Saturday, July 12, 2025
Mantis Partners Sydney
Jeevan MRI Kottayam, Thodupuzha
Home » ഇന്തോനേഷ്യയിലെ അഗ്നി പർവതം വീണ്ടും പൊട്ടിത്തെറിച്ചു; ബാലിയിലേക്കുള്ള നിരവധി വിമാന സർവീസുകൾ റദ്ദാക്കി.
ഇന്തോനേഷ്യയിലെ അഗ്നി പർവതം വീണ്ടും പൊട്ടിത്തെറിച്ചു; ബാലിയിലേക്കുമുള്ള നിരവധി വിമാന സർവീസുകൾ റദ്ദാക്കി.

ഇന്തോനേഷ്യയിലെ അഗ്നി പർവതം വീണ്ടും പൊട്ടിത്തെറിച്ചു; ബാലിയിലേക്കുള്ള നിരവധി വിമാന സർവീസുകൾ റദ്ദാക്കി.

by Editor

ബാലി: ഇന്തോനേഷ്യയിലെ മൗണ്ട് ലെവോടോബി ലക്കി-ലാക്കി അഗ്നി പർവതം വീണ്ടും പൊട്ടിത്തെറിച്ചു. 18 കിലോമീറ്ററോളം ഉയരത്തിൽ (11 മൈൽ) ചാരം പടർന്നു. സമീപത്തുള്ള ഗ്രാമങ്ങളിലെല്ലാം ചാരം മൂടി. പൊട്ടിത്തെറിയിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല. കഴിഞ്ഞ മാസം അവസാനവും അഗ്നിപർവതം പൊട്ടിത്തെറിച്ചിരുന്നു. പത്ത് കിലോമീറ്ററോളം ഉയരത്തിൽ ചാരം പടർന്നതിനാൽ ഇന്തോനേഷ്യയിലെ ബാലിയിലേക്കുള്ള നിരവധി വിമാന സർവീസുകൾ റദ്ദാക്കി. ഓസ്ട്രേലിയയ്ക്കും ബാലിക്കും ഇടയിൽ സർവീസ് നടത്തുന്ന അഞ്ച് അന്താരാഷ്ട്ര വിമാന സർവീസുകൾ ഉൾപ്പടെ തിങ്കളാഴ്ച അവിടെ നിന്നും തിരിച്ചുമുള്ള 24 വിമാന സർവീസുകൾ റദ്ദാക്കിയതായി അധികൃതർ പറഞ്ഞു.

ഈ വർഷം മൂന്നാമത്തെ തവണയാണ് അഗ്നി പർവതം പൊട്ടിത്തെറിക്കുന്നത്. പ്രാദേശിക സമയം 11.05-ഓടെയാണ് അഗ്നി പർവതം പൊട്ടിത്തെറിച്ചതെന്ന് വോൾക്കാനോ ഏജൻസി പ്രസ്‌താവനയിൽ പറഞ്ഞു. ഇന്തോനേഷ്യയിലെ തിരക്കേറിയ വിനോദ സഞ്ചാര മേഖലയിലാണ് ലക്കി – ലാക്കി സ്ഥിതി ചെയ്യുന്നത്. സ്ഫോടന സമയത്ത് അഗ്നി പർവതത്തിൻ്റെ ചരിവുകളിൽ നിന്ന് അഞ്ച് കിലോമീറ്റർ വരെ താഴേക്ക് പാറകളും ലാവയും കലർന്ന കത്തുന്ന വാതക മേഘങ്ങളുടെ ഒരു ഹിമപാതം ഉണ്ടായതായി ഇന്തോനേഷ്യയിലെ ജിയോളജി ഏജൻസി രേഖപ്പെടുത്തി.

ഇന്തോനേഷ്യയിൽ ഭൂചലനങ്ങളും അഗ്നിപർവ്വത സേഫോടനങ്ങളും പതിവായി അനുഭവപ്പെടാറുണ്ട്. 2024 നവംബറിൽ അഗ്നി പർവ്വതം പലതവണ പൊട്ടിത്തെറിച്ച് ഒമ്പത് പേർ മരിച്ചിരുന്നു. ജൂൺ 18-ന് ഉണ്ടായ പൊട്ടിത്തെറിക്ക് ശേഷം അഗ്നിപർവത നിരീക്ഷണ ഏജൻസി മൗണ്ട് ലെവോടോബി ലക്കി ലക്കിയുടെ പൊട്ടിത്തെറി സാധ്യത ഏറ്റവും ഉയർന്ന നിലയിലേക്ക് മാറ്റിയിരുന്നു. അതിന് ശേഷം സ്ഫോടനങ്ങൾ പതിവായതോടെ പർവതത്തിൻ്റെ ഏഴ് കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം ഒഴിപ്പിച്ചിരുന്നു.

280 ദശലക്ഷത്തിലധികം ആളുകളുള്ള ദ്വീപസമൂഹമാണ് ഇന്തോനേഷ്യ. ഇവിടെ 120 സജീവ അഗ്നി പർവതങ്ങളുണ്ട്. വിനോദ സഞ്ചാര ദ്വീപായ ഫ്ലോറസിലാണ് മൗണ്ട് ലെവോട്ടോബി ലക്കി- ലാക്കി സ്ഥിതി ചെയ്യുന്നത്. 1584 മീറ്ററാണ് (5,197 അടി) അഗ്നി പർവതത്തിൻ്റെ ഉയരം.

Send your news and Advertisements

You may also like

error: Content is protected !!