തിരുവനന്തപുരം: തിരുവനന്തപുരത്തു പ്രമുഖ ഹോട്ടൽ ഉടമയെ മരിച്ച നിലയിൽ കണ്ടെത്തി. വഴുതക്കാട് കോട്ടൺഹിൽ സ്കൂളിന് സമീപത്തെ കേരള കഫേ എന്ന ഹോട്ടലിന്റെ ഉടമകളിൽ ഒരാളായ ജസ്റ്റൻ രാജാണ് (60) കൊല്ലപ്പെട്ടത്. കേസില്‍ ഹോട്ടലിലെ രണ്ട് ജീവനക്കാര്‍ പിടിയിലായി. അടിമലത്തുറയില്‍ നിന്നാണ് രണ്ടുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. ഡല്‍ഹി സ്വദേശി ദില്‍കുമാര്‍, അടിമലത്തുറ സ്വദേശി രാജേഷ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
പിടിയിലാകുമ്പോള്‍ ഇരുവരും അമിത മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. പിടികൂടുന്നതിനിടെ ഇരുവരും ചേര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദിച്ചു. മര്‍ദനത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു. അക്രമാസക്തരായ പ്രതികളെ വിഴിഞ്ഞം പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്ത് വരികയാണ്.
ഹോട്ടല്‍ ജീവനക്കാര്‍ താമസിക്കുന്ന ക്യാമ്പിന് സമീപമാണ് ജസ്റ്റിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം മൂടിയിട്ട നിലയിലായിരുന്നു. പ്രതികളെന്ന് സംശയിക്കുന്ന രണ്ട് ജീവനക്കാരും കുറച്ച് ദിവസമായി പണിക്ക് എത്തിയിരുന്നില്ല. ഇവര്‍ എവിടെപ്പോയെന്ന് നേരിട്ട് അന്വേഷിക്കാനെത്തിയതായിരുന്നു ജസ്റ്റിന്‍. സിപിഐഎം മുന്‍ ജില്ലാ സെക്രട്ടറി എം സത്യനേശന്റെ മകളുടെ ഭര്‍ത്താവാണ് കൊല്ലപ്പെട്ട ജസ്റ്റിന്‍ രാജ്. കേരള കഫേയുടെ നാല് പാര്‍ട്ട്ണര്‍മാരില്‍ ഒരാളാണ് ജസ്റ്റിന്‍. ജസ്റ്റിനാണ് എല്ലാദിവസവും രാവിലെ അഞ്ച് മണിക്ക് ഹോട്ടല്‍ തുറക്കുന്നത്.