വിഖ്യാത ഗസൽ ഗായകൻ അന്തരിച്ചിട്ട് ഇന്ന് രണ്ടു വർഷമായി. പ്രണയത്തിൻ്റെ പനിനീരിൽ മുങ്ങിയ ഒരു തൂവൽ സ്പർശം പോലെ ആ ഗാനാലാപം ശ്രോതാവിൻ്റെ കരളിൽ ചിരപ്രതിഷ്ഠ നേടിയിരുന്നു. 2006-ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ച ഈ ഗായകപ്രതിഭയെ 2025-ൽ ഇന്ത്യാ ഗവൺമെന്റ് അദ്ദേഹത്തിന് മരണാനന്തരം ഇന്ത്യയിലെ മൂന്നാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ‘പത്മഭൂഷൺ’ നൽകി ആദരിച്ചു. (‘പങ്കജ് ഉധാസ്’ എന്നും ഇദ്ദേഹത്തിൻ്റെ പേര് ഉച്ചരിച്ചു കേൾക്കാറുണ്ട്.)
“ചിട്ടി ആയി ഹേ വതൻ” പോലുള്ള നിത്യഹരിത ഗാനങ്ങളിലൂടെ സംഗീതാസ്വാദകരിൽ ചിരപ്രതിഷ്ഠ നേടിയ ഗായകനാണ് പങ്കജ് ഉദാസ്. മഹേഷ് ഭട്ടിൻ്റെ ‘നാം’ (1986) എന്ന ചിത്രത്തിലെ ഈ ഹിറ്റ് ഗാനത്തിലൂടെയാണ് പങ്കജ് ഉദാസ് ചലച്ചിത്ര രംഗത്ത് ശ്രദ്ധേയനായത്. ശരാശരി നിലവാരം മാത്രമുണ്ടായിരുന്ന ഈ ചിത്രത്തിന്റെ വൻ വിജയത്തിന് അദ്ദേഹത്തിന്റെ ഈ ഗാനം ഒരു നിമിത്തമാവുകയായിരുന്നു.
ഹൃദയ തന്ത്രികളില്‍ സുഖകരമായ അനുഭൂതി നിറയ്ക്കുന്ന ശബ്ദത്തിനുടമയാണ് പങ്കജ് ഉദാസ്. പ്രണയത്തിന്റെ അഴകായി, വിരഹത്തിന്റെ ദീര്‍ഘ നിശ്വാസമായി സംഗീത പ്രേമികളുടെ മനസില്‍ പടര്‍ന്നു കയറിയ ശബ്ദം. ആമുഖത്തിൽ സൂചിപ്പിച്ചുപോലെ,1986-ൽ “ചിട്ടി ആയി ഹേ വതൻ” വരുന്നു. അതോടെ, പിന്നണി ഗായകൻ എന്ന നിലയിൽ പങ്കജ് ഉദാസ് ബോളിവുഡിൽ ചുവടുറപ്പിച്ചു. ഉറുദു കവികളുടെ വരികൾ തന്റെ “ചിട്ടി ആയി ഹേ വതൻ” വേറിട്ട ശൈലിയിലൂടെ ആലപിച്ചു.
എൺപതുകളുടെ അവസാനവും തൊണ്ണൂറുകളുടെ തുടക്കത്തിലും അവിസ്മരണീയമായ മെലഡികൾ കൊണ്ട് ബോളിവുഡ് പിന്നണി ഗാനരംഗത്ത് പങ്കജ് സമാന്തരമായൊരു പാത തന്നെ തുറന്നെങ്കിലും പങ്കജ് ഉദാസിന്റെ പാട്ടിൻ്റെ ആത്മാവ് എന്നും പ്രണയവും ലഹരിയും ഇഴചേർന്ന, നിലാവിന്റെ നനവുള്ള ഗസലിനോടായിരുന്നു….
ഗുജറാത്തിലെ രാജ്കോട്ട് ജേത്പൂരിനടുത്തുള്ള ചർഖ്ഡി എന്ന കൊച്ചുഗ്രാമത്തിൽ ഒരു ജമീന്ദാർ കുടുംബത്തിൽ 1951 മെയ് 17-നാണ് പങ്കജ് ഉദാസ് ജനിച്ചത്. മാതാപിതാക്കൾ കേശുഭായ് ഉദാസ്, ജിതുബെൻ ഉദാസ്. മൂന്നു മക്കളിൽ ഇളയവനാണ് പങ്കജ്. പങ്കജിന്റെ രക്തത്തിൽ അലിഞ്ഞു ചേർന്ന ആത്മാംശമായിരുന്നു പാട്ടിനോടുള്ള പ്രണയം. രാജകോട്ട് സംഗീത നാടക അക്കാദമിയിൽ നിന്ന് തബല അഭ്യസിച്ചു.
അദ്ദേഹത്തിന്റെ മൂത്ത സഹോദരൻ മൻഹർ ഉദാസ് ബോളിവുഡ് സിനിമകളിൽ ഒരു ഹിന്ദി പിന്നണി ഗായകനായി ചില വിജയം നേടി. രണ്ടാമത്തെ സഹോദരൻ നിർമ്മൽ ഉദാസ് ഗസൽ ഗായകനാണ്. മൂത്ത് സഹോദരൻ മൻഹർ ഉദാസ് നേരത്തെ ബോളിവുഡിൽ സാന്നിധ്യമറിയിച്ചയാളാണ്. കല്ല്യാൺജി ആനന്ദ്ജിമാരുടെ സഹായിയായി, മുകേഷിനു വേണ്ടി ട്രാക്ക് പാടിയിരുന്ന മൻഹറിൻ ഗുജറാത്തിയിലും ഹിന്ദിയിലും പഞ്ചാബിയിലും ബംഗാളിയിലുമായി മുന്നൂറിലേറെ ഗാനങ്ങൾ ആലപിച്ചെങ്കിലും ആ ഗായകന് വാസ്തവത്തിൽ അർഹിക്കുന്ന പ്രശസ്തി നേടിയെടുക്കാനായില്ല.
അതുകൊണ്ടു തന്നെ ജ്യേഷ്ഠന്റെ പാട്ടിൻ്റെ പാത പിന്തുടർന്നുവന്ന പങ്കജ് ആദ്യം സിനിമാ സംഗീതത്തിലേക്ക് തിരിഞ്ഞു എങ്കിലും പിന്നീട് പിന്നണിഗാന രംഗത്തേക്കാൾ ഗസലുകൾക്ക് പ്രാധാന്യം കൊടുത്തു. “ചാന്ദി ജൈസ രംഗ് ഹൈ തേരാ സോനേ ജൈസെ ബാൽ” എന്ന ഗാനത്തോടെയാണ് പങ്കജിനെ ഗസൽ ലോകം ശ്രദ്ധിച്ചു തുടങ്ങുന്നത്.
മുംബൈയിൽ സെന്റ് സേവിയേഴ്സ് കോളേജിൽ പഠിക്കാനെത്തിയതോടെ ആ പ്രതിഭയ്ക്ക് വളരാനുള്ള വളക്കൂറുളള പശ്ചാതലം കിട്ടി. പിന്നീട് മാസ്റ്റർ നവരംഗിന്റെ കീഴിൽ ശാസ്ത്രീയ സംഗീതവും പഠിച്ചു. ഉഷ ഖന്ന ഈണമിട്ട ‘കാംന’യിലാണ് ആദ്യമായി പിന്നണി ഗാനം പാടിയത്. ആ ചിത്രം ഒരു പരാജയമായതോടെ, ഗസലാണ് തന്റെ ലോകമെന്ന് പങ്കജ് തിരിച്ചറിഞ്ഞു. ഗസലിനെ ജീവിതവഴിയായി തിരഞ്ഞെടുക്കുന്നതും ഇതോടെയാണ്.
ഗസൽ ജീവിതവഴിയായി തിരഞ്ഞെടുത്ത പങ്കജ് ആദ്യം ചെയ്തത് ഉറുദു പഠിക്കുകയാണ്. പിന്നീട് കാനഡയിലേയ്ക്ക് പറന്നു. പത്ത് മാസം കാനഡയിലും യു.എസിലും ഗസലുമായി അലഞ്ഞശേഷമാണ് പിന്നീട് ഇന്ത്യയിലേയ്ക്ക് തിരിച്ചുവരുന്നത്.
1980-ൽ ‘ആഹത്’ എന്ന ആദ്യ ഗസൽ ആൽബത്തോടെയാണ് പങ്കജ് തന്റെ വരവ് അറിയിച്ചത്. പിന്നീട് ഒരു തിരിഞ്ഞു നോട്ടമുണ്ടായില്ല പങ്കജ് ഉദാസിന്. സൈഗളിനും ജഗജിത്ത് സിങ്ങിനും തലത്ത് മുഹമ്മദിനുമെല്ലാം ഒപ്പം സമാനതകളില്ലാത്ത ആലാപനശൈലി ഇന്ത്യൻ ഗസലിന്റെ മുഖം തന്നെയായി മാറി പങ്കജ്.
“ചുപ്കെ ചുപ്കെ”, “യുൻ മേരെ ഖാത്ക”, “സായ ബാങ്കർ”, “ആഷിഖോൻ നെ”, “ഖുതാരത്”, “തുജ രാഹ ഹൈ തൊ”, “ചു ഗയി”, “മൈഖാനെ സെ”, “ഏക് തരഫ് ഉസ്ക ഗർ”, “ക്യാ മുജ്സെ ദോസ്തി കരോഗെ”, “മൈഖാനെ സേ”, “ഗൂൻഗാത്”, “പീനെ വാലോ സുനോ”, “റിഷ്തെ ടൂതെ”, “ആൻസു” തുടങ്ങിയ ഇന്നും ഗസൽപ്രേമികൾക്ക് ഒരു ഗാനമെന്നതിലേറെ ഒരു വികാരമാണ്.
1990-ൽ, ഘയാൽ എന്ന സിനിമയ്ക്കായി ലതാ മങ്കേഷ്കറിനൊപ്പം “മഹിയ തേരി കസം” എന്ന മധുരമായ യുഗ്മഗാനം ആലപിച്ചു. ഈ ഗാനം വളരെയധികം പ്രശസ്തി നേടി. 1994-ൽ, മൊഹ്‌റ എന്ന ചിത്രത്തിലെ “നാ കജ്രേ കി ധർ” എന്ന ശ്രദ്ധേയമായ ഗാനവും സാധന സർഗത്തോടൊപ്പം ഉദാസ് ആലപിച്ചു, അതും വളരെ ജനപ്രിയമായി. സാജൻ, യേ ദില്ലഗി, നാം, ഫിർ തേരി കഹാനി യാദ് ആയി തുടങ്ങിയ ചിത്രങ്ങളിൽ ചില സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടു കൊണ്ട് അദ്ദേഹം പിന്നണി ഗായകനായും തിളങ്ങി…
‘എന്നുമീ സ്വരം’ എന്ന മലയാള ആൽബത്തിൽ അനൂപ് ജലോട്ടക്കൊപ്പം പാടിയിട്ടുണ്ട്.
2024 ഫെബ്രുവരി 26 ന് പങ്കജ് ഉദാസ്, 72-ാം വയസ്സിൽ അന്തരിച്ചു. ഏറെ നാളുകളായി ചികിത്സയിലായിരുന്നു അദ്ദേഹം. അന്നേ ദിവസം രാവിലെ 11-ന് മുംബെെയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.
ഫരീദ ഉദാസ് ആണ് ഭാര്യ; മക്കൾ നയാബ് (നയ്യബ്) ഉദാസ്, രേവ ഉദാസ്.
ആർ. ഗോപാലകൃഷ്ണൻ


