Mantis Partners Sydney
Wednesday, February 11, 2026
Mantis Partners Sydney
Home » ഇന്ത്യ – യുഎസ് വ്യാപാര കരാർ യാഥാർഥ്യത്തിലേക്ക്. ഇതുസംബന്ധിച്ച സംയുക്ത പ്രസ്താവന ഇരു രാജ്യങ്ങളും പുറത്തുവിട്ടു.

ഇന്ത്യ – യുഎസ് വ്യാപാര കരാർ യാഥാർഥ്യത്തിലേക്ക്. ഇതുസംബന്ധിച്ച സംയുക്ത പ്രസ്താവന ഇരു രാജ്യങ്ങളും പുറത്തുവിട്ടു.

by Editor

ന്യൂഡൽഹി: ഇന്ത്യ – യുഎസ് വ്യാപാര കരാർ യാഥാർഥ്യത്തിലേക്ക്. ഇതുസംബന്ധിച്ച സംയുക്ത പ്രസ്താവന പുറത്തിറങ്ങി. മാസങ്ങൾ നീണ്ട ചർച്ചകൾക്കും തർക്കങ്ങൾക്കും ശേഷമാണ് ഇന്ത്യയും യുഎസും ഇടക്കാല വ്യാപാര കരാറിൻ്റെ രൂപരേഖ തയാറാക്കിയത്. ഇന്ത്യയ്ക്ക് മേൽ ചുമത്തിയ 25% അധിക താരിഫ് 18% ആയി അമേരിക്ക കുറച്ചു. റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട ഭാരതത്തിന് മേൽ ചുമത്തിയ പിഴ തരിഫ് ഒഴിവാക്കുന്നതിനുള്ള ഉത്തരവും ട്രംപ് ഒപ്പുവച്ചു. ഇന്ത്യയിൽ നിന്നും വാങ്ങുന്ന വിമാന ഘടകങ്ങൾക്ക് ചുമത്തിയ താരിഫും അമേരിക്ക ഒഴിവാക്കും.

ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക ചുമത്തിയിരുന്ന നികുതി 18 ശതമാനമായി കുറച്ചു. നേരത്തെ ഇത് 50 ശതമാനം വരെയായിരുന്നു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഊർജ്ജം, സാങ്കേതികവിദ്യ, വ്യോമയാനം തുടങ്ങിയ മേഖലകളിൽ നിന്നായി ഏകദേശം 500 ബില്യൺ ഡോളർ മൂല്യമുള്ള അമേരിക്കൻ ഉൽപ്പന്നങ്ങൾ ഇന്ത്യ വാങ്ങും. യുഎസിൽ നിന്നുള്ള ചുവന്ന ചോളം, കശുവണ്ടി, ബദാം, പഴവർഗങ്ങൾ, സോയാബീൻ ഓയിൽ, വൈൻ, സ്‌പിരിറ്റ്‌ എന്നിവയുൾപ്പെടെയുള്ള ഭക്ഷ്യ-കാർഷിക ഉൽപന്നങ്ങളുടെ ഇറക്കുമതി തീരുവ ഇന്ത്യ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യുമെന്ന് പ്രസ്‌താവനയിൽ പറയുന്നു.

അതേസമയം, ഇന്ത്യൻ കർഷകരെ സംരക്ഷിക്കുന്നതിനായി പാൽ, അരി, ഗോതമ്പ് തുടങ്ങിയവയ്ക്ക് സംരക്ഷണം തുടരും. കാർഷിക, ക്ഷീര മേഖലകളിൽ നിയന്ത്രിത ഇളവാണ് വരുത്തിയിരിക്കുന്നത്. ചില യുഎസ് വിളകൾക്ക് തീരുവ കുറയ്ക്കും. ഇന്ത്യൻ അരി ഇറക്കുമതിക്ക് മുൻഗണന നൽകുമെന്ന് യുഎസ് സംയുക്‌ത പ്രസ്താവനയിൽ വ്യക്തമാക്കുന്നു. ഓറഞ്ച്, പ്ലം, മുന്തിരി, നാരങ്ങ, വാഴപഴം എന്നിവയ്ക്ക് ഇന്ത്യ നികുതി ഇളവ് നൽകില്ല. യുഎസ് മദ്യത്തിന് ഇന്ത്യ തീരുവ കുറയ്ക്കുമെന്നും പ്രസ്‌താവനയിലുണ്ട്.

5 വർഷത്തിനുള്ളിൽ 50,000 കോടി ഡോളറിൻ്റെ സാധനങ്ങൾ ഇറക്കുമതി ചെയ്യും. ഇരു രാജ്യങ്ങൾക്കും താൽപര്യമുള്ള മേഖലകളിൽ മുൻഗണനാടിസ്‌ഥാനത്തിൽ വിപണി സൗകര്യങ്ങൾ ലഭ്യമാക്കാൻ ഇന്ത്യയും യുഎസും പ്രതിജ്‌ഞാബദ്ധമാണെന്നും പ്രസ്‌താവനയിൽ പറയുന്നു. ജെനറിക് മരുന്നുകൾ (Generic Pharma), രത്നങ്ങൾ, വജ്രം, വിമാന ഭാഗങ്ങൾ എന്നിവയ്ക്ക് നികുതി പൂർണ്ണമായും ഒഴിവാക്കാൻ അമേരിക്ക സമ്മതിച്ചു.

കരാർ യാഥാർത്ഥ്യമാക്കിയതിന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിനോട് പ്രധാനമന്ത്രി നരേന്ദ്രമോദി നന്ദി പറഞ്ഞു. ഇടക്കാല വ്യാപാര കരാർ ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാക്കുമെന്നും സ്ത്രീകൾക്കും യുവാക്കൾക്കും വലിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.
അമേരിക്കയുമായി നിക്ഷേപവും സാങ്കേതിക പങ്കാളിത്തവും കൂടുതൽ ശക്തിപ്പെടുത്തും. ഇതിലൂടെ കർഷകർ, സംരംഭകർ, എംഎസ്എംഇകൾ, സ്റ്റാർട്ടപ്പുകൾ, മത്സ്യതൊഴിലാളികൾ തുടങ്ങിയവർക്കായി പുതിയ അവസരങ്ങൾ ലഭ്യമാകും. ആഗോള പങ്കാളിത്തങ്ങൾക്ക് ഭാരതം പ്രതിജ്ഞാബന്ധമാണെന്നും വികസിത ഭാരതത്തിനുള്ള രാജ്യത്തിൻ്റെ മുന്നേറ്റം എന്നും പ്രധാനമന്ത്രി നരേന്ദ്രമോദി എക്‌സിൽ കുറിച്ചു.

രാജ്യത്തെ കർഷകരുടെ താല്‌പര്യങ്ങളുടെ സംരക്ഷണം ഉറപ്പാക്കിയെന്ന് കരാറിൽ ഒപ്പുവച്ചതെന്ന് വാണിജ്യമന്ത്രി പീയുഷ് ഗോയൽ വ്യക്തമാക്കി. കാർഷിക, ക്ഷീര ഉൽപ്പന്നങ്ങൾക്ക് കരാറിൽ പൂർണ്ണ പരിരക്ഷ ഉറപ്പാക്കി. ചോളം, ഗോതമ്പ്, അരി, സോയ, പച്ചക്കറികൾ തുടങ്ങിയവയുടെ തീരുവ കുറയ്ക്കില്ല. പാൽ, ചീസ്, കോഴിയിറച്ചി, മാംസം, എഥനോൾ (ഇന്ധനം), പുകയില തുടങ്ങിയവയ്ക്കും സംരക്ഷണമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയും അമേരിക്കയും കരാറിലെത്തിയെന്നും ഇന്ത്യയ്ക്കുള്ള നികുതി 18 ശതമാനമാക്കി കുറച്ചെന്നും നേരത്തെ ട്രംപ് വ്യക്തമാക്കിയിരുന്നെങ്കിലും കരാര്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിരുന്നില്ല.

Send your news and Advertisements

You may also like

error: Content is protected !!