തിരുവനന്തപുരം: കേരളത്തിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഏഴ് ജില്ലകളിലേയും നാല് താലൂക്കുകളിലേയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്‌ടർമാർ അവധി പ്രഖ്യാപിച്ചു. വയനാട്, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് അവധി. ചേർത്തല, കുട്ടനാട്, നിലമ്പൂർ, ഇരിട്ടി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയുണ്ട്. പരീക്ഷകൾ, അഭിമുഖങ്ങൾ എന്നിവയ്ക്ക് അവധി ബാധകമല്ല.
അടുത്ത 5 ദിവസം അതിതീവ്ര മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥ നിരീക്ഷണവകുപ്പ് അറിയിച്ചു. ഇന്നും നാളെയും മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗത്തിലുള്ള ശക്‌തമായ കാറ്റ് വീശാം. എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, വയനാട് ജില്ലകളിൽ ഇന്നും പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ നാളെയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്നു യെലോ അലർട്ട് ആണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, കാസർകോട് ജില്ലകളിൽ നാളെയും യെലോ അലർട്ട് തുടരും.
ഇടുക്കി മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 134.30 അടിയായെന്ന് അറിയിപ്പ്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ ശക്തമായതോടെയാണ് ജലനിരപ്പ് ഉയർന്നത്. നീരൊഴുക്ക് ശക്തമായതോടെ അണക്കെട്ട് തുറക്കുന്നതിനുള്ള മുന്നറിയിപ്പ് തമിഴ്‌നാട് ഇടുക്കി ജില്ലാ ഭരണകൂടത്തിന് നൽകി. സെക്കന്റിൽ 6084 ഘന അടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ട്. എന്നാൽ സെക്കൻ്റിൽ 1867 ഘന അടി വെള്ളം മാത്രമാണ് തമിഴ്‌നാട് കൊണ്ടു പോകുന്നത്. നിലവിലെ റൂൾ കർവ് പ്രകാരം 136 അടി വെള്ളമാണ് തമിഴ്‌നാടിന് ജൂൺ 30 വരെ സംഭരിക്കാനാവുക. ഈ സ്ഥിതി തുടർന്നാൽ 28 സ്‌പിൽ വേ ഷട്ടർ ഉയർത്തേണ്ടി വരുമെന്ന് തമിഴ്‌നാട് വ്യക്തമാക്കിയിട്ടുണ്ട്. ജലനിരപ്പ് ക്രമാതീതമായി ഉയർന്നാൽ ശനിയാഴ്‌ച അണക്കെട്ട് തുറക്കാനാണ് തമിഴ്‌നാട് തീരുമാനിച്ചിരിക്കുന്നത്. ജലനിരപ്പ് 136 അടിയിൽ എത്തിയാൽ സ്‌പിൽവേ വഴി വെള്ളം പുറത്തേക്ക് ഒഴുക്കും. പെരിയാർ തീരത്ത് താമസിക്കുന്നവരടക്കം ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്.
മഴക്കെടുതിയിൽ സംസ്ഥാനത്ത് ഏഴു മരണം റിപ്പോർട്ടു ചെയ്‌തു. പത്തനംതിട്ട ജില്ലയിൽ പമ്പ (മടമൺ സ്റ്റേഷൻ), ഇടുക്കി ജില്ലയിൽ തൊടുപുഴ (മണക്കാട് സ്റ്റേഷൻ), തൃശൂർ ജില്ലയിൽ ചാലക്കുടി (അരങ്ങാലി സ്റ്റേഷൻ) നദികളിൽ കേന്ദ്ര ജല കമ്മിഷൻ പ്രളയ മുന്നറിയിപ്പിന്റെ ഭാഗമായി മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.