വാഷിങ്ടണ്‍: റഷ്യയുമായി വ്യാപാരം തുടര്‍ന്നാല്‍ ഉപരോധം നേരിടേണ്ടി വരുമെന്ന് ഇന്ത്യ ബ്രസീല്‍, ചൈന എന്നീ രാജ്യങ്ങള്‍ക്കു നാറ്റോയുടെ മുന്നറിയിപ്പ്. ക്രൂഡ് ഓയിൽ വാങ്ങുന്നതടക്കമുള്ള കാര്യങ്ങളിൽ റഷ്യയുമായുള്ള വ്യാപാര ബന്ധം തുടർന്നാൽ കടുത്ത സാമ്പത്തിക പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റൂട്ടാണ് മുന്നറിയിപ്പ് നൽകിയത്.
ഉക്രെയ്നുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചർച്ചകൾ ഗൗരവതരമായി കാണമെന്ന് ഇന്ത്യ, ചൈന, ബ്രസീൽ എന്നിവിടങ്ങളിലെ നേതാക്കൾ റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിന് മേൽ സമ്മർദ്ദം ചെലുത്തണമെന്നും റൂട്ട് ആവശ്യപ്പെട്ടു. അമേരിക്കൻ സെനറ്റുമാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം. ‘നിങ്ങൾ ബീജിങിലോ ഡൽഹിയിലോ ആണ് താമസിക്കുന്നതെങ്കിൽ, അല്ലെങ്കിൽ നിങ്ങൾ ബ്രസീലിന്റെ പ്രസിഡന്റാണെങ്കിൽ, ഇതു ശ്രദ്ധിക്കുക. കാരണം നിങ്ങളെ ഇത് ഗൗരവതരമായി ബാധിക്കും. അതിനാൽ ദയവായി പുടിനോട് സംസാരിച്ച് സമാധാന ചർച്ചകൾ നടത്തുക, അല്ലെങ്കിൽ ബ്രസീലും ഇന്ത്യയും ചൈനയും കനത്ത തിരിച്ചടി നേരിടേണ്ടി വരും’ – റൂട്ട് പറഞ്ഞു.
ഉക്രെയ്ന് പുതിയ ആയുധങ്ങൾ നൽകുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിക്കുകയും അൻപത് ദിവസത്തിനുള്ളിൽ സമാധാന കരാർ നിലവിൽ വന്നില്ലെങ്കിൽ റഷ്യൻ കയറ്റുമതി ഉൽപന്നങ്ങൾ വാങ്ങുന്ന രാജ്യങ്ങൾക്ക് മേൽ 100 ശതമാനം തീരുവ ചുമത്തുമെന്ന ഭീഷണിക്കും പിന്നാലെയാണ് നാറ്റോയുടെ മുന്നറിയിപ്പ്.