ന്യൂഡല്‍ഹി: ലഘുഭക്ഷണങ്ങളായ സമൂസയിലും ജിലേബിയിലും ലഡുവിലും ആരോഗ്യത്തിന് ഹാനികരമെന്ന മുന്നറിയിപ്പ് നല്‍കണമെന്ന നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഏതെങ്കിലും ഒരു ഭക്ഷ്യവസ്തുവിനെ ലക്ഷ്യമിട്ടല്ല മുന്നറിയിപ്പ് പുറപ്പെടുവിച്ചതെന്നും പൊതുവായ നിര്‍ദേശമാണ് നല്‍കിയതെന്നും കേന്ദ്ര ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. ‘ഒരു ഭക്ഷ്യവസ്തുവിനെയോ തെരുവുകച്ചവടക്കാരെയോ ലക്ഷ്യമിട്ട് ഒരു തീരുമാനവുമെടുത്തിട്ടില്ല. ആരോഗ്യകരമായ ഭക്ഷ്യസംസ്‌കാരം വളര്‍ത്തിയെടുക്കുകയാണ് ലക്ഷ്യം. ഭക്ഷണ ക്രമീകരണത്തിനൊപ്പം പടികള്‍ ചവിട്ടി കയറണമെന്നും ചെറിയ ഇടവേളകള്‍ എടുക്കണമെന്നും ഓഫീസ് ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പഴങ്ങളും പച്ചക്കറികളും കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. പല ഭക്ഷണങ്ങളിലും അമിതമായ കൊഴുപ്പും പഞ്ചസാരയും അടങ്ങിയിട്ടുണ്ട്. അത് അമിതമായി കഴിക്കുന്നതിന്റെ ദോഷകരമായ ഫലങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനായാണ് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാനൊരുങ്ങുന്നത്. ഈ നിര്‍ദേശം ഇന്ത്യയുടെ സ്ട്രീറ്റ് ഫുഡ് കള്‍ച്ചറിനെ ലക്ഷ്യമിടുന്നതല്ല’– കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രസ്താവനയില്‍ പറയുന്നു.
ലഘു ഭക്ഷണങ്ങളിൽ അടങ്ങിയിരുന്ന എണ്ണയും കൊഴുപ്പും പഞ്ചസാരയും സംബന്ധിച്ച് വിവരങ്ങൾ ഉൾപ്പെടുത്തുന്ന ബോർഡുകൾ സ്ഥാപിക്കണമെന്ന നിർദ്ദേശം കേന്ദ്രം നൽകിയെന്നായിരുന്നു വാർത്തകൾ പുറത്തു വന്നത്. പുകയില ഉൽപ്പന്നങ്ങൾക്കെതിരായ മുന്നറിയിപ്പ് എന്നതുപോലെ എണ്ണ- മധുര പലഹാരങ്ങളുടെ ദോഷവശങ്ങൾ വ്യക്തമാക്കി മുന്നറിയിപ്പ് നൽകണമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശം. സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ കാന്റീനുകളിലും പൊതുഇടങ്ങളിലും ബോര്‍ഡുകള്‍ സ്ഥാപിക്കുമെന്നും സമൂസ, ജിലേബി, ലഡു, വട പാവ് തുടങ്ങിയ പലഹാരങ്ങളിലെ അപകടസാധ്യതകളെക്കുറിച്ച് ഈ ബോര്‍ഡുകള്‍ ഓര്‍മപ്പെടുത്തുമെന്നുമായിരുന്നു വാര്‍ത്ത.
അമിതവണ്ണം കുറച്ച് ആരോഗ്യമായ ജീവിതശൈലിലേക്ക് മാറാൻ ജനങ്ങൾക്ക് പ്രചോദനം നൽകുയാണ് ആരോഗ്യമന്ത്രാലയത്തിന്റെ ലക്ഷ്യം. 2050 ആകുമ്പോഴേക്കും 44.9 കോടിയിലധികം ഇന്ത്യക്കാര്‍ അമിതവണ്ണം ഉള്ളവരായി മാറുമെന്നാണ് ചില പഠനങ്ങൾ സൂചിപ്പിക്കുന്നത്. ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തി അമിതവണ്ണം തടയണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരുന്നു. തുടർന്ന് മൻ കി ബാത്തിലും ഇക്കാര്യം ആവർത്തിച്ചിരുന്നു.