ടെല്‍ അവീവ്: പലസ്തീൻ സായുധ സംഘടനയായ ഹമാസ് സഹസ്ഥാപകന്‍ ഹകം മുഹമ്മദ് ഇസ അല്‍ ഇസയെ വധിച്ചതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു. ഗാസ നഗരത്തിലെ സാബ്ര പ്രദേശത്ത് വെള്ളിയാഴ്ച നടത്തിയ വ്യോമാക്രമണത്തിലാണ് ഇസ അല്‍ ഇസ കൊല്ലപ്പെട്ടതെന്ന് ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) പ്രസ്താവനയില്‍ അറിയിച്ചു. ഒക്ടോബര്‍ ഏഴിന് ഇസ്രയേല്‍ അതിര്‍ത്തിയില്‍ കയറി ഹമാസ് നടത്തിയ ആക്രമണത്തിന്റെയും കൂട്ടക്കൊലയുടെയും സുപ്രധാന പങ്കാളിയായിരുന്നു ഇസ അല്‍ ഇസയെന്നാണ് ഇസ്രയേല്‍ പറയുന്നത്. ഗാസയിൽ ഇസ്രയേൽ ആക്രമണങ്ങൾ രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 81 പേർ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യമന്ത്രാലയം ഇന്നലെ അറിയിച്ചത്.
ഇന്നലെ ഇസ്രായേലിനെതിരെ വീണ്ടും യമനിലെ ഹൂതി വിമതരുടെ ബാലിസ്റ്റിക് മിസൈൽ ആക്രമണം ഉണ്ടായി. ശനി രാവിലെ തെക്കൻ ഇസ്രയേലിലെ ബീർഷെബ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ചൊവ്വാഴ്‌ച ഇറാൻ ഇസ്രയേൽ വെടി നിർത്തൽ കരാർ നിലവിൽ വന്നശേഷം ആദ്യമായാണ് ഹൂതികൾ ഇസ്രയേലിലേക്ക് മിസൈൽ അയക്കുന്നത്. ഗാസക്കെതിരായ ആക്രമണം അവസാനിപ്പിച്ച് ഉപരോധം പിൻവലിക്കുന്നതുവരെ ഇസ്രയേലിനെ ആക്രമിക്കുന്നത് തുടരുമെന്ന് ഹൂതികൾ അറിയിച്ചു. അതേസമയം മിസൈൽ വിജയകരമായി തടഞ്ഞതായി ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. ഹൂതികൾ ആക്രമണം തുടർന്നാൽ അവർക്കെതിരെ നാവിക, വ്യോമ ഉപരോധം ഏർപ്പെടുത്തുമെന്നു ഇസ്രയേൽ അറിയിച്ചു. 2023 ഒക്ടോബറിൽ ഇസ്രയേൽ ഗാസയിൽ അധിനിവേശം ആരംഭിച്ചതിനെ തുടർന്നാണ് ഹൂതികൾ പലസ്‌തീൻകാർക്ക് പിന്തുണയുമായി രംഗത്തെത്തിയത്.