Thursday, July 10, 2025
Mantis Partners Sydney
Jeevan MRI Kottayam, Thodupuzha
Home » ‘ഇന്ത്യയ്ക്ക് റഫാൽ യുദ്ധവിമാനം നഷ്‌ടമായി; പക്ഷേ, പാക്കിസ്ഥാൻ വെടിവെച്ചിട്ടതല്ല’: പാക്കിസ്ഥാന്റെ അവകാശവാദം തള്ളി ദസാൾട്ട് സിഇഒ
ഇന്ത്യ റാഫേൽ

‘ഇന്ത്യയ്ക്ക് റഫാൽ യുദ്ധവിമാനം നഷ്‌ടമായി; പക്ഷേ, പാക്കിസ്ഥാൻ വെടിവെച്ചിട്ടതല്ല’: പാക്കിസ്ഥാന്റെ അവകാശവാദം തള്ളി ദസാൾട്ട് സിഇഒ

by Editor

പാരിസ്: ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യയുടെ റാഫേൽ യുദ്ധവിമാനം വെടിവച്ചിട്ടുവെന്ന പാക്കിസ്ഥാന്റെ അവകാശവാദം തള്ളി ​ദസാൾട്ട് സിഇഒ എറിക് ട്രാപ്പിയാർ. ഇന്ത്യ-പാക് സംഘർഷത്തിനിടെ ഇന്ത്യയുടെ റാഫേൽ യുദ്ധവിമാനം തകർന്നിരുന്നു. എന്നാൽ അത് ഓപ്പറേഷൻ സിന്ദൂറിനിടെ പാക്കിസ്ഥാൻ വെടിവെച്ചിട്ടതല്ലെന്നും സാങ്കേതിക തകരാർകൊണ്ട് മാത്രമാണ് തകർന്നതെന്നും റഫാൽ വിമാനങ്ങൾ നിർമ്മിക്കുന്ന ദസോ ഏവിയേഷൻ കമ്പനി ചെയർമാനും സിഇഒയുമായ എറിക് ട്രാപിയർ വ്യക്തമാക്കി.

പരിശീലന പറക്കലിനിടെ 12,000 മീറ്ററിലധികം ഉയരത്തിൽ വെച്ച് സാങ്കേതിക തകരാർ മൂലം ഒരു വിമാനം നഷ്ട‌പ്പെട്ട സംഭവമുണ്ടായി. ഇതിൽ ശത്രുക്കളുടെ ഇടപെടലോ റഡാറിൽ പതിഞ്ഞ സംഭവമോ ഉണ്ടായിരുന്നില്ലെന്നും അദേഹം പറഞ്ഞു. ഇന്ത്യ-പാക് സംഘർഷത്തിൽ വിമാനങ്ങളൊന്നും നഷ്ട‌പ്പെട്ടിട്ടില്ലെന്ന് ട്രാപിയർ ഉറപ്പിച്ചു പറയുന്നതായി ഫ്രഞ്ച് വെബ്സൈറ്റായ അവിയോൺ ഡി ഷാസ് വ്യക്തമാക്കി.

ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യയുടെ റഫാൽ വിമാനങ്ങൾ വെടിവെച്ചിട്ടെന്ന് പാക്കിസ്ഥാൻ മാധ്യമങ്ങൾ നിരന്തരം റിപ്പോർട്ട് ചെയ്‌തിരുന്നെങ്കിലും ഇന്ത്യ ഇത് അംഗീകരിച്ചിരുന്നില്ല. എന്നാൽ റഫാലിനെ നേരിട്ടു പരാമർശിക്കാതെ ചില നഷ്‌ടങ്ങൾ ഉണ്ടായെന്ന് ഇന്ത്യൻ സൈന്യം സമ്മതിച്ചിരുന്നു. ഇന്ത്യൻ വ്യോമസേനയ്ക്കുണ്ടായ നഷ്‌ടങ്ങളെക്കുറിച്ച് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സി.ഡി.എസ്) ജനറൽ അനിൽ ചൗഹാനിൽ നിന്നാണ് കഴിഞ്ഞ മാസം ആദ്യ സ്ഥിരീകരണം വരുന്നത്. എന്നാൽ എന്താണ് നഷ്‌ടപ്പെട്ടതെന്ന് അദേഹം വ്യക്തമാക്കിയിരുന്നില്ല.

റഫാലുകൾ ഉൾപ്പെടെ ആറ് ഇന്ത്യൻ വിമാനങ്ങൾ വെടിവെച്ചിട്ടെന്ന പാക്കിസ്ഥാൻ്റെ അവകാശവാദം തീർത്തും തെറ്റാണെന്ന് അദേഹം പറയുകയും ചെയ്‌തു. ഓപ്പറേഷൻ സിന്ദൂറിനിടെ ചില നഷ്‌ടങ്ങൾ സംഭവിച്ചതായി ഇന്തോനേഷ്യയിലെ ഇന്ത്യൻ ഡിഫൻസ് അറ്റാഷെ നേവി ക്യാപ്റ്റൻ ശിവ് കുമാറും സമ്മതിച്ചിരുന്നു. നാല് ദിവസത്തെ സംഘർഷത്തിനിടെ ഇന്ത്യയ്ക്ക് റഫാൽ യുദ്ധവിമാനങ്ങൾ നഷ്‌ടപ്പെട്ടു എന്ന് പറയുന്നത് തെറ്റാണെന്ന് ഇന്ത്യൻ പ്രതിരോധ സെക്രട്ടറി ആർ.കെ. സിങ് വ്യക്തമാക്കി. ‘നിങ്ങൾ ‘റഫാലുകൾ’ എന്ന് ബഹുവചനത്തിൽ ഉപയോഗിച്ചു, അത് തീർത്തും ശരിയല്ലെന്ന് എനിക്ക് ഉറപ്പ് പറയാൻ കഴിയും’. സംഘർഷത്തിൽ ഇന്ത്യൻ സേനയ്ക്ക് പൂർണമായ പ്രവർത്തന സ്വാതന്ത്ര്യം ഉണ്ടായിരുന്നുവെന്ന് അദേഹം വ്യക്തമാക്കുകയും ചെയ്‌തു.

അതേസമയം ഓപ്പറേഷൻ സിന്ദൂറിന് ശേഷം റഫാലിൻ്റെ പോരാട്ട ശേഷിയെക്കുറിച്ച് സംശയങ്ങൾ ജനിപ്പിക്കുന്നതിൽ ചൈന പ്രധാന പങ്ക് വഹിച്ചതായി ഫ്രഞ്ച് രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

Send your news and Advertisements

You may also like

error: Content is protected !!