Sunday, July 20, 2025
Mantis Partners Sydney
Home » സിറിയയിൽ വീണ്ടും ആഭ്യന്തര സംഘർഷം; ഷിയാ ഗോത്രമായ ഡ്രൂസുകളെ സഹായിച്ച്‌ ഇസ്രായേൽ.
സിറിയയിൽ വീണ്ടും ആഭ്യന്തര സംഘർഷം; ഷിയാ ഗോത്രമായ ഡ്രൂസുകളെ സഹായിച്ച്‌ ഇസ്രായേൽ.

സിറിയയിൽ വീണ്ടും ആഭ്യന്തര സംഘർഷം; ഷിയാ ഗോത്രമായ ഡ്രൂസുകളെ സഹായിച്ച്‌ ഇസ്രായേൽ.

by Editor

പതിറ്റാണ്ടുകൾ നീണ്ട സ്വേച്‌ഛാധിപത്യത്തിന്റെ വേദനയിൽനിന്നും 14 വർഷത്തോളം നീണ്ട ആഭ്യന്തരയുദ്ധത്തിന്റെ കെടുതികളിൽനിന്നും കരകയറാൻ ശ്രമിക്കുന്ന സിറിയയിൽ വീണ്ടും സംഘർഷം. ന്യൂനപക്ഷ വിഭാഗങ്ങൾ തമ്മിൽ ഇപ്പോൾ ആരംഭിച്ചിരിക്കുന്ന സംഘർഷത്തിലൂടെ വീണ്ടും ഭിന്നതയുടെ വക്കിലാണ് സിറിയ. സുന്നികളായ ബെദൂയിൻ ഗോത്രവും ഇസ്‌മായിലി ഷിയാ ഗോത്രമായ ഡ്രൂസുകളും തമ്മിലുള്ള സംഘർഷമാണ് അവിടെ പുതിയതായി ഉടലെടുത്തത്. ഡിസംബർ ആദ്യം മുതൽ ഇരു വിഭാഗങ്ങളും തമ്മിൽ പലതവണ ഏറ്റുമുട്ടലുകൾ ഉണ്ടായിട്ടുണ്ടെങ്കിലും കഴിഞ്ഞ ദിവസങ്ങളിലാണ് അത് കടുത്തത്. തെക്കൻ സിറിയയിലെ സുവൈദ പ്രവിശ്യയിൽനിന്നു സർക്കാർസേന പിൻവാങ്ങിയശേഷവും ഗോത്രവിഭാഗങ്ങളായ ഡ്രൂസുകളും ബിദൂനികളും തമ്മിലുള്ള സംഘർഷത്തിൽ ഇതുവരെ 900 പേരാണ് കൊല്ലപ്പെട്ടത്. സിറിയൻ സർക്കാർ ബെദൂയിനുകൾക്ക് അനുകൂലമായി നിലപാടെടുത്തതോടെ ഡ്രൂസുകളെ പിന്തുണച്ച് ഇസ്രയേലും രംഗത്തെത്തി. ഇസ്രയേൽ സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്ന ഡ്രൂസുകളെ വിശ്വസ്ത ന്യൂനപക്ഷമായാണ് ഇസ്രയേൽ പരിഗണിക്കുന്നത്. ഡ്രൂസ് വിഭാഗത്തോട് ആഭിമുഖ്യം പുലർത്തുന്ന ഇസ്രയേൽ ദക്ഷിണ സിറിയയിൽ ആക്രമണം നടത്തി. വ്യാഴാഴ്ചയോടെ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നെന്ന് സിറിയൻ സർക്കാർ അറിയിച്ചെങ്കെലും അത് എത്രനാളത്തേക്ക് എന്ന് വ്യക്തമല്ല.

ബാഷർ അൽ അസദിന്റെ ബാത്ത് പാർട്ടിയുടെ ഭരണത്തിൽ വലിയ മതസ്വാതന്ത്ര്യം അനുഭവിച്ചവരാണ് ഡ്രൂസുകൾ. അസദിനെ അട്ടിമറിച്ച് അഹ്മദ് അശ്ശറ അധികാരത്തിലെത്തിയതോടെ കാര്യങ്ങൾ മാറി. ഡ്രൂസ് ഉൾപ്പെടെയുള്ള ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ഭരണ പങ്കാളിത്തം ഉറപ്പു നൽകിയാണ് അഹ്മദ് അശ്ശറ അധികാരത്തിലെത്തിയതെങ്കിലും പിന്നീട് അതു കാര്യമായി പാലിക്കപ്പെട്ടില്ല. പുതിയ സർക്കാരുമായി എങ്ങനെ ഇടപെടണമെന്നതിൽ ഡ്രൂസുകൾക്കിടയിൽത്തന്നെ അഭിപ്രായ വ്യത്യാസമുണ്ട്. ഡ്രൂസുകൾക്കു നേരേ കഴിഞ്ഞ ദിവസങ്ങളിൽ സർക്കാർ സൈന്യം നടത്തിയ ആക്രമണങ്ങൾ അവരെ സർക്കാരിൽനിന്ന് അകറ്റിയിട്ടുണ്ട്.

സുവൈദ പ്രവിശ്യയിൽ ബെദൂയിൻ വിഭാഗത്തിൽപ്പെട്ടവർ ഡ്രൂസ് വിഭാഗത്തിൽപ്പെട്ട ഒരു വഴിയോര കച്ചവടക്കാരനെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചതാണ് ഇപ്പോഴത്തെ സംഘർഷത്തിനു തുടക്കമിട്ടതെന്ന് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രദേശത്ത് സമാധാനം പുനഃസ്‌ഥാപിക്കാൻ സർക്കാർ സൈന്യത്തെ ഇറക്കി. അവർ പക്ഷേ ബെദൂയിനുകളെ പിന്തുണച്ചതോടെ ഏറ്റുമുട്ടൽ സൈന്യവും ഡ്രൂസുകളും തമ്മിലാകുകയായിരുന്നു എന്നാണ് റിപ്പോർട്ട്. തുടർന്ന് ഡ്രൂസുകളെ സഹായിക്കാൻ ഇസ്രയേൽ രംഗത്തെത്തുകയായിരുന്നു.

ഡ്രൂസുകൾ പ്രധാനമായും ലെബനോൻ, ഇസ്രായേൽ, ജോർദാൻ, സിറിയ എന്നീ രാജ്യങ്ങളിൽ കാണപ്പെടുന്ന ഒരു മതവിഭാഗമാണ്. ഷിയ ഇസ്ലാമിലെ ഇസ്മായിലി വിശ്വാസത്തിൽ നിന്നു ഉരുത്തിരിഞ്ഞു വന്ന ഒരു വിശ്വാസ ധാരയാണ് ഇത്. ഒരു ദശലക്ഷത്തോളം വരുന്ന ഡ്രൂസുകളിൽ പകുതിയോളം സിറിയയിലാണെന്നാണ് കണക്ക്. ദക്ഷിണ സിറിയൻ പ്രവിശ്യയായ സുവൈദ, ഡമാസ്കസിന്റെ പ്രാന്തപ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് ഡ്രൂസുകളുടെ സാന്നിധ്യം കൂടുതലായുള്ളത്. കടുത്ത വിശ്വാസികളായ ഡ്രൂസുകൾ അവരുടെ വിശ്വാസങ്ങളിലും ആചാരങ്ങളിലും രഹസ്യസ്വഭാവം സൂക്ഷിക്കുന്നതിൽ അതീവ ശ്രദ്ധയുള്ളവരാണ്. സമുദായത്തിനു പുറത്തുനിന്നുള്ള വിവാഹബന്ധങ്ങളെ അവർ പ്രോൽസാഹിപ്പിക്കുന്നില്ല.

Send your news and Advertisements

You may also like

error: Content is protected !!