്ലപ്പെട്ടതായി ഇതുവരെ സ്‌ഥിരീകരണമില്ല. പാസർ മേഖലയിൽ ചിലർക്ക് പരുക്കേറ്റതായും അവരെ ആശുപത്രികളിലേക്ക് മാറ്റുന്നതായും റിപ്പോർട്ടുകളുണ്ട്.
ഇസ്രയേലിൻ്റെ ആക്രമണത്തിൽ കിഴക്കൻ, പടിഞ്ഞാറൻ ടെഹ്റാനിലെ മൊബൈൽ ഫോൺ ലൈനുകൾ തകർന്നു. പലയിടത്തും ഇൻ്റർനെറ്റ് കണക്ടിവിറ്റി ദുർബലമായി. സുപ്രീം ലീഡർ ആയത്തുല്ല അലി ഖമേനിയുടെ ഓഫീസിന് സമീപവും മിസൈലുകൾ പതിച്ചതായി റിപ്പോർട്ടുകളുണ്ട്. ഖമനിയെ സുരക്ഷിത താവളത്തിലേക്ക് മാറ്റി.
യുഎസ്-ഇസ്രയേൽ സംയുക്‌ത ആക്രമണത്തിന് തിരിച്ചടി നൽകുമെന്ന് ഇറാൻ വ്യക്തമാക്കി. ഇറാനിൽ നിന്നുള്ള തിരിച്ചടി പ്രതീക്ഷിച്ചുകൊണ്ട് ഇസ്രായേലിൽ ഉടനീളം ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സൈറണുകൾ മുഴങ്ങുകയും ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. ആക്രമണത്തിനുള്ള തിരിച്ചടി കടുത്തതാകുമെന്ന് ഇറാൻ പ്രതികരിച്ചു. ആക്രമണങ്ങളിൽ ഭയമില്ലെന്നും തളരുകയും ഇല്ലെന്നും മാധ്യമങ്ങളിലൂടെ പുറത്തുവിട്ട സന്ദേശങ്ങളിൽ ഇറാൻ വ്യക്തമാക്കുന്നു.
യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിന് മറുപടിയായി ഇറാൻ ഇസ്രായേലിന് നേരെ ആദ്യ ഘട്ട ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചതായാണ് ഒടിവിൽ ലഭിക്കുന്ന റിപ്പോർട്ട്. വടക്കൻ ഇസ്രായേലിലും ഹൈഫ ഉൾപ്പെടെയുള്ള തീരദേശ നഗരങ്ങളിലും വ്യോമാക്രമണ സൈറണുകൾ മുഴങ്ങുകയും ജനങ്ങളോട് ബങ്കറുകളിലേക്ക് മാറാൻ നിർദ്ദേശിക്കുകയും ചെയ്തു. ഇസ്രായേലിൽ 48 മണിക്കൂർ നേരത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇസ്രായേൽ ഇറാനെ ആക്രമിച്ചു; ടെഹ്‌റാനിൽ സ്ഫോടനം; അതീവ ജാഗ്രതാ നിർദ്ദേശം


