മെൽബണിലെ പുരോഗമന സാംസ്‌കാരിക സംഘടനയായ സമത ഓസ്ട്രേലിയ സംഘടിപ്പിക്കുന്ന ജനകീയ നാടകോത്സവം “IHNA പീപ്പിൾസ് തീയറ്റർ ഫെസ്റ്റ് 2025” ജൂൺ 7 വൈകുന്നേരം 5 മണി മുതൽ മെൽബണിലെ ബോക്സ്ഹിൽ ടൗൺഹാളിൽ നടക്കുന്നു.
മാധവിക്കുട്ടിയുടെ കഥ ‘ഒഴിവി’നെ ഏകപാത്രനാടകമായി കഴിഞ്ഞ വർഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ച ബീന ആർ ചന്ദ്രൻ അരങ്ങിലെത്തിക്കുന്നു. ഒറ്റ ഞാവൽമരം എന്ന നാടകം ആറങ്ങോട്ടുകര ശ്രീജയാണ് രചിച്ചത്. നാരായണനാണ് സംവിധാനം. ഫാസിൽ റസാഖ് സംവിധാനം ചെയ്ത ‘തടവ്’ എന്ന ചിത്രത്തിലെ ഗീത എന്ന ടീച്ചറെ അവതരിപ്പിച്ചതിനാണ് ബീന ആർ ചന്ദ്രന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചത്.
ജയപ്രകാശ് കുളൂര്‍ രചിച്ച കൂനൻ എന്ന ഏകപാത്രനാടകം പ്രശസ്ത നാടക-സിനിമ താരം മഞ്ജുളൻ വേദിയിലെത്തിക്കുന്നു. ഇന്ത്യയിലും വിദേശത്തുമായി രണ്ടായിരത്തിലധികം വേദികളിൽ അവതരിപ്പിച്ചു റെക്കോർഡുകളിൽ ഇടം നേടിയിട്ടുള്ള “കൂനൻ” ആദ്യമായിട്ടാണ് ഓസ്ട്രേലിയയിൽ അവതരിപ്പിക്കുന്നത്. എൻ. പ്രഭാകരൻ രചിച്ച പ്രശസ്ത നാടകം പുലിജന്മം ഗിരീഷ് അവനൂരിന്റെ സംവിധാനത്തിൽ സമതയുടെ കലാകാരന്മാർ അരങ്ങിലെത്തിക്കുന്നു.
12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. ഒപ്പം ചെറിയ കുട്ടികൾക്കായി സൗജന്യ ബേബി സിറ്റിംഗ് സംവിധാനവും പരിപാടി നടക്കുന്ന ടൗൺഹാളിൽ ഒരുക്കുന്നുണ്ട്. നാടകോത്സവത്തോടനുബന്ധിച്ച് വരയരങ്ങ്, രുചിയരങ്ങ്, കളിയരങ്ങ്, വായനയരങ്ങ് എന്നിവയുമുണ്ടാകും.
ടിക്കറ്റ് ബുക്കിംഗിന് >> https://booking.samatha.com.au/event/ihna-peoples-theatre-fest-2025/117