കൊല്ലം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയും കെപിസിസി മുൻ പ്രസിഡന്റുമായ സി വി പത്മരാജൻ അന്തരിച്ചു. 93 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന കൊല്ലത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഇന്ന് ഉച്ചയ്ക്ക് 1 മണി മുതൽ 1.30 വരെ അർബൻ ബാങ്ക് ഹെഡ് ഓഫീസിലും ഉച്ചയ്ക്ക് 2 മുതൽ 3 വരെ ഡിസിസി ഓഫീസിലും പൊതുദർശനം ഉണ്ടാവും. തുടർന്ന് വിലാപയാത്രയായി പരവൂരിലെ കുടുംബ വീട്ടിൽ എത്തിക്കും.
കെ.കരുണാകരൻ, എ.കെ. ആന്റണി മന്ത്രിസഭകളിൽ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്ത അദ്ദേഹം കൊല്ലത്തെ കോൺഗ്രസ് പാർട്ടിയുടെ അവസാന വാക്കായിരുന്നു. ധനകാര്യം, വൈദ്യുതി, ഫിഷറീസ് അടക്കം സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തു. 1931 ജൂലൈ 22 ന് കൊല്ലം ജില്ലയിലെ പരവൂരിൽ ആയിരുന്നു ജനനം. 1956 ൽ കൊല്ലത്ത് അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങി. 1983–87 വരെ കെപിസിസി പ്രസിഡന്‍റായി സേവനമനുഷ്ഠിച്ചു. രണ്ട് തവണ ചാത്തന്നൂർ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
പരവൂർ കുന്നത്തു വേലു വൈദ്യർ – കെ.എം. തങ്കമ്മ ദമ്പതികളുടെ മകനായി 1931 ജൂലൈ 22-നാണ് ജനനം. കോട്ടപ്പുറം പ്രൈമറി സ്കൂൾ, എസ്.എൻ.വി സ്‌കൂൾ, കോട്ടപ്പുറം ഹൈസ്കൂൾ എന്നിവിടങ്ങളിൽ സ്‌കൂൾ വിദ്യാഭ്യാസം. ചങ്ങനാശേരി സെന്റ് ബെർക്‌മാൻസ് കോളജിൽ നിന്ന് ഇൻ്റർമീഡിയറ്റ്. തിരുവനന്തപുരം എം.ജി. കോളജിലെ ആദ്യബാച്ചിൽ ബിഎ പാസ്സായി. കോട്ടപ്പുറം സ്‌കൂളിൽത്തന്നെ 3 വർഷം അധ്യാപകനായി. എറണാകുളം ലോ കോളജിലും തിരുവനന്തപുരം ലോ കോളജിലുമായിട്ടായിരുന്നു നിയമപഠനം. ഭാര്യ: അഭിഭാഷകയായ വസന്തകുമാരി. മക്കൾ: അജി (മുൻ പ്രൊജക്‌ട് മാനേജർ, ഇൻഫോസിസ്). അനി (വൈസ് പ്രസിഡന്റ്, വോഡോഫോൺ-ഐഡിയ, മുംബൈ). മരുമകൾ: സ്‌മിത.