Thursday, July 10, 2025
Mantis Partners Sydney
Jeevan MRI Kottayam, Thodupuzha
Home » ട്രംപ് കൊല്ലപ്പെട്ടേക്കാമെന്ന് ഇറാന്റെ ഭീഷണി; ഇസ്രയേലി ആക്രമണങ്ങളിൽ കുറഞ്ഞത് 1,060 പേർ കൊല്ലപ്പെട്ടെന്ന് ഇറാൻ.
ട്രംപിന് മറുപടിയുമായി ഇറാൻ.

ട്രംപ് കൊല്ലപ്പെട്ടേക്കാമെന്ന് ഇറാന്റെ ഭീഷണി; ഇസ്രയേലി ആക്രമണങ്ങളിൽ കുറഞ്ഞത് 1,060 പേർ കൊല്ലപ്പെട്ടെന്ന് ഇറാൻ.

by Editor

ടെഹ്റാൻ: അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെതിരെ ഡ്രോൺ ആക്രമണം ഉണ്ടായേക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. ഫ്ലോറിഡയിലെ മർ-എ-ലാഗോ എസ്റ്റേറ്റിൽ വച്ച് വിശ്രമിക്കുന്നതിനിടെ ട്രംപ് കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള ഖൊമേനിയുടെ മുതിർന്ന ഉപദേഷ്‌ടാവ് ജവാദ് ലാരിജാനിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഫ്ലോറിഡയിലെ ട്രംപിന്‍റെ സ്വകാര്യ വസതിയും ഗോൾഫ് റിസോർട്ടുമാണ് മർ-എ-ലാഗോ.

ഇറാൻ സ്റ്റേറ്റ് ടെലിവിഷനിലൂടെ നടത്തിയ പ്രസംഗത്തിലാണ് ലാറിജാനിയുടെ പ്രസ്താവന. ‘ട്രംപ് ചെയ്ത ചില കാര്യങ്ങൾ കാരണം, അദ്ദേഹത്തിന് ഇനി മർ-എ-ലാഗോയിൽ വെയിൽ കായൻ കഴിയില്ല. അദ്ദേഹം വയറു കാട്ടി വെയിലത്ത് കിടക്കുമ്പോൾ, ഒരു ചെറിയ ഡ്രോൺ അദ്ദേഹത്തിന്റെ പൊക്കിളിൽ വന്നിടിച്ചേക്കാം. അത് വളരെ ലളിതമാണ്’ എന്നാണ് ജവാദ് പറഞ്ഞതെന്ന് ഇറാൻ ഇന്റർനാഷണൽ റിപ്പോര്‍ട്ട് ചെയ്യുന്നു.

2020-ൽ ഖാസിം സുലൈമാനിയുടെ കൊലപാതകത്തെ തുടർന്ന് ദീർഘകാലമായി പുകയുന്ന യുഎസ്-ഇറാൻ സംഘർഷത്തിലെ ഒരു പുതിയ ഘട്ടത്തെയാണ് വധഭീഷണി സൂചിപ്പിക്കുന്നതെന്നാണ് വിലയിരുത്തൽ. മാത്രമല്ല 12 ദിവസം നീണ്ടുനിന്ന ഇറാൻ-ഇസ്രയേൽ സംഘർഷത്തിന് ശേഷം അയത്തുള്ള ഖൊമേനിക്കെതിരെ ട്രംപ് നടത്തിയ വാക്കാലുള്ള ആക്രമണങ്ങൾക്ക് നേരിട്ടുള്ള പ്രതികരണമായാണ് ഇത് വ്യാഖ്യാനിക്കപ്പെടുന്നത്. കഴിഞ്ഞ ദിവസം ഇറാനിലെ ഷിയാ പുരോഹിതർ ട്രംപിനും നെതന്യാഹുവിനുമെതിരേ ഫത്വ പുറപ്പെടുവിച്ചിരുന്നു. ദൈവത്തിന്റെ ശത്രുക്കളെന്നായിരുന്നു ട്രംപിനേയും നെതന്യാഹുവിനേയും വിശേഷിപ്പിച്ചത്. ഇവർക്കെതിരേ ആഗോളതലത്തിൽ മുസ്ലിങ്ങൾ നടപടിയെടുക്കണമെന്നും ഫത്വയിൽ ആവശ്യപ്പെട്ടിരുന്നു.

ഇസ്രയേലും ഇറാനും തമ്മിലുള്ള യുദ്ധം 12 ദിവസമാണ് നീണ്ടുനിന്നത്. യുദ്ധ സമയത്ത് ഇരു രാജ്യങ്ങളും പരസ്‌പരം നിരന്തരം ആക്രമിച്ചു. ഇസ്രയേലുമായുള്ള യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ കണക്ക് ഇറാൻ സർക്കാർ കഴിഞ്ഞ ദിവസമാണ് പുറത്തു വിട്ടത്. ഇസ്രയേലി ആക്രമണങ്ങളിൽ കുറഞ്ഞത് 1,060 പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഈ കണക്ക് വർധിച്ചേക്കാമെന്നും ഇറാൻ സർക്കാർ അറിയിച്ചു. ഇറാനിലെ ‘ഫൗണ്ടേഷൻ ഓഫ് മാർട്ടിയേഴ്‌സ് ആൻഡ് വെറ്ററൻസ് അഫയേഴ്സ്’ മേധാവി സയീദ് ഒഹാദി ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷനിൽ സംപ്രേഷണം ചെയ്‌ത അഭിമുഖത്തിലാണ് മരിച്ചവരുടെ എണ്ണത്തെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയത്. ചില ആളുകൾക്ക് ഗുരുതരമായി പരിക്കേറ്റതിനാൽ മരണ സംഖ്യ 1,100 ആകാമെന്ന് ഒഹാദി കൂട്ടിച്ചേർത്തു.

ഇസ്രയേൽ-ഇറാൻ സംഘർഷത്തിൽ അമേരിക്കയും ഇടപെട്ടിരുന്നു. ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങളിലാണ് അമേരിക്ക ആക്രമണം നടത്തിയത്. തുടർന്ന് ഇറാൻ അമേരിക്കയ്ക്കെതിരെ തിരിഞ്ഞിരുന്നു. ഖത്തറിലെ അമേരിക്കൻ വ്യോമതാവളത്തിൽ ഇറാൻ മിസൈലാക്രമണം നടത്തുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെ വെടിനിർത്തലിനായി അമേരിക്ക ഇടപെടുകയും തുടർന്ന് 12 ദിവസം നീണ്ട സംഘർഷത്തിന് അയവ് വരുകയുമായിരുന്നു.

Send your news and Advertisements

You may also like

error: Content is protected !!