ഹോങ്കോങ്: ഹോങ്കോങ്ങിലെ തായ്പോ ജില്ലയിലുള്ള പാർപ്പിട സമുച്ചയങ്ങളിലുണ്ടായ വൻ തീപിടിത്തത്തിൽ നിരവധി മരണം. ഇതുവരെ 44 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഒട്ടേറെപ്പേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്. 279 പേരെ കാണാതായെന്നും റിപ്പോർട്ടുകളുണ്ട്. വാങ് ഫുക് കോർട്ട് ഹൗസിങ് കോംപ്ലക്‌സിലെ 32 നിലക്കെട്ടിടത്തിലെ ഏഴോളം ബ്ലോക്കുകളിലാണ് തീപടർന്നതെന്നാണ് പ്രാഥമിക വിവരം. 8 ടവറുകളിലായി 2,000 പേർ താമസിക്കുന്ന പാർപ്പിടസമുച്ചയമാണിത്. കടുത്ത ചൂടും കട്ടിയുള്ള പുകയും കാരണം അഗ്നിശമന സേനാംഗങ്ങൾ 32 നിലകളുള്ള ടവറുകളുടെ മുകൾ നിലയിലെത്താൻ പാടുപെടുകയാണ്, 45 പേരോളം ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ഉണ്ട് എന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
പ്രാദേശിക സമയം ബുധനാഴ്ച്ച വൈകുന്നേരം 6.20-ടെയാണ് സംഭവം. മുപ്പതു വർഷത്തിനിടയിൽ ഹോങ്കോങ്ങിലെ ഏറ്റവും വലിയ തീപിടിത്തമാണിതെന്ന് അധികൃതർ പറഞ്ഞു. നിരവധി പാർപ്പിട സമുച്ചയങ്ങൾ അടുത്തടുത്തായി സ്ഥിതിചെയ്യുന്ന മേഖലയിലാണിത്. ഹോങ്കോങ്ങിന്റെ ന്യൂ ടെറിട്ടറികളിലെ പ്രാന്തപ്രദേശമായ തായ് പോ ജില്ലയിലെ ഭവന സമുച്ചയത്തിലെ എട്ട് കെട്ടിടങ്ങളിൽ ഏഴിലും തീ പടർന്നതിനെത്തുടർന്ന് നൂറുകണക്കിന് താമസക്കാരെയാണ് ഒഴിപ്പിക്കേണ്ടി വന്നത്. രക്ഷാപ്രവർത്തനം തുടരുകയാണ്.



