Mantis Partners Sydney
Wednesday, February 11, 2026
Mantis Partners Sydney
Home » ഇ. പി. സുഷമ: യൗവ്വനത്തിൽ പൊലിഞ്ഞ എഴുത്തുജന്മം…
ഇ. പി. സുഷമ: യൗവ്വനത്തിൽ പൊലിഞ്ഞ എഴുത്തുജന്മം...

ഇ. പി. സുഷമ: യൗവ്വനത്തിൽ പൊലിഞ്ഞ എഴുത്തുജന്മം…

by Editor

അകാലത്തിൽ പൊലിഞ്ഞുപോയ ഒരു കാഥികയാണ് ഇ. പി. സുഷമ. 32-ാം വയസ്സിൽ വിടപറഞ്ഞു. ആത്മനൊമ്പരത്തിന്റെ ദുഃഖസ്മൃതികളാണ് സുഷമ, തന്‍റെ രചനകളിൽ ആവിഷ്കരിച്ചിരിക്കുന്നത്. ആ എഴുത്തു ജന്മം വിട പറഞ്ഞിട്ട് മൂന്നു പതിറ്റാണ്ട്. ഇ. പി.സുഷമയുടെ 29-ാം ചരമവാർഷികദിനമാണ് ഫെബ്രുവരി 8

‘മരണാനന്തരം’ ആണ് ഇ. പി. സുഷമയുടെ ജീവിതകാലത്ത് പ്രസിദ്ധീകൃതമായ ഏക കൃതി; ‘കഥയില്ലായ്മകൾ‘ (1998) പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ചത്, മരണാന്തരമാണ്. സുഷമയുടെ സമ്പൂര്‍ണ്ണകൃതികളുടെ സമാഹാരമാണ് ‘കഥയില്ലായ്മകൾ‘ എന്ന ഈ ഗ്രന്ഥം. ഇതാകട്ടെ പുതിയ പതിപ്പുകളുടെ അഭാവമായിരിക്കാം, ഇപ്പോൾ കിട്ടാനുമില്ല. ഈ കൃതിയിലെ, എല്ലാ കഥകളിലും “കഥകൾ നിറഞ്ഞു നില്‍ക്കുന്നതാണ്” എന്ന് അവതാരികയില്‍ ഒ. എൻ. വി. കുറുപ്പ് അഭിപ്രായപ്പെട്ടിട്ടുമുണ്ട്.

സുഷമയുടെ മയൂഖമാലകൾ പ്രസരിപ്പിച്ച ‘വസുന്ധര’ എന്ന കഥ ‘ഒരു രത്ന‘മാണെന്നാണ്’ പ്രൊഫ. എം. കൃഷ്ണന്‍ നായർ വിലയിരുത്തിയിട്ടുള്ളത്.

1964 മെയ് 17-ന് തളിക്കുളത്ത് ജനിച്ചു. ഇ. ആർ. പുഷ്പാംഗദൻ മാസ്റ്ററുടെയും കെ. കെ. ലീല ടീച്ചറുടെയും മൂത്ത മകൾ. നാട്ടിക ഈസ്റ്റ് യു. പി. സ്കൂൾ, ഗവണ്‍മെന്‍റ് ഹൈസ്കൂൾ തളിക്കുളം, നാട്ടിക എസ്. എൻ. കോളേജ്, തൃശൂര്‍ വിമല കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മലയാള സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടി. പാരലല്‍ കോളേജ് അധ്യാപിക, ‘കൈരളീസുധ’ വാരികയുടെ സബ് എഡിറ്റർ, അംഗവൈകല്യമുള്ള കുട്ടികളെ സഹായിക്കാന്‍ വേണ്ടി വാടാനപ്പള്ളിയില്‍ രുപീകൃതമായ ‘സദ്ഭവനി’ല്‍ ഡയറക്ടർ തുടങ്ങിയ നിലകളില്‍ സേവനം അനുഷ്ഠിച്ചു.

ചെറുകഥാമത്സരങ്ങളില്‍ പങ്കെടുത്ത് ‘അങ്കണം അവാര്‍ഡ്’, ‘ഗൃഹലക്ഷ്മി അവാര്‍ഡ്’, ‘ലളിതാംബിക അന്തര്‍ജ്ജനം സ്മാരക പ്രത്യേക സാഹിത്യ പുരസ്ക്കാരം‘ (മരണാനന്തരം) എന്നിവ നേടുകയുണ്ടായി. കഥകള്‍, കവിതകള്‍, ലേഖനങ്ങള്‍ എന്നിവ കൂടാതെ ‘പാഞ്ചാലി‘ എന്നൊരു നാടകവും സുഷമ എഴുതിയിട്ടുണ്ട്.

‘അരളിപ്പൂക്കൾ’ സുഷമയുടെ പ്രധാന രചന ആണ്; അതിലെ കേന്ദ്ര കഥാപാത്രം, ‘മായ’ കാൻസർ വന്ന് മരിക്കുന്നത് സുഷമയുടെ ജീവിതത്തിലും ‘അറംപറ്റി’ എന്നും ഒക്കെ കേട്ടിട്ടുണ്ട്- ഒരിക്കൽ കാൻസർ വന്ന് മാറി പിന്നീട് രണ്ടാമതും അസുഖം വരികയായിരുന്നു. കല്യാണം ഉറപ്പിച്ച സമയത്താണത്രെ ക്യാൻസർ വന്നത്. ‘മാതൃഭൂമി’ വാരാന്ത്യപ്പതിപ്പിൽ എഴുതിയ അനുഭവക്കുറിപ്പ് വായിച്ചിരുന്നു. ഒന്നുമറിയാത്ത ഒരു പാവത്തെ കൂടി തന്റെ ദുരിത ജീവിതത്തിലേക്ക് വലിച്ചിഴയ്ക്കാൻ ഇടവന്നില്ലല്ലോ എന്ന ‘നിശ്വാസ’മായിരുന്നു ആ കുറിപ്പിൽ!

1996 ഫെബ്രുവരി 8-ന്, 32-ാം വയസ്സിൽ, അന്തരിച്ചു. അവരുടെ പേരിൽ എൻഡോവ്മെന്റ് കൊടുക്കുന്നുണ്ട്: ‘അങ്കണം സാംസ്കാരിക വേദി’യുടെ പേരിൽ അതിന്റെ സ്ഥാപക ചെയർമാൻ, യശഃശരീരനായ ഷംഷുദീൻ മുൻകൈഎടുത്ത് ആണ് ഇത് ഏർപ്പെടുത്തിയത്.

ആർ. ഗോപാലകൃഷ്ണൻ

വാലറ്റം: ‘വസുന്ധര’ എന്ന സുഷമ എഴുതിയ കഥ പണ്ട് മാതൃഭൂമിയിൽ വന്നിട്ടുള്ളത് ഓർക്കുന്നു. ഒരു സ്ത്രീയുടെ അതിജീവനത്തിന്റെ കഥ വളരെ ലളിതവും രസകരവുമായി വരച്ചിട്ടു സുഷമ.

വൃദ്ധനായ പണക്കാരനെ വിവാഹം ചെയ്ത് ഗ്രാമത്തിൽ എത്തിയ വസുന്ധര ആ ഗ്രാമത്തിലെ സംസാരവിഷയമായി പെട്ടന്ന്. പുരുഷന്മാർ എല്ലാം അതിസുന്ദരിയായ വസുന്ധരയെ ഒളിഞ്ഞും തെളിഞ്ഞും മോഹിക്കുന്നു. സ്ത്രീകൾ പരസ്യമായി വസുന്ധരയെ ആക്ഷേപിക്കുന്നുണ്ട് എങ്കിലും രഹസ്യമായി മഞ്ഞൾ തേച്ചും പഴയ കഞ്ഞിവെള്ളത്തിൽ മുടി കഴുകിയും അവർ വസുന്ധര ആകാൻ ശ്രമിക്കുന്നുണ്ട്. അങ്ങനെ ഒരു ദിവസം വസുന്ധരയുടെ വൃദ്ധനായ ഭർത്താവ് മരിക്കുന്നു.

വിധവയും ആ അർത്ഥത്തിൽ അനാഥയായ വസുന്ധരയും അവരിൽ വന്നു ചേർന്ന ഭർത്താവിന്റെ കണക്കറ്റ സ്വത്തുമായി പിന്നെ ഗ്രാമത്തിന്റെ ചർച്ചാ വിഷയം. രാത്രിയിൽ വസുന്ധരയുടെ സർപ്പ സൗന്ദര്യം ആസ്വദിക്കാൻ പോയവരെ വെട്ടുകത്തിയുമായാണ് വസുന്ധര എതിരേറ്റത്. വസുന്ധരയുടെ തെറ്റു കണ്ടുപിടിക്കാന്‍ ഉറങ്ങാതെ കാത്തിരുന്ന ഗ്രാമവാസികള്‍ക്ക് അവളുടെ രൗദ്രവേഷവും കാണേണ്ടി വരുന്നു. ഒടുവിൽ ഗ്രാമത്തിലെ സദാനന്ദൻ മാഷുടെ സഹായത്തോടെ ഒരു ജോലി സമ്പാദിച്ചു വസുന്ധര ഗ്രാമത്തോടു വിട പറയുന്നു; അകലെ ഏതോ ഒരു ഗ്രാമത്തില്‍ ജോലികിട്ടി വസുന്ധര ഗ്രാമത്തോട് യാത്ര പറയുന്ന നിമിഷം വളരെ ഹൃദ്യമായി കഥാകാരി ആവിഷ്ക്കരിക്കുന്നു.

സാധാരണ സ്ത്രീപക്ഷ കഥകളിൽ കാണുന്ന നാടകീയത ഒന്നുമില്ലാതെ ലളിതമായ ശൈലിയും നിറഞ്ഞ നർമ്മരസത്തോടെയുമാണ് സുഷമയുടെ എഴുത്ത്.

അനുബന്ധം:
ഇവിടെ എനിക്ക് സുഖം തന്നെ’ എന്നായിരുന്നു മാതൃഭൂമി വാരാന്ത്യ പതിപ്പിലെ അവസാന ലേഖനം: ക്യാൻസർ വാർഡിൽ നിന്നായിരുന്നു അത് എഴുതിയിരുന്നത്..

ഇ. പി സുഷമയെ കുറിച്ച് ‘വനിത’യിൽ വന്ന ഒരു ലേഖനം ഓർക്കുന്നു.. കൈ നിറയെ പച്ച കുപ്പി വള ഇട്ട, കൈ നിറയെ മൈലാഞ്ചിയിട്ട, അവർ പ്രസംഗിക്കുന്ന ഒരു ഫോട്ടോയും ഉണ്ടായിരുന്നു.. അവരുടെ വീട്ടിൽ ഫോട്ടോക്ക് ചുറ്റും വെച്ച പൂമ്പാറ്റകളുടെ രൂപം ഓർക്കുന്നു… ക്യാൻസർ വാർഡിൽ കിടന്ന അവരുടെ കുഞ്ഞ് കുഞ്ഞ് ആഗ്രഹങ്ങൾ സാധിപ്പിച്ചു കൊടുക്കാൻ ഓടി നടന്ന അവരുടെ ചേച്ചിയുടെ ഭർത്താവിനെ കുറിച്ചുള്ള പരാമർശം ഓർക്കുന്നു…. അവരുടെ ആ ലേഖനം മനസ്സിൽ മായാതെ കിടക്കുന്നു.

 

Send your news and Advertisements

You may also like

error: Content is protected !!